അത്ഭുതം പോര്‍ച്ചുഗല്‍

por amr

മരണത്തിനും പ്രതീക്ഷയ്ക്കുമിടയില്‍ പോര്‍ച്ചുഗലിന് ബാക്കിയുണ്ടായിരുന്നത് 30 സെക്കന്റ് മാത്രം. ആ നിമിഷങ്ങള്‍ക്കൊടുവില്‍ ദുരന്ത നായകനാകുമായിരുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ രക്ഷകനായി അവതരിച്ചു. വലതു വിംഗില്‍ നിന്നും അളന്നു മുറിച്ച ക്രോസ്. സില്‍വസ്റ്റര്‍ വരേലയുടെതലയിലൂടെ അമേരിക്കന്‍ പ്രതീക്ഷകളെ തല്ലിത്തകര്‍ത്തു. മരണം കാത്തു കിടന്ന പോര്‍ച്ചുഗലിന് ജീവവായു ലഭിച്ചപ്പോള്‍ പ്രീ ക്വാര്‍ട്ടറിലേക്ക് ഫിനിഷ് ചെയ്യാനിരുന്ന അമേരിക്ക ഇനിയും കാത്തിരിക്കണം. ഈ സമനിലയോടെ പോര്‍ച്ചുഗലിന്റെ പ്രതീക്ഷയ്ക്ക് ഗ്രൂപ്പിലെ അവസാന മത്സരത്തിലേക്ക് കൂടി ആയുസ്സ് നീട്ടിക്കിട്ടി. ഗ്രൂപ്പില്‍ നാല് പോയിന്റ് വീതമുള്ള യു.എസ്.എ.യും ജര്‍മനിയുമാണ് മുന്നില്‍. പോര്‍ച്ചുഗലിനും ഘാനയ്ക്കും ഓരോ പോയിന്റ് വീതമുണ്ട്. ഇതോടെ അവസാന മത്സരം എല്ലാ ടീമുകള്‍ക്കും നിര്‍ണായകമായി. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം മേധാവിത്വം നിലനിര്‍ത്താനാകാതെ പോയതാണ് പറങ്കികള്‍ക്ക് വിനയായത്.

അഞ്ചാം മിനിറ്റില്‍ തന്നെ നാനിയിലൂടെ പോര്‍ച്ചുഗല്‍ മുന്നിലെത്തി. അമേരിക്കന്‍ പ്രതിരോധത്തിന്റെ പിഴവാണ് ഗോളില്‍ കലാശിച്ചത്. ലീഡ് നേടിയ ശേഷം പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ മത്സരം അമേരിക്കയുടെ നിയന്ത്രണത്തിലായി. എന്നാല്‍ സമനില ഗോളിനുള്ള അവരുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല. അതിനിടെ ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ നാനിയുടെ ഒരു ഷോട്ട് ബാറില്‍ തട്ടി മടങ്ങുകയും തുടര്‍ന്നു എഡര്‍ ഗോളിലേയ്ക്ക് തിരിച്ചുവിട്ടെങ്കിലും യു.എസ്. ഗോളി ടിം ഹൊവാര്‍ഡ് പന്ത് കുത്തിയകറ്റി. ഒട്ടേറെ വിഫല ശ്രമങ്ങള്‍ക്കൊടുവില്‍ ജര്‍മൈന്‍ ജോണ്‍സ് അമേരിക്കയുടെ സമനനില ഗോള്‍ നേടി. 64-ാം മിനിറ്റില്‍ ബോക്സിന് മുന്നില്‍ നിന്ന് കിട്ടിയ പന്ത് ജോണ്‍സ്പോസ്റ്റിലേക്ക് തൊടുത്തു. എന്നാല്‍ അമേരിക്കയുടെ പ്രഹരം അവിടം കൊണ്ട് തീര്‍ന്നില്ല. 81-ാം മിനറ്റില്‍ ക്ലിന്റ് ഡെംപ്സി അമേരിക്കയ്ക്ക് ലീഡ് സമ്മാനിച്ചു. ഈ ലോകകപ്പില്‍ ഡെംപ്സിയുടെ രണ്ടാം ഗോള്‍. അതോടെ പോര്‍ച്ചുഗീസുകാര്‍ എല്ലാം മറന്ന് പോരിനിറങ്ങി. പക്ഷെ ക്ലിന്‍മാന്റെ തന്ത്രങ്ങള്‍ പൊളിയ്ക്കാന്‍ നാനിയ്ക്കും ക്രിസ്ത്യാനോയ്ക്കും സാധിച്ചില്ല. 62ാംമിനുട്ടില്‍ തുറന്ന അവസരം പാഴാക്കിയതോടെ ക്രിസത്യാനോ ദുരന്ത നായകനാവുമെന്ന് തോന്നിച്ചു. എന്നാല്‍ അവസാന നിമിഷം എല്ലാ തെറ്റിനും ക്രിസത്യാനോ പ്രായശ്ചിത്തം ചെയ്തു. അമേരിക്ക ആഘോഷം തുടങ്ങിയ വേളയില്‍ അവരുടെ ഹൃദയം തകര്‍ത്ത ഗോളിലേക്ക് ഒരു പാസ്. സില്‍വസ്റ്റര്‍ വരേല വഴി അത് വലയിലേക്ക്.

Show More
Close
Close