അതിര്‍ത്തിയിലെ പാക് വെടിവെപ്പ്: തിരിച്ചടിക്കാന്‍ നിര്‍ദേശം

പാകിസ്താന്റെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ലംഘനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് കേന്ദ്രം.

ജമ്മുകശ്മീരിലെ ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഭവവികാസങ്ങള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഡല്‍ഹിയില്‍ ഉന്നത ബി.എസ്.എഫ്. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ശക്തമായ തിരിച്ചടി നല്‍കാന്‍ അദ്ദേഹം ബി.എസ്.എഫ്. ഡയറക്ടര്‍ ജനറലിന് നിര്‍ദേശംനല്‍കി. ശനിയാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ആഭ്യന്തരമന്ത്രി സംഭവവികാസങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചിരുന്നു. പാകിസ്താന് ഇന്ത്യ മതിയായ മറുപടി നല്‍കുന്നുണ്ടെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും വ്യക്തമാക്കി.

പാകിസ്താന്റെ അതിര്‍ത്തിരക്ഷാസേനയായ റേഞ്ചേഴ്‌സ് ഞായറാഴ്ചയും അതിര്‍ത്തിരക്ഷാസേന (ബി.എസ്.എഫ്) പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തി. ജമ്മുവിലെ ആര്‍.എസ്. പുരയിലെ 12ഉം, അര്‍ണിയയിലെ പത്തും ബി.എസ്.എഫ്. പോസ്റ്റുകളാണ് ആക്രമണത്തിനിരയായത്. ശനിയാഴ്ച രാത്രി 10ന് ആരംഭിച്ച വെടിവെപ്പ് പുലര്‍ച്ചെ വരെ തുടര്‍ന്നു. പീരങ്കിയുള്‍പ്പടെ ദീര്‍ഘദൂര ആയുധങ്ങള്‍ ഉപയോഗിച്ചതിനാല്‍ സമീപത്തെ 28 ഗ്രാമങ്ങളും ആക്രമണഭീഷണിയിലായിരുന്നു. ബി.എസ്.എഫും പ്രത്യാക്രമണം നടത്തിയതായി സേനാവക്താവ് അറിയിച്ചു.

കഴിഞ്ഞദിവസങ്ങളിലും പാക് സേന അതിര്‍ത്തി ഗ്രാമങ്ങളിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു. രണ്ടുപേരാണ് ശനിയാഴ്ച ഇവിടെ കൊല്ലപ്പെട്ടത്. ഏതാണ്ട് ആയിരം ഗ്രാമീണരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചതായാണ് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍, ഒഴിപ്പിച്ചവരുടെ എണ്ണം മൂവായിരത്തിലേറെയാണെന്നാണ് അനൗദ്യോഗിക കണക്ക്.

നമ്മുടെ ഭൂപ്രദേശവും പൗരന്മാരെയും സംരക്ഷിക്കാന്‍ സൈന്യവും ബി.എസ്.എഫും സജ്ജരാണെന്നും പാക് ആക്രമങ്ങള്‍ക്ക് തക്ക മറുപടി നല്‍കുന്നുണ്ടെന്നും പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മാധ്യമങ്ങളോട് പറഞ്ഞു. പാക് സേന കുറച്ച് ദിവസമായി തുടര്‍ച്ചയായി പ്രകോപനം ഉണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വെടിനിര്‍ത്തല്‍കരാര്‍ ലംഘിക്കുന്നുവെന്ന ആരോപണം നിഷേധിച്ച പാകിസ്താന്‍ രണ്ട് രാജ്യങ്ങളിലെയും സൈനിക നടപടികളുടെ ചുമതലയുള്ള ഡയറക്ടര്‍ ജനറല്‍മാര്‍(ഡി.ജി.എം.ഒ) തമ്മില്‍ ചര്‍ച്ചനടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഇതിനോട് പ്രതികരിച്ചില്ല.

ഇന്ത്യ- പാക് സെക്രട്ടറിതല ചര്‍ച്ച റദ്ദാക്കിയതിന് അതിര്‍ത്തിയിലെ സാധാരണക്കാരെ പീരങ്കിയുടെ ഇരകളാക്കുകയാണെന്ന് ജമ്മുകശ്മീരിലെ ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫ്രന്‍സ് കുറ്റപ്പെടുത്തി. അതിര്‍ത്തിയിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യ- പാക് ചര്‍ച്ച പുനരാരംഭിക്കണമെന്ന് ജമ്മു പ്രവിശ്യാ അധ്യക്ഷന്‍ ദേവേന്ദര്‍സിങ് റാണ ആവശ്യപ്പെട്ടു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close