അദ്വാനിക്ക് ഗാന്ധിനഗര്‍ തന്നെ

advani660

ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്നുതന്നെ ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവ് എല്‍. കെ. അദ്വാനി മത്സരിക്കും. വാരാണസിക്ക് പുറമെ സ്വന്തം സംസ്ഥാനത്തെ, അഹമ്മദാബാദ് ഈസ്റ്റ് ലോക്സഭാ മണ്ഡലത്തില്‍നിന്നുകൂടി മോദി മത്സരിക്കുമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.
മോദിക്ക് ഗാന്ധിനഗര്‍ സീറ്റില്‍ നോട്ടമുണ്ടെന്ന വാര്‍ത്തകളുടെ ചുവടുപിടിച്ചാണ് അദ്വാനിയുടെ സീറ്റിനെക്കുറിച്ചുള്ള അനിശ്ചിതത്വവും തുടങ്ങിയത്. മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തിലേക്ക് അദ്വാനിയെ മാറ്റിക്കൊണ്ടുള്ള സാധ്യതയാണ് പാര്‍ട്ടി നോക്കിയത്. ഭോപ്പാലിലേക്ക് അദ്വാനിയെ ക്ഷണിച്ചുകൊണ്ടുള്ള മുതിര്‍ന്നനേതാവും സിറ്റിങ് എം.പിയുമായ കൈലാസ് ജോഷിയുടെ പ്രസ്താവനയും പാര്‍ട്ടി അണികളില്‍ ആശയക്കുഴപ്പം കൂട്ടി. എന്നാല്‍, താന്‍ ഗാന്ധിനഗര്‍ വിട്ട് എങ്ങോട്ടുമില്ലെന്ന് അദ്വാനി വ്യക്തമാക്കി. ഇന്‍ഡോറില്‍ മത്സരിക്കാനുള്ള ക്ഷണവും അദ്വാനി നിരസിച്ചു.
തിരഞ്ഞെടുപ്പിലേക്ക് നീങ്ങവെ അദ്വാനിയെ പിണക്കാന്‍ മോദി തയ്യാറാകില്ലെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു. മോദിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനെ എതിര്‍ക്കുന്ന അദ്വാനിയുടെ ആഗ്രഹത്തിന് വഴങ്ങി ഗാന്ധിനഗര്‍ സീറ്റ് നല്‍കാന്‍ ബുധനാഴ്ച ചേരുന്ന ബി.ജെ.പി. തിരഞ്ഞെടുപ്പ് സമിതി തീരുമാനിക്കുമെന്ന് പാര്‍ട്ടികേന്ദ്രങ്ങള്‍ അറിയിച്ചു. 20 കൊല്ലമായി ഗാന്ധിനഗറിനെ ലോക്സഭയില്‍ പ്രതിനിധാനംചെയ്യുന്ന അദ്വാനി ഇത്തവണയും മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
അഹമ്മദാബാദ് ഈസ്റ്റിലെ സിറ്റിങ് എം.പി ഹരിന്‍ പാഥക് മോദിക്ക് വേണ്ടി മാറിനില്‍ക്കാന്‍ തയ്യാറായിട്ടുണ്ട്. അങ്ങനെ വന്നാല്‍ ഉത്തര്‍പ്രദേശിന് പുറമെ, ഗുജറാത്തില്‍നിന്നും മോദി ജനവിധി തേടും.
സിനിമാതാരം ഹേമമാലിനിയെ ഉത്തര്‍പ്രദേശിലെ മഥുരയില്‍ മത്സരിപ്പിക്കും. മുന്‍കരസേനാമേധാവി വി. കെ. സിങ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലോ രാജസ്ഥാനിലെ ഝുന്‍ഝുനുവിലോ മത്സരിക്കാനാണിട. ഒളിമ്പിക് ഷൂട്ടിങ്ങില്‍ വെള്ളിമെഡല്‍ നേടിയ രാജ്യവര്‍ധന്‍ രാഥോഡിനെ ജോധ്പുരില്‍ ബി.ജെ.പി പരിഗണിക്കുന്നു. മധുരയിലെ ജാട്ട് സമൂഹത്തിന്റെ വോട്ട് ലക്ഷ്യമിട്ടാണ് ഹേമമാലിനിയെ മഥുരയില്‍ പരീക്ഷിക്കുന്നത്. ഭര്‍ത്താവ് സിനിമാനടന്‍ ധര്‍മേന്ദ്രയുടെ ജാട്ട് പശ്ചാത്തലം ഹേമമാലിനിയെ തുണയ്ക്കുമെന്ന് പാര്‍ട്ടി കരുതുന്നു.
ബുധനാഴ്ച ചേരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ഗുജറാത്തിന് പുറമെ, രാജസ്ഥാനിലെ സീറ്റുകളിലെ സ്ഥാനാര്‍ഥികളെയും തീരുമാനിക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close