അഫ്ഗാനിസ്ഥാനില്‍ മണ്ണിടിച്ചിലില്‍ മരണം 2100 കവിഞ്ഞു

afghan

കനത്ത മഴയെത്തുടര്‍ന്ന് വടക്കന്‍ അഫ്ഗാനിസ്താനിലെ ഗ്രാമങ്ങളിലുണ്ടായ രൂക്ഷമായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 2100 കവിഞ്ഞു. ശക്തമായ മഴയില്‍ ഒരു മലയുടെ ഗണ്യമായ ഭാഗം ഒന്നാകെ ഇടിഞ്ഞുവീണാണ് ദുരന്തമുണ്ടായത്. 215 കുടുംബങ്ങള്‍ താമസിച്ചിരുന്ന അര്‍ഗോ ഗ്രാമം പൂര്‍ണമായും അപ്രത്യക്ഷമായി. അടുത്തടുത്ത വീടുകളിലായി കഴിഞ്ഞ നൂറുകണക്കിന് ആളുകളാണ് ഒരുനിമിഷം കൊണ്ട് ജീവനോടെ കുഴിച്ചുമൂടപ്പെട്ടത്. അര്‍ഗോ ഗ്രാമത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും ആരും രക്ഷപെടാന്‍ സാധ്യതയില്ലെന്ന് ബധക്ഷാന്‍ പോലീസ് കമാന്‍ഡര്‍ ഫസലുദീന്‍ അയാസ് പറഞ്ഞു. 350 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തതായി യു.എന്‍ അറിയിച്ചു.

ആയിരത്തോളം വീടുകളാണ് മണ്ണിടിച്ചിലില്‍ തകര്‍ന്നത്. ഇതില്‍ 300 ഓളം വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലാണ്. അവധിദിവസമായ വെള്ളിയാഴ്ചയാണ് വന്‍ അത്യാഹിതമുണ്ടായത്. അവധിയായതിനാല്‍ ആളുകള്‍ ഏറിയ പങ്കും അവരവരുടെ വീടുകളിലായിരുന്നു. പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് ഒത്തുകൂടിയിരുന്ന നൂറുകണക്കിന് ആളുകളും ദുരന്തത്തില്‍ പെട്ടു. രണ്ട് പള്ളികളും മണ്ണുമൂടിപ്പോയി.

അത്യാഹിതം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടസ്ഥിതിക്ക് മണ്ണിനടിയില്‍ നിന്ന് ജീവനോടെ ഇനി ആരെയെങ്കിലും രക്ഷപെടുത്താനാകുമെന്ന പ്രതീക്ഷയും ഏറക്കുറെ ഇല്ലാതായി. സ്ത്രീകളും കുട്ടികളും അടക്കം കാണാതായ 2500 പേരും മരിച്ചിട്ടുണ്ടാകാനാണ് എല്ലാ സാധ്യതയുമെന്ന് ബധക്ഷാന്‍ ഗവര്‍ണര്‍ എ.എഫ്.പിയോട് പറഞ്ഞു. താജിക്കിസ്ഥാനോടും ചൈനയോടും പാകിസ്താനോടും അതിര്‍ത്തി പങ്കിടുന്ന മലയോര പ്രവിശ്യയാണ് ബധക്ഷാന്‍.

അമേരിക്കയുടെ സൈന്യവും രക്ഷാപ്രവര്‍ത്തനത്തിനായി ഈ മേഖലയിലുണ്ട്. 700ഓളം കുടുംബങ്ങളെ സൈന്യം രക്ഷപ്പെടുത്തി. അതേസമയം വടക്കന്‍ അഫ്ഗാനിസ്താന്റെ മറ്റുഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കം 67,000 പേരെ ബാധിച്ചിട്ടുണ്ട്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close