സാഹസികതയ്ക്ക് വയനാട് നിങ്ങളെ മാടി വിളിക്കുന്നു; ടൂറിസത്തിന് ഉണര്‍വേകാന്‍ മലബാറിലെ ഏറ്റവും നീളം കൂടിയ സിപ് ലൈന്‍ ബാണാസുരയില്‍

പ്രളയത്തിനു ശേഷം വയനാടന്‍ ടൂറിസത്തിന് ഉണര്‍വേകാന്‍ ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം പദ്ധതി പ്രദേശത്ത് ലോകോത്തര നിലവാരത്തില്‍ സിപ് ലൈന്‍ ഒരുങ്ങി. ആദ്യയാത്ര നടത്തി സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പദ്ധതി സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു. എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് മലബാറിലെ തന്നെ ഏറ്റവും നീളം കൂടിയ സിപ് ലൈന്‍ 400 മീറ്ററിലാണ് ഒരുക്കിയിരിക്കുന്നത്.

ബാണാസുരസാഗര്‍ അണക്കെട്ടിന്റെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനോടൊപ്പം സാഹസികതയ്ക്കും വിനോദത്തിനും പുതിയ അനുഭവമായിരിക്കും സിപ് ലൈന്‍ യാത്ര സമ്മാനിക്കുക. ഏകദേശം 15 ലക്ഷം രൂപ ചെലവഴിച്ച് ഒന്നരമാസം മുമ്പാണ് പ്രവൃത്തികളാരംഭിച്ചത്. സിപ് ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമായതോടെ ബാണാസുര ഹൈഡല്‍ ടൂറിസം കേന്ദ്രത്തിനു പ്രതിമാസം ശരാശരി മൂന്നു ലക്ഷത്തോളം രൂപ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വയനാട്ടിലെ ടൂറിസം അനുഭവങ്ങള്‍ക്ക് പുതിയ മുഖച്ഛായ നല്‍കുന്നതിനൊടൊപ്പം സിപ് ലൈന്‍ പദ്ധതി സര്‍ക്കാരിന്റെ മലബാര്‍ ടൂറിസം വികസന പദ്ധതികള്‍ക്കും ഊര്‍ജം പകരും. പ്രളയനാന്തരം  മന്ദഗതിയിലായ ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകാന്‍ സിപ് ലൈന്‍ പദ്ധതി ഉപകരിക്കുമെന്ന് കേരള ഹൈഡല്‍ ടൂറിസം ഡയറക്ടര്‍ കെ.ജെ ജോസഫ് പറഞ്ഞു.

Show More

Related Articles

Close
Close