വിഎസിന്റെ അച്ചടക്കലംഘനങ്ങള്‍ സിപി‌എം പൊറുക്കുന്നു

വി.എസ് അച്യുതാനന്ദന്റെ അച്ചടക്കലംഘനങ്ങള്‍ സിപി‌എം പി.ബി കമ്മിഷന്‍ പൊറുക്കുന്നു.

വിഎസിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട സംസ്ഥാന നേതൃത്വത്തിന്റെ പരാതി പരിശോധിക്കുന്ന പി.ബി കമ്മിഷന്റെ നടപടികൾ അദ്ദേഹത്തിനെതിരെ നടപടി ഇല്ലാതെ തന്നെ പൂർത്തിയാക്കിയേക്കും.

വി.എസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കേന്ദ്ര കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും. 2013ലാണ് വി.എസ് അച്യുതാനന്ദനെതിരെ സി‌പി‌എം കേന്ദ്രകമ്മിറ്റി പിബി കമ്മിഷനെ നിയമിച്ചത്.

പിണറായി വിജയന്‍ ഏകാധിപതിയെ പോലെ പെരുമാറുന്നു തുടങ്ങിയ ആരോപണങ്ങളാണ് വി.എസ് മാധ്യമങ്ങളിലൂടെ ഉയര്‍ത്തിയത്. ഇത് പിന്നീട് സംസ്ഥാന സമിതിയും സംസ്ഥാന സെക്രട്ടേറിയറ്റും ചര്‍ച്ച ചെയ്ത് വി.എസിനെതിരെ അച്ചടക്ക നടപടി വേണമെന്ന പ്രമേയം തയാറാക്കുകയും ചെയ്തു. ഇത് പരിഗണിച്ച കേന്ദ്ര കമ്മിറ്റിയോഗം ഒരു പി.ബി കമ്മിഷനെ നിയോഗിക്കുകയായിരുന്നു.

നാളെ കമ്മിഷന്റെ റിപ്പോര്‍ട്ട് പി.ബിയില്‍ വയ്ക്കും. ഈ റിപ്പോര്‍ട്ടില്‍ വി.എസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് സൂചന.

വി.എസിന്റെ പരാതിയില്‍ ചില കഴമ്പുകളുണ്ടെങ്കിലും പാര്‍ട്ടിയില്‍ ഐക്യം വേണമെന്ന നിലപാടിലാണ് പാര്‍ട്ടി. അതിനാല്‍ ഐക്യം തകര്‍ക്കുന്ന നടപടികള്‍ വി.എസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന നിര്‍ദേശമായിരിക്കും പി.ബി കമ്മിഷന്‍ നല്‍കുക.

ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ജനറൽ സെക്രട്ടറി വിളിച്ചിട്ടും തിരിച്ചു വരാതിരിക്കുകയും ചെയ്തത് ഉൾപ്പെടെയുള്ള കുറ്റങ്ങളും വി.എസിനെതിരെ പി.ബി കമ്മിഷന്റെ മുമ്പിലുണ്ട്.