അഞ്ചാം ദിനം

5

ദുര്‍ഗാ മനോജ്

രാമന്റെ അഭിഷേകം! അതൊന്ന് മാത്രമാണ് ദശരഥന്റെ മനസ്സില്‍ ഇപ്പോള്‍. രാമനോളം പ്രിയങ്കരമായ യാതൊന്നും ദശരഥന് ഈ ഭൂമിയില്‍ ഇല്ല. ഇപ്പോള്‍ ഇത്രയധികം സന്തോഷം അത് പങ്കുവയ്‌ക്കേണ്ടത് ആരോടാണ്? ”എന്തിനിത്ര സന്ദേഹം? പ്രിയ പത്‌നി കൈകേയിയോടു തന്നെയാകണം അത് ആദ്യം പറയേണ്ടത്. തന്റെ പ്രിയപത്‌നിയാണവള്‍. അവള്‍ക്കും ഏറെ പ്രിയം രാമാനോടാണ്. ഈ വാര്‍ത്ത കേട്ടാല്‍ കൂടുതല്‍ ആഹ്ലാദം അവള്‍ക്കുതന്നെയാകും. ഇങ്ങനെ നൂറുചിന്തകള്‍ ചിന്തിച്ച് ചിന്തിച്ച് കൈകേയിയുടെ അന്തഃപ്പുരവാതില്‍ക്കല്‍ എത്തിയത് ദശരഥന്‍ അറിഞ്ഞില്ല. ”എവിടെ……? കാണുന്നില്ലല്ലോ….. രാമാഭിഷേകം എന്ന ശുഭവാര്‍ത്തയില്‍ മുങ്ങി നാടും നഗരവും ഉത്സാഹത്തിമിര്‍പ്പിലാറാടുമ്പോള്‍ എവിടെ എന്റെ പ്രിയ പത്‌നി കൈകേയി……..? ഇന്നുവരെ ഒരിക്കല്‍പ്പോലും അന്തഃപ്പുരത്തില്‍ കൈകേയി ഇല്ലാതിരുന്നിട്ടില്ല. തന്റെ വരവും കാത്ത് ഇരിക്കാറുള്ള ആള്‍ ഇന്നെവിടെ? അപ്പോഴേക്കും ഒരു ഭൃത്യ വന്നു പറഞ്ഞു ”പ്രഭോ മഹാറാണി ക്രോധത്താലും താപത്താലും കരഞ്ഞുകൊണ്ട് വെറുംനിലത്ത് കിടക്കുകയാണ്. താങ്കള്‍ അകത്തേക്ക് വരൂ……”
ദശരഥന്‍ അത് കണ്ടു. നിലത്ത് ചിതറിയ സ്വര്‍ണ്ണാഭരണങ്ങള്‍ രാത്രിയില്‍ ആകാശത്ത് ചിതറിയ നക്ഷത്രങ്ങളെപ്പോലെ ജ്വലിക്കുന്നു. അവയ്ക്കിടയില്‍ മുടിയഴിച്ചിട്ട് ശോകാര്‍ത്തമായ തന്റെ പ്രിയസഖി കൈകേയി……!
”ആരാണ് ഭവതിയോട് തെറ്റ് പ്രവര്‍ത്തിച്ചത്….? എന്തിനാണ് ഈ താപം……? പറയൂ… ആര് തന്നെ ഭവതിക്ക് സങ്കടമുണ്ടാക്കി എന്നാലും അവനെ ഞാന്‍ ഈ നിമിഷം ഹനിക്കും…..പറയൂ…..” ആര്‍ത്തനായ ദശരഥന്‍ കൈകേയിയുടെ വാടിയ താമരപ്പൂപോലുള്ള മുഖം പിടിച്ചുയര്‍ത്തി ചോദിച്ചു.
ചിതറിയ മുടി മാടിയൊതുക്കി വിങ്ങിയ കരച്ചില്‍ തൊണ്ടയില്‍ കുടുക്കി കൈകേയി പറഞ്ഞു….. ”പ്രഭോ അങ്ങ് രാജാവായിരിക്കുമ്പോള്‍ ആര്‍ക്കാണ് എന്നെ സങ്കടപ്പെടുത്താനാകുക? പക്ഷേ ഇത് എനിക്ക് സഹിക്കാനാകില്ല. സപത്‌നി രാജമാതാവാകുന്നത് കാണുവാനുള്ള ദുര്യോഗമാണ് എനിക്ക് വിധിച്ചിരിക്കുന്നത് അങ്ങ്. ഇതിലും ഭേദം വല്ല വിഷവും തിന്ന് ഒടുങ്ങുകയാണ്. അത് തന്നെയാണ് ഞാന്‍ ചെയ്യാന്‍ പോകുന്നതും. പണ്ട് യുദ്ധത്തില്‍ ശത്രുബാണമേറ്റ് മോഹാലസ്യപ്പെട്ട അങ്ങയെ പരിചരിച്ച എനിക്ക് അന്ന് അങ്ങ് രണ്ട് വരങ്ങള്‍ നല്കിയിരുന്നു. ഇന്ന് എന്റെ ദുഃഖത്തിന് അറുതി വരണമെങ്കില്‍ അങ്ങ് ആ വരങ്ങള്‍ എനിക്ക് നല്കുക. ആദ്യത്തെ വരമായി എന്റെ മകന്‍ ഭരതനെ യുവരാജാവാക്കുക. രണ്ടാമത്തെ വരമായി രാമനെ പതിനാലുവര്‍ഷം ദണ്ഡകാര്യണ്യത്തിലേക്ക് അയയ്ക്കുകയും വേണം. എന്താ സമ്മതമാണോ രാജന്‍? എന്നാല്‍ എന്റെ സങ്കടത്തിന് ശമനമുണ്ടാകും.”

പട്ടാഭിഷേക വിഘ്നം
പട്ടാഭിഷേക വിഘ്നം

ദശരഥ മഹാരാജാവ് ഒരുനിമിഷം കേട്ടത് വിശ്വസിക്കാനാകാതെ സ്തബ്ദനായി. കൈകേയി തന്നെയാണോ ഇതുപറയുന്നത്? ഭരതനേക്കാള്‍ പ്രിയം രാമനോടെന്നു പറഞ്ഞിരുന്ന കൈകേയി…..? ഈ വൃദ്ധനെ നീ കഷ്ടത്തിലാക്കരുത്. ഇത്തരം ക്രൂരവാക്കുകള്‍ തമാശയായിപ്പോലും പറയാതിരിക്കുക. ഈ ലോകത്തുള്ള എന്തും നിനക്ക് ആവശ്യപ്പെടാം ഇതിന് പകരമായി….

പക്ഷേ, കൈകേയി ഒരല്പം പോലും പിന്മാറാന്‍ കൂട്ടാക്കിയില്ല. ”ഇല്ല ലോകം അറിയട്ടെ ദശരഥ രാജാവ് കൈകേയിയോട് കാട്ടുന്ന വഞ്ചന. വാക്ക് പാലിക്കാത്തവനാണ് അങ്ങ് എന്ന് ലോകം മുഴുവന്‍ അറിയട്ടെ. ഞാന്‍ വിഷംകുടിച്ച് മരിക്കാന്‍ പോകുന്നു…..” കൈകേയിയുടെ ക്രൂരമായ വാക്കുകള്‍ കേട്ട് വൃദ്ധനായ ദശരഥന്‍ കൈകേയിയെ നല്ല വാക്കുകൊണ്ടും ദേഷ്യപ്പെട്ടും സങ്കടം പറഞ്ഞും ഒക്കെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഒരു ഫലവും കിട്ടാതെ ആ രാത്രി മുഴുവനും ആ വൃദ്ധന്‍ രാമാ എന്ന് വിലപിച്ച് കിടന്നു.
നേരം പുലര്‍ന്നു. രാജ്യമെങ്ങും അഭിഷേക മഹോത്സവത്തിന് ഒരുങ്ങി. രാജാവ് പുറത്തേക്ക് വരുന്നില്ല. ഒടുവില്‍ വസിഷ്ഠന്‍ സുമന്ത്രരെ മഹാരാജാവിനെ കൂട്ടുവാനായി അന്തഃപ്പുരത്തിലേക്കയച്ചു. കൈകേയി, സുമന്ത്രരോട് രാമനെ കൂട്ടിവരുവാന്‍ ആവശ്യപ്പെട്ടു. സുമന്ത്രന്‍ രാമനോട് അച്ഛന്‍ കാണുവാന്‍ ആഗ്രഹിക്കുന്ന വിവരം ധരിപ്പിച്ചു. രാമന്‍ സൂര്യതേജസ്സോടെ സീതയോട് യാത്രപറഞ്ഞ് അതിവേഗം പായുന്ന തീപോലെ തിളങ്ങുന്ന തേരില്‍ ലക്ഷ്മണനുമൊത്ത് അച്ഛന്റെ അടുത്തേക്ക് പുറപ്പെട്ടു. പോകുന്ന വഴിയിലെല്ലാം ജനങ്ങള്‍ ആ ജ്വലിക്കുന്ന സൗന്ദര്യം കണ്ട് മതിവരാതെ തേര് മറയുവോളം നോക്കി നിന്നു. എല്ലാവരും ഒരേസ്വരത്തില്‍ പറഞ്ഞു. ഇത് അയോധ്യാനിവാസികളുടെ ഭാഗ്യമാണ്. രാമന്‍ രാജാവായാല്‍ നമുക്ക് ഐശ്വര്യമേ ഉണ്ടാകൂ…… രാമന്‍ കൈകേയിയുടെ അന്തഃപ്പുരത്തിലെത്തി അച്ഛന്റെ സമീപത്തേക്ക് ചെന്നു. ഇതെന്താണ് അച്ഛന്‍ അങ്ങനെ രാമാ എന്നുമാത്രം പറഞ്ഞ്……? അല്ലാ, അച്ഛന്‍ ആകെ തളര്‍ന്നിരിക്കുന്നു. കണ്ണുകളില്‍ സന്താപം നിറഞ്ഞൊഴുകുന്നു. എന്താണ് അച്ഛന് സംഭവിച്ചത്? ഇങ്ങനെ രാമന്‍ ചിന്തിച്ച് നില്ക്കുമ്പോള്‍ കൈകേയി പറഞ്ഞു. ”രാമാ അച്ഛന് അദ്ദേഹം നല്കിയ വാക്ക് പാലിക്കേണ്ടതുണ്ട്. എന്നാല്‍ അത് നിന്നോട് പറയുവാന്‍ അദ്ദേഹത്തിന് ആകുന്നുമില്ല. അതിനാണ് ഇത്ര ആര്‍ത്തനായി അദ്ദേഹം കിടക്കുന്നത്.”
”അമ്മേ….. അമ്മ പറയൂ എന്താണ് അച്ഛനുവേണ്ടി ഞാന്‍ ചെയ്യേണ്ടത്. അച്ഛന്റെ വാക്ക് ഒരിക്കലും പാഴാകില്ല. പറയൂ, എന്തും ഞാന്‍ ഉപേക്ഷിക്കും അച്ഛന്റെ വാക്ക് പാലിക്കുവാന്‍. അതുകേട്ട് കൈകേയി കാര്യങ്ങള്‍ വിശദീകരിച്ചു. ഒരു ഭാവഭേദവും കൂടാതെ അതുകേട്ട് രാമന്‍ താന്‍ കാട്ടിലേക്ക് പോകാം എന്ന് കൈകേയിക്ക് വാക്ക് കൊടുത്തു. ഇതുകേട്ട ദശരഥന്‍ വീണ്ടും രാമാ എന്ന് പറഞ്ഞുകരഞ്ഞു. രാമന്‍ പിന്നെ വൈകിയില്ല. ലക്ഷ്മണനോടൊത്ത് അവിടെനിന്നും പുറത്തുകടന്ന് അമ്മ കൗസല്യയുടെ അടുത്തേക്ക് പോയി. പുറത്താരും രാമന്റെ യുവരാജ അഭിഷേകത്തിന് തടസ്സമുണ്ട് എന്ന് അറിഞ്ഞിരുന്നില്ല. അക്ഷോഭ്യനായ രാമന്‍ കൗസല്യ ദേവിയുടെ അടുത്തുചെന്ന് ശാന്തനായി വിവരങ്ങള്‍ ധരിപ്പിച്ചു. രാമന്‍ കാട്ടിലേക്ക്…..! എന്നതുകേട്ട് അവര്‍ ബോധരഹിതയായി. അമ്മയെ താങ്ങിയെടുത്ത് ശുശ്രൂഷിച്ച് രാമന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, കൗസല്യ രാമന്‍ കാട്ടിലേക്ക് പോയാല്‍ താനും കൂടെ വരും എന്ന് വാശിപിടിച്ചു. പക്ഷേ, ഭര്‍ത്താവ് അവശനായിരിക്കുമ്പോള്‍ അദ്ദേഹത്തെ പരിചരിക്കേണ്ടത് ഭാര്യാധര്‍മ്മമാണ് എന്നുപറഞ്ഞ്, തന്റെ തീരുമാനങ്ങള്‍ക്ക് മാറ്റമില്ല എന്നും താന്‍ മടങ്ങിവരും വരെ അച്ഛനെ നന്നായി പരിചരിക്കണമെന്നും അമ്മയോട് ആവശ്യപ്പെട്ടു. മകന്റെ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ല എന്ന് മനസ്സിലാക്കിയ ആ അമ്മ ഒടുവില്‍ രാമനെ കാട്ടിലേക്ക് പോകുവാനായി വേണ്ടുന്ന കാര്യങ്ങല്‍ ഏര്‍പ്പാട് ചെയ്തു. ബ്രാഹ്മണദാനവും പൂജകളും നടത്തി. പിന്നെ രാമന്‍ തന്റെ പ്രിയപത്‌നി സീതയുടെ അടുത്തേക്ക് ചെന്നു. യുവരാജാവായി അഭിഷിക്തനായി തന്റെ ഭര്‍ത്താവ് വരുന്നതും കാത്ത് ഇരിക്കുകയായിരുന്നു സീത. പക്ഷേ, ഇതെന്ത് പറ്റി……? സീത സംഭ്രമിച്ചു. ഇങ്ങനെ ഒരു മുഖഭാവം ഇന്നോളം കണ്ടിട്ടില്ല. ഓടിവന്ന സീതയോട് രാമന്‍ കാര്യങ്ങള്‍ ഒക്കെപ്പറഞ്ഞു ഒപ്പം ഭരതനു മുന്നില്‍ ഒരിക്കലും രാമന്റെ നല്ല കാര്യങ്ങള്‍ പറയരുതെന്നും ഭരതന് അനിഷ്ടമുണ്ടാക്കുന്ന ഒന്നും ചെയ്യുവാന്‍ പാടില്ല എന്നും അച്ഛനേയും അമ്മയേയും ശുശ്രൂഷിച്ച് പൂജാദികാര്യങ്ങളില്‍ ഏര്‍പ്പെട്ട് കഴിയണമെന്നും സഹോദരങ്ങളെ അമ്മയുടെ സ്ഥാനത്ത് നിന്ന് സ്‌നേഹിക്കണമെന്നും ഉപദേശിച്ചു.
ഞെട്ടല്‍മാറി സീത കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് കഴിഞ്ഞപ്പോള്‍ ഇങ്ങനെ പറഞ്ഞു. ഞാനും വരികയാണ് അങ്ങയുടെ ഒപ്പം കാട്ടിലേക്ക്. രാമന്‍ പലവട്ടം എതിര്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ, ഒരു കാരണവശാലും സീത പിന്മാറാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ രാമന്‍ സീതയ്ക്കും തന്നോടൊപ്പം കാട്ടിലേക്ക് വരുവാന്‍ അനുവാദം നല്കി. പിന്നെ സ്വര്‍ണ്ണവും മറ്റ് വസ്തുക്കളും ബ്രാഹ്മണര്‍ക്ക് ദാനം ചെയ്ത് താപസവേഷം ധരിക്കുവാന്‍ ആവശ്യപ്പെട്ടു.

 

durga_atl@yahoo.com                                                                                                                                                             തുടരും…

1000 x 80 ad

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close