പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

വയനാട് യത്തീംഖാന പീഡനക്കേസില്‍ കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പീഡനത്തിനിരയായ ഏഴുപേരും എട്ടിലും ഒമ്പതിലും പഠിക്കുന്ന കുട്ടികളാണ്്. മധുരപലഹാരം നല്‍കി പ്രലോഭിപ്പിച്ച് കടയിലെത്തിച്ചാണ് വയനാട് യത്തീംഖാനയിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചതെന്ന് മൊഴി.

ജനുവരി മുതല്‍ ഇത്തരത്തില്‍ പലതവണ പീഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി. ഏഴു പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് 11 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. പോക്‌സോ അടക്കമുളള വകുപ്പുകളിലാണു കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതുകൊണ്ടു പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയായി്ട്ടുണ്ടോയെന്ന സംശയം സമൂഹികനീതി വകുപ്പിനുണ്ട്. കുട്ടികള്‍ക്ക് കൂട്ടമായി കൗണ്‍സിലിംഗ് നടത്താനും സാമൂഹികനീതി വകുപ്പ് ആലോചിക്കുന്നുണ്ട്. ഹോസ്റ്റലിലേക്ക് പോകും വഴിയാണ് പെണ്‍കുട്ടികള്‍ പീഡനത്തിരയാക്കിയത്.

പെണ്‍കുട്ടികളെ കടയിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. യത്തീംഖാനയിലെ പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപമാണ് ഈ കട. കടയില്‍ നിന്ന് ഒരു പെണ്കുട്ടി ഇറങ്ങി വരുന്നത് കണ്ട് സംശയം തോന്നിയ ഇവരെ പഠിപ്പിക്കുന്ന അധ്യാപകര്‍ വിവരം യത്തീംഖാന അധികൃതരെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിവരം പുറത്തായത്. മൊബൈല്‍ ഫോണില്‍ അശ്ലീല വിഡിയോ കാണിച്ചെന്നും പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി.