അമിത് ഷായ്ക്കും അസംഖാനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

azam khan amit shah

സാമുദായികസ്പര്‍ധ പരത്തുന്ന പ്രസംഗങ്ങള്‍ നടത്തിയതിന് ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി അമിത് ഷായ്ക്കും സമാജ്വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ അസംഖാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. ഇരുവരുടെയും പൊതുയോഗങ്ങള്‍, ത ിരഞ്ഞെടുപ്പ് റാലി, ജാഥ, റോഡ് ഷോ തുടങ്ങിയവ നിരോധിച്ചു.

ഇവര്‍ക്കെതിരെ ഉടന്‍ ക്രിമിനല്‍ കേസ് എടുത്ത് അന്വേഷണം നടത്താനും ഉത്തര്‍പ്രദേശ് സര്‍ക്കാറിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ക്രമസമാധാനവും ജനങ്ങളുടെ സ്വൈരവും നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് ശനിയാഴ്ച വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കാനും കമ്മീഷന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

മുസാഫര്‍ നഗര്‍ കലാപത്തില്‍ അപമാനം സഹിക്കേണ്ടിവന്ന ജാട്ടുസമുദായത്തിന് പ്രതികാരം ചെയ്യാനുള്ള അവസരമാണ് തിരഞ്ഞെടുപ്പ് എന്നാണ് അമിത് ഷാ പ്രസംഗിച്ചത്. കലാപത്തിന്റെ പശ്ചാത്തലത്തില്‍, വര്‍ഗീയ ധ്രുവീകരണം ശക്തമാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇത്. കാര്‍ഗില്‍ യുദ്ധത്തില്‍ വിജയം കൈവരിക്കാന്‍ പേരാടിയത് ഹിന്ദു സൈനികരല്ല, മറിച്ച് മുസ്ലിം സൈനികരാണെന്നായിരുന്നു അസംഖാന്റെ പ്രസംഗം.

മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കാനും സമാധാനം നശിപ്പിക്കാനും ബോധപൂര്‍വം നടത്തിയ പ്രസംഗങ്ങളാണ് ഇതെന്ന് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ജനപ്രാതിനിധ്യ നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ ചൂണ്ടിക്കാട്ടി ശക്തമായ നടപടി കൈക്കൊള്ളണമെന്നാണ് നിര്‍ദേശം.

സംസ്ഥാനത്ത് ബി.ജെ.പി.യുടെയും എസ്.പി.യുടെയും പ്രമുഖ പ്രചാരകരാണ് അമിത് ഷായും അസംഖാനും. നരേന്ദ്ര മോദിയുടെ വിശ്വസ്തനായ അമിത് ഷായെ ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കോടതി ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് ആഭ്യന്തരമന്ത്രിസ്ഥാനം രാജിവെച്ച ഷാ സുപ്രീംകോടതിയില്‍നിന്ന് ലഭിച്ച ജാമ്യത്തിന്റെ ബലത്തിലാണ് യു.പി.യില്‍ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിങ് യാദവിന്റെ അടുത്ത കൂട്ടാളിയാണ് മുഹമ്മദ് അസംഖാന്‍.

രണ്ട് നേതാക്കളും പൊതുയോഗങ്ങളില്‍ ആവര്‍ത്തിച്ച പരാമര്‍ശങ്ങള്‍ വലിയ വിവാദമാണ് ഉയര്‍ത്തിവിട്ടത്. വിവിധ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സൈന്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനമുണ്ടായി.
അതേസമയം, മുഖ്യമന്ത്രി അഖിലേഷ് യാദവ് അസം ഖാനെ ന്യായീകരിച്ച് രംഗത്തെത്തി. ഏറ്റവും വലിയ ഹൈന്ദവ സംഗമമായ കുംഭമേള വിജയകരമായി നടത്തിയ മന്ത്രിയാണ് അസംഖാന്‍ എന്ന കാര്യം മറക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

വിവാദപ്രസംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങളും മറ്റും വരുത്തി കമ്മീഷന്‍ പരിശോധന നടത്തിയിരുന്നു. അതിനുശേഷമാണ് ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. എന്നാല്‍, രണ്ടുപേരും മറുപടി നല്‍കിയില്ല. തുടര്‍ന്ന് വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കമ്മീഷന്‍ വെള്ളിയാഴ്ച തീരുമാനിച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close