വിവാഹമോചനത്തിന് ശേഷം ഭര്‍ത്താവിനെതിരെ സ്ത്രീധന പീഡനത്തിന് പരാതി നല്‍കാനാവില്ല: സുപ്രീം കോടതി

വിവാഹമോചനത്തിന് ശേഷം ഭര്‍ത്താവിനെതിരെയോ വീട്ടുകാര്‍ക്കെതിരെയോ സ്ത്രീപീഡനത്തിന് പരാതി നല്‍കാനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498 എ വകുപ്പും സ്ത്രീധന നിരോധന നിയമത്തിലെ വ്യവസ്ഥകളും വിവാഹമോചനം നേടിയ ദമ്പതിമാരുടെ കാര്യത്തില്‍ നിലനില്‍ക്കുന്നില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ജസ്റ്റിസുമാരായ എസ് എ ബോബ്ഡെയും എല്‍ നാഗേശ്വരറാവുവും അടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വിവാഹമോചിത മുന്‍ ഭര്‍ത്താവിനെതിരെ സ്ത്രീപീഡന പരാതി നല്‍കിയാല്‍ ശിക്ഷാ നിയമം 498 എ പ്രാകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും, 1961ലെ സ്ത്രീധന നിരോധന നിയമത്തിലെ 3/4 വകുപ്പുകള്‍ പ്രകാരമുള്ള കേസ് എടുക്കാന്‍ സാധിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. നിയമപ്രകാരം വിവാഹമോചിതരായവര്‍ നിയമത്തിനു മുന്നില്‍ ഭാര്യാഭര്‍ത്താക്കന്‍മാരല്ലെന്നും കോടതി ചൂണ്ടികാട്ടി.

മുന്‍ ഭാര്യ സമര്‍പ്പിച്ച സ്ത്രീധന പീഡനക്കേസിലെ പ്രതിസ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഈ കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്.