വി.എസിന്‌ ചെറുപ്പം തന്നെ

6x492 വയസിലും വി.എസിന്‌ ചെറുപ്പം തന്നെ. പിറന്നാള്‍ ദിനത്തിലും പ്രത്യേകിച്ച്‌ ആഘോഷങ്ങളുണ്ടായില്ല. അതിരാവിലെയുള്ള യോഗ, നടത്തം ഉള്‍പ്പെടെയുള്ള വ്യായാമങ്ങള്‍ക്കും ശേഷം പത്രപാരായണം. പതിവുപോലെ രാവിലെ മുതല്‍ നിവേദനങ്ങളുമായി വി.എസിനെ കാണാന്‍ സന്ദര്‍ശകരെത്തി. ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചു നടത്തുന്ന സമരത്തിന്റെ ഉദ്‌ഘാടകനായി വി.എസിനെ ക്ഷണിക്കാനാണ്‌ എയ്‌ഡഡ്‌ സ്‌കൂള്‍ അധ്യാപകരെത്തിയത്‌. പരാതികള്‍ സശ്രദ്ധം കേട്ട ശേഷം ഉദ്‌ഘാടനത്തിനു വരാമെന്നു വി.എസിന്റെ ഉറപ്പ്‌.
രാവിലെ മുതല്‍ കന്റോണ്‍മെന്റ്‌ ഹൗസില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തി ഭാര്യ വസുമതി നല്‍കിയ മധുരം കഴിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കും പായസം നല്‍കാന്‍ പതിവു നിര്‍ദേശം. മക്കള്‍ക്കും ചെറുമക്കള്‍ക്കുമൊപ്പം ഉച്ചയൂണ്‌. ഇത്രയിലുമൊതുങ്ങി പിറന്നാള്‍ ആഘോഷം. കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി അടക്കം നിരവധി പ്രമുഖര്‍ ഫോണിലൂടെ വി.എസിന്‌ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. സി.പി.എം. സംസ്‌ഥാന സമിതി അംഗം എം.വിജയകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി ആശംസ അര്‍പ്പിച്ചു.