അമിത് ഷാ ബി.ജെ.പി അധ്യക്ഷന്‍

amit shah

അമിത് ഷാ ബി.ജെ.പിയുടെ പുതിയ അധ്യക്ഷന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ അമിത് ഷായെ പാര്‍ട്ടി പ്രസിഡന്റായി ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗം തിരഞ്ഞെടുത്തു. മോദിയും രാജ്‌നാഥ് സിങ്ങും ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ചുക്കാന്‍ ഗുജറാത്തുകാരുടെ കൈയിലായി.

മികച്ച ഭൂരിപക്ഷവുമായി സര്‍ക്കാരിലും പാര്‍ട്ടിയിലും സ്വാധീനം ഉറപ്പിച്ച മോദി അമിത് ഷായെ ബി.ജെ.പിയുടെ അമരത്ത് വാഴിക്കുന്നതിലൂടെ ആ മേധാവിത്വം പൂര്‍ണമാക്കി. അങ്ങനെ വാജ്‌പേയി കാലഘട്ടത്തില്‍നിന്ന് പാര്‍ട്ടിയും അടുത്തതലമുറയുടെ കൈകളിലേക്കെത്തി. ബി.ജെ.പിയുടെ തലപ്പത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 49 കാരനായ അമിത് ഷാ.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം സമ്മാനിച്ചതില്‍ നിര്‍ണായകമായത് യു.പിയില്‍ അമിത് ഷാ പ്രയോഗിച്ച തന്ത്രങ്ങളായിരുന്നു. 80 സീറ്റുകളുള്ള യു.പിയില്‍ 71 സീറ്റുകളാണ് അദ്ദേഹത്തിന്റെ കരുനീക്കങ്ങളിലൂടെ ബി.ജെ.പി നേടിയത്. ഒരര്‍ഥത്തില്‍ അതിനുള്ള അംഗീകാരം കൂടിയാണ് പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ അദ്ദേഹത്തിന് നല്‍കാനുള്ള തീരുമാനം.

അദ്ദേഹത്തിന്റെ സംഘടനാപാടവം പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്ന മോദിയുടെ നിലപാടിന് ആര്‍.എസ്.എസ്സും പാര്‍ട്ടിയും വഴങ്ങുകയായിരുന്നു. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലേക്ക് ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് അമിത് ഷായുടെ ആദ്യ വെല്ലുവിളി.

മോദി മന്ത്രിസഭയില്‍ പാര്‍ട്ടി അധ്യക്ഷനായ രാജ്‌നാഥ് സിങ് ആഭ്യന്തരമന്ത്രിയായതോടെയാണ് മോദിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനായ അമിത് ഷായ്ക്ക് കളമൊരുങ്ങിയത്. സര്‍ക്കാര്‍ രൂപവത്കരണവേളയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ജെ.പി നഡ്ഡയുടെ പേരാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ മോദിയുടെ തതന്ത്രങ്ങള്‍ ഫലം കണ്ടപ്പോള്‍ അമിത് ഷായ്ക്ക് കാര്യങ്ങള്‍ സുഗമമായി.

ഗുജറാത്തില്‍ മോദി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു മുമ്പ് അമിത് ഷാ. എന്നാല്‍ 2010 ല്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണവിധേയനായതോടെ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. സൊറാബുദീന്‍ ഷെയ്ഖ് കൊലപാതക കേസിലും ഷായ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് അമിത് ഷായ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close