യുവമോര്‍ച്ച മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ്ജും, ഗ്രനേഡ് പ്രയോഗവും:ആറുപേര്‍ക്ക് പരിക്ക്

അഭിമന്യു കൊലപാതകം എന്‍ ഐ എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്  യുവമോര്‍ച്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക്  നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജിലും, ഗ്രനേഡ് പ്രയോഗത്തിലും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ പ്രകാശ് ബാബു അടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു. അഭിമന്യു കൊലപാതകം എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. അനാവശ്യമായി ലാത്തിച്ചാര്‍ജ് നടത്തിയതിനെപ്പറ്റി അന്വേഷണം നടത്താമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയില്‍ പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്‍കി.

കൊല്ലം ജില്ലാ സെക്രട്ടറി വിശാഖ്, ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്റ് വിമേഷ്, ശ്രീകാര്യം ഏരിയ പ്രസിഡന്റ് സായ് പ്രശാന്ത്, പ്രവര്‍ത്തകരായ അമല്‍, ശ്രീലാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ അമലിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഗ്രനേഡ് പൊട്ടിത്തെറിച്ച് വിമേഷിന് കണ്ണിന് പരുക്കേറ്റു.ഇയാളെ കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാന അധ്യക്ഷന്‍ അഡ്വ പ്രകാശ് ബാബുവിനും പരുക്കേറ്റു. പ്രവർത്തകരെ രക്ഷിക്കാൻ ശ്രമിച്ച യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രകാശ് ബാബുവിനെ പൊലീസ് വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു.

ഇതിനിടെ  അഡ്വ:പ്രകാശ് ബാബുവിനെ ,ബോധപൂര്‍വം പോലിസുകാരിലൊരാള്‍ അടിക്കാന്‍ ശ്രമിച്ചെന്ന ആരോപണം പ്രവര്‍ത്തകര്‍ ഉന്നയിച്ചത് ,തര്‍ക്കത്തിനിടയാക്കി. തുടര്‍ന്ന് ഉയര്‍ന്ന ഉദ്ധ്യോഗസ്ഥര്‍ അന്വേഷിക്കാമെന്ന ഉറപ്പിലാണ് രംഗം ശാന്തമായത്.

തീവ്രവാദത്തിനെതിരെ ചുവരെഴുതാൻ മാത്രമേ എസ്എഫ്ഐക്കും ഡിവൈഎഫ്ഐക്കും ശേഷിയുള്ളുവെന്ന് പ്രകാശ്ബാബു പറഞ്ഞു. ജീവൻ പോയാലും തീവ്രവാദത്തിനെതിരെ യുവമോർച്ച പോരാടും. അഭിമന്യുവിന്‍റെ കൊലപാതകികളുടെ പേര് പറയാൻ പോലും ഇടത് വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലാതായി. മഹാരാജാസ് കോളേജിലെ അനൂജയുടെ മരണത്തിന് ഉത്തരാവാദികളായവർ തന്നെയാണ് അഭിമന്യുവിന്‍റെ കൊലപാതകത്തിന് പിന്നിലും. അന്ന് എബിവിപിയും യുവമോർച്ചയും ചൂണ്ടിക്കാണിച്ച കാര്യം അന്വേഷിച്ചിരുന്നെങ്കിൽ ഇന്ന് അഭിമന്യുവിന് ജീവൻ നഷ്ടമാകില്ലായിരുന്നു. തീവ്രവാദത്തിനെതിരെ ജനമനസാക്ഷി ഉണര്‍ത്താൻ ആഗസ്റ്റ് 1 മുതൽ 10 വരെ നിയോജക മണ്ഡല തലങ്ങളിൽ യുവമോർച്ച പ്രക്ഷോഭ പരിപാടികൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.