അമേഠി മറ്റൊരു വാരാണസി

amedi

അഭ്യൂഹങ്ങള്‍ക്കും കാത്തിരിപ്പിനും വിരാമമായി. രാഹുല്‍ ഗാന്ധിയെ നേരിടാന്‍ ബി.ജെ.പി കരുതിവെച്ചിരുന്ന ബ്രഹ്മാസ്ത്രം തന്നെ പുറത്തെടുത്തു. ഉത്തരേന്ത്യയുടെ മനം കവര്‍ന്ന ടെലിവിഷന്‍ താരം സ്മൃതി ഇറാനി പോരാട്ടത്തിനിറങ്ങുമ്പോള്‍ അമേഠിയില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിന് അനായാസ വിജയമെന്ന പ്രതീക്ഷ അത്ര എളുപ്പമാവില്ല. പോരെങ്കില്‍ ശക്തമായ സാന്നിധ്യമായി മണ്ഡലത്തില്‍ നേരത്തേയെത്തി നിലയുറപ്പിച്ച കവിയും സാമൂഹിക പ്രവര്‍ത്തകനുമായ കുമാര്‍ ബിശ്വാസ് എ.എ.പി തൊപ്പിയണിഞ്ഞ് ഒരു വശത്തുണ്ട്. മെയ് ഏഴുവരെ തിരഞ്ഞെടുപ്പിന് സമയമുണ്ട്.

വെന്തുരുകുന്ന ചൂടില്‍ യുവത്വം തുടിക്കുന്ന പോരാട്ടം കത്തിപ്പടരുമെന്നുറപ്പ്.
ബി.ജെ.പി.യുടെ അഖിലേന്ത്യാ വൈസ്പ്രസിഡന്‍ായ സ്മൃതി ഇറാനിയെ കോണ്‍ഗ്രസ്സിന്റെ ഭാവി പ്രതീക്ഷ തകര്‍ക്കാന്‍ നിയോഗിക്കുമെന്ന് തുടക്കം മുതല്‍ പറഞ്ഞു കേട്ടിരുന്നെങ്കിലും എങ്ങുനിന്നും അതിനു സ്ഥിരീകരണമണ്ടായിരുന്നില്ല. ഇടയ്ക്ക് സ്മൃതി തന്നെ സാധ്യത നിഷേധിക്കുകയും ചെയ്തു. വാരണസിയില്‍ നരേന്ദ്രമോദിക്കെതിരായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ അമാന്തം കാണിച്ചതോടെ അഭ്യൂഹങ്ങള്‍ക്കും പഞ്ഞമുണ്ടായില്ല. മോദിക്ക് വെല്ലുവിളി ഒഴിവാക്കാന്‍ അമേഠിയില്‍ രാഹുലിനെതിരെ അത്ര ശക്തനല്ലാത്ത ആരെയെങ്കിലും ബി.ജെ.പി. സ്ഥാനാര്‍ഥിയാക്കുമെന്ന് പ്രചാരണമുണ്ടായി. എന്നാല്‍ തിങ്കളാഴ്ച രാത്രി വൈകിയുണ്ടായ തീരുമാനത്തോടെ ഇതെല്ലാം അപ്രസക്തമായി. മോദിയെ തോല്‍പ്പിക്കാന്‍ കഴിവുള്ള നേതാവിനെ വാരണാസിയില്‍ നിയോഗിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ചതോടെ അമേഠിയില്‍ ശക്തമായ മറുപടി കൊടുക്കാന്‍ ബി.ജെ.പി.യും തീരുമാനിക്കുകയായിരുന്നു.

1997-ല്‍ ഫെമിനയുടെ മിസ് ഇന്ത്യാ മത്സരത്തിലെ ഫൈനലിസ്റ്റായാണ് സ്മൃതി ശ്രദ്ധയാകര്‍ഷിച്ചത്. മൂന്നു വര്‍ഷത്തിനു ശേഷം ഏക്താ കപൂറിന്റെ ഒരു ടെലിവിഷന്‍ പരമ്പരയില്‍ മരുമകളായി അഭിനയിച്ചതോടെ ഉത്തരേന്ത്യന്‍ ഹൃദയഭൂമിയില്‍ സ്മൃതിക്ക് അംഗീകാരമായി. തുടര്‍ന്ന് സീ ടി.വി.യില്‍ അവതരിപ്പിച്ച രാമായണത്തിലെ സീതയുടെ വേഷത്തിലും തിളങ്ങി. നിലവില്‍ രാജ്യസഭാംഗമായ ഈ 38-കാരി രാഷ്ട്രീയത്തിലും തിളക്കമുള്ള പ്രകടനം കാഴ്ചവെച്ചുകഴിഞ്ഞു. 2003-ലാണ് ബി.ജെ.പി.യില്‍ ചേരുന്നത്. 2004-ല്‍ 14-ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ ടിക്കറ്റ് കൊടുത്തു. കോണ്‍ഗ്രസ്സിലെ പ്രമുഖനായ കപില്‍ സിബലായിരുന്നു മുഖ്യ എതിരാളി. ആദ്യ മത്സരം പരാജയപ്പെട്ടെങ്കിലും ആ വര്‍ഷം തന്നെ പാര്‍ട്ടി യുവജന വിഭാഗത്തിന്റെ മഹാരാഷ്ട്രാഘടകം ഉപാധ്യക്ഷയാക്കി. ആറുവര്‍ഷം കഴിയുമ്പോഴേക്ക് വ്യക്തിപ്രഭാവം കൊണ്ട് ശ്രദ്ധേയയായ ഇറാനി പാര്‍ട്ടി ദേശീയ സെക്രട്ടറി സ്ഥാനത്തേക്കുയര്‍ന്നു. പിന്നെ മഹിളാ മോര്‍ച്ചയുടെ അധ്യക്ഷ സ്ഥാനത്തേക്കും. 2011 മുതല്‍ രാജ്യസഭാംഗം.

പാര്‍ട്ടിവേദികളിലും പൊതുപരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു ഇറാനി എന്നും. സദാ പ്രസന്നവതി. ആവശ്യത്തിലേറെ മാധ്യമശ്രദ്ധ. വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടി പറയാനുള്ള തന്റേടം. ആകര്‍ഷകമായ പ്രസംഗ പാടവം. ഇതെല്ലാം ചേര്‍ന്ന് സുഷമാ സ്വരാജിനൊപ്പം നടന്ന ഇവരെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവാക്കി മാറ്റി. സ്വയംസേവകനായിരുന്ന മുത്തച്ഛന്റെയും പാര്‍ട്ടിയില്‍ സജീവമായിരുന്ന അമ്മയുടെയും രാഷ്ട്രീയ പാരമ്പര്യവും പിന്‍ബലമായുണ്ട്.

രാഹുലിനെതിരായ വിജയമെന്നത് നേടിയെടുക്കാന്‍ കഴിയാത്ത കാര്യമൊന്നുമല്ലെന്ന് ഇറാനി പ്രഖ്യാപിച്ചുകഴിഞ്ഞു. രാഹുലിന്റെ കഴിവില്‍ രാജ്യത്തിന് വിശ്വാസമില്ലെന്നായിരുന്നു സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം ഇവരുടെ ആദ്യ പ്രതികരണം. മണ്ഡലത്തിലെ ഏക വനിതാസ്ഥാനാര്‍ഥിയെന്ന പരിഗണന ഇറാനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷ ബി.ജെ.പി.ക്കുണ്ട്. രാഹുലിനെപ്പോലെ സ്മൃതിയും വനിതാശാക്തീകരണത്തിന്റെ സംഘാടകയാണ്. ഏറെക്കുറെ സുരക്ഷിതമണ്ഡലമെന്ന നിലയിലാണ് അമേഠി രാഹുലിന്റെ മണ്ഡലമായി മാറിയത്. കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പിലും രാഹുല്‍ അനായാസം ജയിച്ചുകയറി. മൂന്നേമുക്കാല്‍ ലക്ഷത്തോളമായിരുന്നു കഴിഞ്ഞ തവണ ഭൂരിപക്ഷം. രാഹുലിനു മുന്നേ ഒരുവട്ടം സോണിയാ ഗാന്ധിക്ക് വിജയം. 1980-ല്‍ സഞ്ജയ് ഗാന്ധിയെയും അദ്ദേഹത്തിന്റെ മരണശേഷം നാലുവട്ടം രാജീവ് ഗാന്ധിയെയും തുണച്ച കോണ്‍ഗ്രസ്സിന്റെ വിശ്വസനീയ പ്രദേശം 1998-ല്‍ മാത്രം ബി.ജെ.പി.ക്കൊപ്പം പോയി. 1977 മുതല്‍ മൂന്നുവര്‍ഷം ജനതാപാര്‍ട്ടിയെയും തുണച്ചതൊഴിച്ചാല്‍ ഗ്രാമീണരും കര്‍ഷകരും ഏറെയുള്ള അമേഠി എന്നും കോണ്‍ഗ്രസ്സിനൊപ്പം തന്നെയായിരുന്നു.
മണ്ഡലത്തിലെ സാധാരണക്കാരുമായി അടുത്തിടപഴകാനും ബന്ധം പുലര്‍ത്താനും ശ്രദ്ധവെച്ചിരുന്ന രാഹുല്‍ ഇവിടെ തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെയാണ് ഇക്കുറിയും ഇറങ്ങുന്നത്. പുതിയ റെയില്‍ ലൈനുകളും ഗ്രാമീണ റോഡുകളും മണ്ഡലത്തില്‍ കൊണ്ടുവരാനായതുമൊക്കെ ഗ്രാമീണര്‍ക്കിടയില്‍ വോട്ടായി മാറുമെന്നകാര്യത്തില്‍ കോണ്‍ഗ്രസ്സിന് സംശയമില്ല. ഭാവി പ്രധാനമന്ത്രിയെന്ന രീതിയിലുള്ള പരിവേഷം ഭൂരിപക്ഷം ഉയര്‍ത്തുമെന്നും പാര്‍ട്ടി കരുതുന്നു. കഴിഞ്ഞ രണ്ടുതവണയും പ്രധാന എതിരാളികളായിരുന്ന ബി.എസ്.പി.യും ബി.ജെ.പി.യും പിടിച്ച വോട്ടുകള്‍ കൂട്ടിനോക്കിയാലും രാഹുലിന്റെ ഭൂരിപക്ഷത്തിനടുത്തുപോലും വരില്ല. ബി.ജെ.പി. രണ്ടുതവണയും മൂന്നാം സ്ഥാനത്തായിരുന്നു.

ഡി.പി. സിങ്ങിനെ ബി.എസ്.പി. സ്ഥാനാര്‍ഥിയാക്കിയിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടിയാകട്ടെ ഇതുവരെ ആരെയും രംഗത്തിറക്കിയിട്ടില്ല. പശ്ചിമ യു.പി.യില്‍ ചില സീറ്റുകള്‍ ലക്ഷ്യമിടുന്ന രാഷ്ട്രീയ ലോക്ദളിന്റെ പിന്തുണയും രാഹുലിനുണ്ടാകും.
ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യമാണ് മറ്റൊരു നിര്‍ണായകമായ ഘടകം. എ.എ.പി. സ്ഥാനാര്‍ഥി കുമാര്‍ ബിശ്വാസ് ഏറെ മുന്നേതന്നെ രാഹുലിനെതിരെ മത്സരം പ്രഖ്യാപിച്ചതാണ്. അറിയപ്പെടുന്ന കവി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ കുമാറിന് മണ്ഡലത്തില്‍ ചലനമുണ്ടാക്കാനാകുമെന്നാണ് കരുതുന്നത്. പ്രത്യേകിച്ച് മുസ്ലിം വോട്ടുകള്‍ ഏറെയും അനുകൂലമാകുമെന്ന് കണക്കുകൂട്ടല്‍ ആം ആദ്മിക്കുണ്ട്. മുസാഫര്‍നഗര്‍ കലാപമുണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാറും കോണ്‍ഗ്രസ്സും വേണ്ടവിധം തങ്ങളെ സഹായിച്ചില്ലെന്ന തോന്നല്‍ ശക്തമായി നിലനില്‍ക്കുന്നത് രാഹുലിന് എതിരാകും.

മുസ്ലിം വോട്ടുകള്‍ ഭിന്നിച്ചു പോകുമെന്ന കണക്കുകൂട്ടല്‍തന്നെയാണ് ശക്തമായ മത്സരത്തിനിറങ്ങാന്‍ ബി.ജെ.പി.ക്ക് പ്രേരണയായതും. മാത്രമല്ല വാരാണസിയില്‍ മോദിയെ വെല്ലുവിളിക്കാനാണ് ഭാവമെങ്കില്‍ അമേഠിയില്‍ കാണിച്ചുതരാമെന്ന ഒരു സന്ദേശവും. ഏതായാലും താരപ്പകിട്ടുള്ള മത്സരത്തിനു വേദിയാകുമ്പോള്‍ അമേഠിയും വാരണസിക്കൊപ്പം പ്രാധാന്യമുള്ള മണ്ഡലമായി മാറുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close