വിടപറഞ്ഞത്‌ വേഗതയുടെ രാജകുമാരന്‍

ചെങ്ങന്നൂര്‍: കഴിഞ്ഞ ദിവസം റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ഉണ്ടായ അപകടത്തില്‍ പൊലിഞ്ഞത് കാശ്മീരില്‍ നിന്നും കേരളത്തിലേക്ക് കാര്‍ ഓടിച്ചു ലിംകാ ബുക്ക്‌ ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ ചെറുപ്പക്കാരന്‍. കശ്മീരിലെ ലെ മുതല്‍ കന്യാകുമാരി വരെ 58 മണിക്കൂര്‍ 52 മിനുട്ട് കൊണ്ട് കാര്‍ ഓടിച്ചെത്തിയാണ് വിനു കുര്യന്‍ ജേക്കബ്‌ റെക്കോര്‍ഡ്‌ സ്ഥാപിച്ചത്. 13 സംസ്ഥാനങ്ങളിലൂടെ 3888 കിലോമീറ്റര്‍ ആയിരുന്നു യാത്ര..തിരുവല്ല കുറ്റൂര്‍ സ്വദേശിയാണ്. അനുജനെയും , സുഹൃത്തിനെയും യാത്രയില്‍ ഒപ്പം കൂട്ടിയാണ് വേഗതയിലെ രാജകുമാരന്‍ തന്റെ സ്വപ്നം നേടിയെടുത്തത്.

കഴിഞ്ഞ ബുധനാഴ്ച വെളുപ്പിന് 12.30 സുഹൃത്തിനെ വിവാഹ വീട്ടില്‍ നിന്ന് മടങ്ങിയ ശേഷം, ചെങ്ങന്നൂരില്‍ – തിരുവല്ലാ ദിശയിലേക്കു ബൈക്കില്‍ വരുകയായിരുന്നു വിനു. എതിര്‍ ദിശയില്‍ വന്ന ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. പോലീസെത്തി ആശുപത്രില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുറ്റൂരില്‍ വ്യാപാരിയാണ് പിതാവ് ജേക്കബ്‌ കുര്യന്‍. സഹോദരനും യാത്രയിലെ സന്തത സഹചാരിയുമായ ജോ ജേക്കബ്‌ ഏറ്റുമാനൂരില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരന്‍ ആണ്.ഇളയ സഹോദരന്‍ ക്രിസ് ജേക്കബ്‌ തിരുവല്ല മാര്‍ത്തോമ സ്കൂള്‍ നാലാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയും.

യാത്രയുടെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:

https://youtu.be/RuRCcfOersQ

കുറ്റൂര്‍ ബോയ്സ് എന്നറിയപ്പെട്ട കൂട്ടാതെ വേഗതയുടെ പര്യായമാക്കി മാറ്റിയത് വിനു ആയിരുന്നു. കന്യാകുമാരിയില്‍ നിന്ന് തുടങ്ങി ലേ യില്‍ എത്തി ,തിരികെ കന്യാകുമാരിയില്‍ എത്തുന്ന റൗണ്ട് ട്രിപ്പ്‌ ആയിരുന്നു കശ്മീരിന് പുറപ്പെടുമ്പോള്‍ ഇവരുടെ ലക്ഷ്യം. എന്നാല്‍ തമിഴ് നാട്ടില്‍ പെട്ടന്നുണ്ടായ രാഷ്ട്രീയ കോലാഹലം ,പദ്ധതികള്‍ മാറ്റിമറിച്ചു. അഴിമതിക്കേസില്‍ ജയലളിതയെ ശിക്ഷിച്ച വിധിയെ തുടര്‍ന്ന് തമിഴകം ഇളകി മറിഞ്ഞതോടെ ലെ യില്‍ എത്തിയ കുറ്റൂര്‍ ബോയ്സ് ഒരു ദിവസത്തെ ഇടവേളക്കു ശേഷം ആ യാത്ര ആരംഭിച്ചു.

കല്ലും, മലയും താണ്ടി , പ്രാണവായു കിട്ടാത്ത ഇടങ്ങളിലൂടെ മുന്നോട്ടു കുതിക്കുമ്പോള്‍ വഴിയില്‍ ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുന്ന യാത്രികനെ സഹായിക്കാനും ഇവര്‍ മറന്നിരുന്നില്ല. ഡിഫെന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ ഓള്‍റ്റിറ്റൂഡിന് മുന്‍പില്‍ നിന്നാരംഭിച്ച പ്രയാണം ഊഴം വച്ച് മൂവരും മാറിമാറി വാഹനം ഓടിച്ചു കന്യാകുമാരിയില്‍ എത്തുമ്പോള്‍ ലിംകാ ബുക്ക്‌ ഓഫ് റെക്കോര്‍ഡില്‍ കയറിക്കഴിഞ്ഞിരുന്നു വിനുവും ,കുറ്റൂര്‍ ബോയ്സും.2014 ഒക്ടോബര്‍ 5 നായിരുന്നു ആ യാത്ര.

ഒടുവില്‍ വിടപറയുമ്പോള്‍ അങ്ങ് ആകാശത്തിരുന്നു ,ഇങ്ങു ഭൂമിയിലെ വേഗതയുടെ ആരാധകരെ ആവേശത്തില്‍ ആറാടിക്കും വിനു ഇനിയും…