‘അരുവിപ്പുറം പ്രതിഷ്ഠ നടന്ന മണ്ണിൽ ചവിട്ടിനിന്ന് ആചാരം മാറ്റാന്‍ സമ്മതിക്കില്ലെന്ന് പറയാൻ ചെന്നിത്തലയ്ക്കു നാണമില്ലേ?’;വി.എസ്!

സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസും ബിജെപിയും പരസ്പരം കൈകോര്‍ത്തു കൊണ്ട് ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നതെന്ന് ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. പുന്നപ്ര- വയലാര്‍ രക്തസാക്ഷിത്വത്തിന്റെ 72-ാമത് വാര്‍ഷിക വാരാചരണത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി മാറി കഴിഞ്ഞു. ശബരിമല വിഷയത്തില്‍ ബിജെപി എന്താണോ പറയുന്നത്, അത് ഏറ്റുപാടുകയെന്നതാണ് കോണ്‍ഗ്രസിന്റെ പണി. ചരിത്രത്തിലെ വലിയ ആചാര ലംഘനമായിരുന്നു ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ. അതു നടന്ന മണ്ണില്‍ ചവിട്ടിനിന്ന് ആചാരം മാറ്റാന്‍ സമ്മതിക്കില്ലെന്ന് പറയാന്‍ രമേശ് ചെന്നിത്തലയ്ക്കു നാണമില്ലേ?’ – വി.എസ് ചോദിച്ചു.
ആദ്യം സുപ്രീംകോടതി വിധിയെ ഇരുകൂട്ടരും പിന്തുണച്ചു. പിന്നീട് ഒരു കലക്കു കലക്കിയാല്‍ 10 വോട്ടുപിടിക്കാം എന്ന വക്രബുദ്ധി വന്നതോടെ ബിജെപി മലക്കം മറിഞ്ഞു. കോണ്‍ഗ്രസും അതേ നിലപാടു തന്നെ സ്വീകരിച്ചു. വീണ്ടുമൊരു വിമോചന സമരത്തിനു സാധ്യതയുണ്ടോയെന്നു നോക്കി പ്രശ്‌നം വെച്ചു നടക്കുകയാണ് രണ്ടു കൂട്ടരും.
സ്ത്രീകള്‍ക്ക് ശബരിമലക്ഷേത്രത്തില്‍ കയറാമെന്നു പറഞ്ഞത് ഉന്നത നീതിപീഠമാണ്. അല്ലാതെ, സംസ്ഥാന സര്‍ക്കാരല്ല. ആര്‍ക്കെതിരേയാണ് സമരമെന്ന് ബിജെപിക്കാര്‍ സമരത്തിന് കൊണ്ടുവരുന്ന പാവം സ്ത്രീകളോടെങ്കിലും പറയണം. വൈക്കം സത്യാഗ്രഹസമയത്ത് ഗാന്ധിജിയെയും കൂട്ടരെയും അകത്തേക്ക് കയറ്റാതെ വേറെ ഇരിപ്പിടം ഉണ്ടാക്കിയവരാണ് തന്ത്രിമാര്‍. അവരുടെ പിന്മുറക്കാരാണ് ശബരിമലയില്‍ സ്ത്രീകളെ ആക്രമിക്കുന്നത്.

സംഘപരിവാര്‍ സംഘടനകളും കേന്ദ്രസര്‍ക്കാരും വര്‍ഗീയ ചേരിതിരിവുണ്ടാക്കി സാമൂഹികജീവിതം കലാപകലുഷിതമാക്കുകയാണ്. അങ്ങിനെ വര്‍ഗീയധ്രുവീകരണം ഉണ്ടാക്കി അധികാരം ഉറപ്പിക്കുകയാണ് അവരുടെ തന്ത്രം. പുന്നപ്ര-വയലാറിന്റെ കാലഘട്ടത്തിലെപ്പോലെയുള്ള ഇടപെടല്‍ നടത്തേണ്ട സാഹചര്യം ഇപ്പോഴുണ്ടെന്നും വി.എസ്. പറഞ്ഞു.

Show More

Related Articles

Close
Close