അപൂര്‍വതയില്‍ കണ്ണുനട്ട് അഭിമാനികളാകുക – ഡോ. കലാം

തിരുവനന്തപുരം: ”സ്വപ്‌നംകാണുക, സാധാരണത്വത്തില്‍നിന്ന് വിട്ട് അപൂര്‍വ വ്യക്തിത്വമാകുക, ധീരമായി പ്രയത്‌നിക്കുക”-ഇതാണ് ഗവ. വിമന്‍സ് കോളേജിലെ സെന്റര്‍ ഓഫ് എക്‌സലന്‍സിലെ പ്രസംഗത്തില്‍ ഡോ. എ.പി.ജെ. അബ്ദള്‍കലാം കുട്ടികള്‍ക്ക് നല്‍കിയ സന്ദേശം. കോളേജിലെ മികവിന്റെ കേന്ദ്രത്തില്‍ പ്രത്യേക പ്രഭാഷണം നടത്തുകയായിരുന്നു അബ്ദുള്‍കലാം.

അസാധ്യതകളെ വന്‍ വിജയങ്ങളാക്കി മാറ്റിയ മാഡംക്യൂറി, ആല്‍വാ എഡിസന്‍ എന്നിവരുടെ ജീവിതസാഹചര്യങ്ങള്‍ വിശദീകരിച്ച മുന്‍ രാഷ്ട്രപതി ആശയവിനിമയ മാതൃകയിലാണ് തന്റെ പ്രഭാഷണം മുന്നോട്ടുകൊണ്ടുപോയത്.
‘എവരിഡേ ഗ്രേറ്റ്‌നസ്’ എന്ന പുസ്തകം വായിക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം സംതൃപ്ത കുടുംബത്തിന്റെ ചേരുവകളും പ്രഖ്യാപിച്ചു. ആധ്യാത്മിക അന്തരീക്ഷം, ഗൃഹനാഥയായ അമ്മയുടെ സംതൃപ്തി എന്നിവ കുടുംബത്തിന്റെ സംതൃപ്തിയുടെ അളവുകോലാണെന്ന് അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ അദ്ദേഹം ഒരു പ്രശ്‌നത്തിന്റെയും അടിമകളാകാതെ, പ്രശ്‌നത്തെ അതിജീവിച്ച് മുന്നേറണമെന്ന് കുട്ടികളെ ഉപദേശിച്ചു. മഹത്തായ ലക്ഷ്യം, വിജ്ഞാന സമ്പാദനം, കഠിനാധ്വാനം, പരാജയങ്ങളിലും അതിജീവിക്കുന്ന സഹനശക്തി എന്നിവയാണ് വിജയമന്ത്രമെന്ന് അദ്ദേഹം പറഞ്ഞു. 1979-ല്‍ എസ്.എല്‍.വി. േറാക്കറ്റ് വിക്ഷേപിച്ചപ്പോള്‍ അത് കടലില്‍ വീണു. അന്ന് പ്രോജക്ട് ഡയറക്ടറായിരുന്ന സതീഷ്ധവാന്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പിന്നീട് എസ്.എല്‍.വി. റോക്കറ്റ് വിക്ഷേപം വിജയിച്ചപ്പോള്‍ തന്നെയാണ് പത്രസമ്മേളനം നടത്താന്‍ നിയോഗിച്ചതെന്ന് അബ്ദുള്‍കലാം പറഞ്ഞു.

20 വര്‍ഷം തിരുവനന്തപുരത്ത് താമസിച്ച താന്‍ മലയാളിയാണെന്നും അദ്ദേഹം അനുസ്മരിച്ചു. അന്ധര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ടിഫാനി എന്ന അന്ധയുവതിയുടെ ചോദ്യത്തിനും കലാം മറുപടി നല്‍കി. വിമന്‍സ് കോളേജ് മുന്‍ വിദ്യാര്‍ഥിനികൂടിയായ സുഗതകുമാരിക്ക് കോളേജ് നല്‍കിയ ഉപഹാരം അബ്ദുള്‍കലാം സമ്മാനിച്ചു. തന്റെ അമ്മയും സഹോദരിമാരും അധ്യാപികമാരായിരുന്ന വിമന്‍സ് കോളേജ് തനിക്ക് സ്വന്തം കുടുംബം പോലെയാണെന്ന് സുഗതകുമാരി ഓര്‍മിച്ചു. ആറന്മുള വിമാനത്താവളത്തിന് അനുമതി നിഷേധിച്ച ഹരിത ട്രൈബ്യൂണലിന്റെ വിധിയില്‍ സുഗതകുമാരി സന്തോഷം രേഖപ്പെടുത്തി.

മേയര്‍ കെ. ചന്ദ്രിക, കൊളീജിയറ്റ് ഡയറക്ടര്‍ എം. നന്ദകുമാര്‍, കോളേജ് പ്രിന്‍സിപ്പല്‍ കൃഷ്ണപ്രഭ, വൈസ് പ്രിന്‍സിപ്പല്‍ എന്‍. ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കോളേജ് വിദ്യാര്‍ഥിനി ശ്രീനന്ദ വരച്ച പോട്രെയിറ്റ് ചിത്രം അബ്ദുള്‍കലാമിന് സമ്മാനിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close