സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; വിനായകന്‍ മികച്ച നടന്‍

നാല്‍പ്പത്തിയേഴാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകനെ മികച്ച നടനായി തിരഞ്ഞെടുത്തു. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് രജീഷ വിജയന് മികച്ച നടിക്കുള്ള അവാര്‍ഡും ലഭിച്ചു.

മികച്ച ചിത്രമായി മാന്‍ഹോളും രണ്ടാമത്തെ കഥാചിത്രമായി ഒറ്റയാള്‍ പാതയും തിരഞ്ഞെടുക്കപ്പെട്ടു. മാന്‍ഹോള്‍ സംവിധാനം ചെയ്ത വിധു വിന്‍സെന്റ് ആണ് മികച്ച സംവിധായക. ജനപ്രിയവും കലാമൂല്യവുമുള്ള ചിത്രമായി മഹേഷിന്റെ പ്രതികാരം തിരഞ്ഞെടുക്കപ്പെട്ടു.

സിനിമ മന്ത്രി എ.കെ.ബാലന്‍ തിരുവനന്തപുരത്താണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. കിസ്മത്ത് ഒരുക്കിയ ഷാനവാസ് കെ.ബാവക്കുട്ടിയാണ് മികച്ച നവാഗത സംവിധായകന്‍. കമ്മിട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിന് മണികണ്ഠന്‍ ആചാരിയെ മികച്ച സ്വഭാവ നടനായും ഒലപ്പീപ്പിയിലെ അഭിനയത്തിന് വികെ കാഞ്ചനയെ മികച്ച സ്വഭാവ നടിയായും തെരഞ്ഞെടുത്തു.

കാംബോജിയിലെ ഗാനരചന നിര്‍വഹിച്ച ഒ.എന്‍.വി.കുറുപ്പാണ് മികച്ച ഗാനരചയിതാവ്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ എം.ജയചന്ദ്രന്‍ മികച്ച സംഗീയ സംവിധായകനുമായി. കറുത്ത ജൂതന്‍ എന്ന ചിത്രത്തിന് കഥയൊരുക്കിയ സലിംകുമാര്‍ മികച്ച കഥാകൃത്തായി തെരഞ്ഞെടുക്കപ്പെട്ടു. കാട് പൂക്കുന്ന നേരം എന്ന ചിത്രത്തിലെ മനോഹര ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത എം.ജെ.രാധാകൃഷ്ണന്‍ മികച്ച ഛായാഗ്രാഹകനായി.

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ച ശ്യാം പുഷ്‌കരന്‍ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഗപ്പിയിലെ അഭിനയത്തിന് ചേതന്‍ ജയലാല്‍ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. കോലു മിഠായി മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. സൂരജ് സന്തോഷ് മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരവും ചിത്ര മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി. ഛായാഗ്രാഹകനും സംവിധായകനുമായ എ കെ ബീര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്.