ലോക ഹോക്കി ലീഗ്; അര്‍ജന്റീനയോട് തോറ്റ് ഇന്ത്യ പുറത്ത്

ലോക ഹോക്കി ലീഗില്‍ ചരിത്രം കുറിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹത്തിന് സെമിയില്‍ അന്ത്യം. അര്‍ജന്റീനയോട് 1-0ന് തോറ്റ് ഇന്ത്യ പുറത്തായി. 17ാം മിനിറ്റിലെ പെനാല്‍റ്റി കോര്‍ണറിലാണ് അര്‍ജന്റീന ഫൈനലിലേക്കുള്ള ഗോളാക്കി മാറ്റിയത് കോരിച്ചൊരിയുന്ന മഴയത്ത് കളി തുടങ്ങിയപ്പോള്‍ ആദ്യം മുതല്‍ ഇന്ത്യക്ക് താളം നഷ്ടമായി. അര്‍ജന്റീനയുടെ പ്രത്യാക്രമണങ്ങളെ പ്രതിരോധിച്ച്മുന്നേറിയെങ്കിലും 17ാം മിനിറ്റില്‍ ലഭിച്ച പനാല്‍റ്റി കോര്‍ണര്‍ വലയിലെത്തിച്ച് ആതിഥേയരെ അട്ടിമറിച്ചു.

സ്‌റ്റോപ്പര്‍ ഒരുക്കിക്കൊടുത്ത പന്തില്‍ ഗോണ്‍സാലോ പീല്ലറ്റ് സ്‌കോര്‍ ചെയ്യുകയായിരുന്നു. ഒരു ഗോളിന് പിന്നിലായതോടെ ഇന്ത്യ ആക്രമണം കനപ്പിച്ചു. എന്നാല്‍, ഒരു ഗോളിന് ജയിക്കാനായിരുന്നു അര്‍ജന്റീനയുടെ കണക്കുകൂട്ടല്‍. ഇന്ത്യയുടെ മുന്നേറ്റങ്ങളെ സംഘമായി തടഞ്ഞു. മഴയെ വകവെക്കാതെ നിറഞ്ഞുനിന്ന കാണികളുടെ പിന്തുണയില്‍ സമനിലക്കായി ഇന്ത്യ നിറഞ്ഞു കളിച്ചെങ്കിലും നനവേറിയ മൈതാനത്ത് അര്‍ജന്റീനയുടെ വലകുലുക്കാന്‍ ഇന്ത്യക്കായില്ല. ശനിയാഴ്ച നടക്കുന്ന ആസ്‌ട്രേലിയ-ജര്‍മനി മത്സരവിജയികള്‍ അര്‍ജന്റീനയെ ഫൈനലില്‍ നേരിടും. ഇന്ത്യക്കിനി മൂന്നാം സ്ഥാനത്തിനായി മത്സരിക്കണം.