അതിസമ്പന്നര്‍ക്ക് 35 ശതമാനം നികുതിക്ക് നിര്‍ദേശം

ആദായനികുതിഘടനയില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന കരട് പ്രത്യക്ഷ നികുതി ചട്ട ബില്‍-2013 പൊതുജനാഭിപ്രായത്തിനായി ധനമന്ത്രാലയം പ്രസിദ്ധീകരിച്ചു. വര്‍ഷം 10 കോടിയിലധികം രൂപ വരുമാനമുള്ള അതിസമ്പന്നര്‍ക്ക് 35 ശതമാനം നികുതി ചുമത്തണമെന്ന് കരടില്‍ നിര്‍ദേശിക്കുന്നു.

മുതിര്‍ന്ന പൗരര്‍ക്ക് നികുതിയിളവിനുള്ള പ്രായപരിധി 65-ല്‍ നിന്ന് 60 ആക്കി കുറയ്ക്കുമെന്നും കരടില്‍ പറയുന്നു. എന്നാല്‍, ആദായനികുതി പരിധി മൂന്നുലക്ഷമാക്കി ഉയര്‍ത്തണമെന്ന പാര്‍ലമെന്റ് സമിതിയുടെ ശുപാര്‍ശ ധനമന്ത്രാലയം തള്ളി. മറ്റ് സ്ലാബുകളില്‍ ചെറിയ മാറ്റം വരുത്തണമെന്ന സമിതിയുടെ നിര്‍ദേശം 60,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി കരടില്‍ നിന്നൊഴിവാക്കി.
നിലവില്‍ മൂന്ന് സ്ലാബുകളാണുള്ളത്. രണ്ടുലക്ഷം രൂപയ്ക്ക് താഴെവരുമാനമുള്ളവരെ ആദായനികുതി നല്‍കുന്നതില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. രണ്ട് ലക്ഷത്തിനും അഞ്ചു ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ 10 ശതമാനവും അഞ്ച് ലക്ഷത്തിനും 10 ലക്ഷത്തിനുമിടയ്ക്ക് വരുമാനമുള്ളവര്‍ 20 ശതമാനവും 10 ലക്ഷത്തിനുമുകളില്‍ 30 ശതമാനവും നികുതി നല്‍കണം. കഴിഞ്ഞ കൊല്ലത്തെ ബജറ്റില്‍ ധനമന്ത്രി പി. ചിദംബരമാണ് ആദ്യമായി അതിസമ്പന്നര്‍ക്ക് നികുതി ഏര്‍പ്പെടുത്തിയത്. ഒരു കോടി രൂപയ്ക്ക് മേല്‍ വരുമാനമുള്ളവര്‍ പത്തു ശതമാനം സര്‍ചാര്‍ജ്ജ് നല്‍കണം. ഇങ്ങനെ 42,800 പേരുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. നിലവിലുള്ള മൂന്നു സ്ലാബുകള്‍ക്കു പുറമേയാണ് നാലാമതായി അതിസമ്പന്നര്‍ക്ക് 35 ശതമാനം നികുതി നിര്‍ദേശിക്കുന്നത്.

പാര്‍ലമെന്റ് സ്ഥിരം സമിതിയാണ് 10 കോടി രൂപയ്ക്കുമേല്‍ വരുമാനമുള്ളവരില്‍ നിന്ന് ഉയര്‍ന്ന നികുതിയീടാക്കണമെന്ന് നിര്‍ദേശിച്ചത്. സമിതിയുടെ 190 നിര്‍ദേശങ്ങളില്‍ 153 എണ്ണം ഉള്‍പ്പെടുത്തിയുള്ള കരടാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. അഞ്ചു പതിറ്റാണ്ട് പഴക്കമുള്ള ആദായനികുതി നിയമത്തിന് പകരമാണ് പ്രത്യക്ഷ നികുതി ചട്ടം സര്‍ക്കാര്‍ കൊണ്ടുവരുന്നത്. 2010-ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലില്‍ സമിതി വരുത്തിയ മാറ്റങ്ങളും ഉള്‍പ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചത്.

വസ്തുവില്‍ നിന്നുള്ള വരുമാനം വാണിജ്യകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെങ്കില്‍ പ്രത്യേകമായി തന്നെ നികുതി കണക്കാക്കുന്നതിന് പരിഗണിക്കും. ഭൗതിക ആസ്തിയെന്നോ ധനപരമെന്നോ ഉള്ള വ്യത്യാസമില്ലാതെ തന്നെ സ്വത്ത് നികുതി കണക്കാക്കാനാണ് കരടില്‍ നിര്‍ദേശമുള്ളത്. ഇത് നടപ്പാക്കുമ്പോള്‍ ഉയര്‍ന്ന മൂല്യമുള്ള പെയിന്റടക്കമുള്ള ആസ്തികള്‍ സ്വത്ത് നികുതിയുടെ പരിധിയില്‍ വരും. 0.25 ശതമാനം നിരക്കില്‍ സ്വത്ത് നികുതി കണക്കാക്കാനാണ് കരടില്‍ നിര്‍ദേശിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close