അമ്മുവും അപ്പുവും ഭാഗം 2

ഭാഗം 2

പഠിക്കണം പക്ഷേ, എപ്പോഴും പഠിക്കണോ നമ്മുടെ കുട്ടികള്‍
ചെറിയ വഴക്കുമായാണ് അന്നും അമ്മുവും അപ്പുവും വീട്ടിലെത്തിയത്.
അപ്പു : അമ്മേ ദാ ഞങ്ങളെത്തി. പിന്നെ ഒരു രഹസ്യം പറയുവാനുണ്ട്. വേഗം വരൂ അമ്മേ വേഗം…
അമ്മ : എന്താ ഡിക്ടറ്റീവ് അപ്പൂന് പറയുവാനുള്ളത് രഹസ്യം കേള്‍ക്കട്ടെ…
അമ്മു : അമ്മേ, ഇത് തീരെ ശരിയല്ല. ഇന്നലേം അവന്‍ എന്റെ കാര്യമാ പറഞ്ഞത്.  ഇന്നും അങ്ങനെ തന്നെ. എന്റെ കാര്യം ഞാന്‍ തന്നെ അമ്മയോട് പറയും.
അമ്മ : ഓ, അപ്പോ ഇന്നും രണ്ടുപേരും വഴക്കിലാണോ? ഏതായാലും ഇന്നലെ അപ്പുവല്ലേ ആദ്യം പറഞ്ഞത്? ഇന്ന് ചേച്ചി പറയട്ടേ അല്ലേ അപ്പുവേ?
അപ്പു : ഉം… ശരി…
അമ്മു : അമ്മേ, അമ്മ ഇന്നലെ പറഞ്ഞ പയര്‍വിത്തിന്റെ കഥ ഞാനിന്ന് ഞങ്ങളുടെ Tension Club-ല്‍ പറഞ്ഞു. എല്ലാവര്‍ക്കും വലിയ ഇഷ്ടമായി കേട്ടാ.
അമ്മ : Tension Club ? അതെന്ത് ക്ലബ്ബാണ്?
അമ്മു : ഈ അമ്മക്ക് ചിലപ്പോള്‍ ഒന്നും അറിയില്ല. ഈ ക്ലബ്ബ് ഞങ്ങള്‍ പത്താം ക്ലാസുകാര്‍ ഉണ്ടാക്കിയ ക്ലബ്ബാണ്. എല്ലരുമില്ല. എപ്പോഴും ടെന്‍ഷന്‍ തോന്നുന്ന കുറച്ചുപേരാണ് അതില്‍ മെമ്പേഴ്സ്. എല്ലാരും നന്നായി പഠിക്കുന്നവര്‍. പക്ഷേ, എപ്പോഴും ടെന്‍ഷനിലാണുതാനും. ഉച്ചക്ക്‌ ഉണ്ണുന്ന സമയത്താ ഞങ്ങള്‍ സംസാരിക്കുക. .
അമ്മ : അയ്യേ നിനക്ക്‌ ഇപ്പോഴും ടെന്‍ഷനുണ്ടോ? അത്‌ നാണക്കേടല്ലേ അമ്മുവേ?
അമ്മു : എനിക്ക്‌ മാത്രം ടെന്‍ഷന്‍ മാറിയാല്‍ പോരല്ലോ? ആര്യയുണ്ട്‌, ഐശ്വര്യയുണ്ട്‌, ആന്‍ മേരിയുണ്ട്‌, ഫൈറു ഉണ്ട്‌. ഇവര്‍ക്കൊക്കെ ടെന്‍ഷന്‍ മാറണ്ടേ? അമ്മക്ക്‌ കേള്‍ക്കണോ ആര്യയുടെ കാര്യം? അവള്‍ക്കിന്നലെ മലയാളം Test Paper ല്‍ മാര്‍ക്ക്‌ കുറേ കുറഞ്ഞു. ആര്യ എപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിയാ. ഉണ്ണാനിരിക്കുമ്പോഴും അര്യ പുസ്‌തകം കൈയ്യിലെടുക്കും. എപ്പോഴും വായിക്കും. പക്ഷേ, എപ്പോഴും അയ്യോ ഞാന്‍ പഠിച്ചത്‌ ശരിയായോ എന്നും ചോദിക്കും. പരീക്ഷയ്ക്ക്‌ മാര്‍ക്കും കുറയും. പാവം അല്ലേ അമ്മേ ആര്യ? അവള്‍ക്ക്‌ വിഷമം വരുമ്പോള്‍ എനിക്കും വിഷമം വരുന്നു അമ്മേ…
അമ്മ : ഓഹോ… അപ്പോള്‍ അതാണ്‌ വിഷയം… ഹും, പഠിച്ചിട്ടുംപഠിച്ചിട്ടും മാര്‍ക്കു കുറയുന്നു. അപ്പോപ്പിന്നെ പഠിക്കാതിരിക്കുന്നതല്ലേ നല്ലത്‌? അല്ലേടാ അപ്പുവേ?
അപ്പു : അതേയതേ…
അമ്മു : അമ്മ എന്നെ കളിയാക്കിയതാ അല്ലേ? വേണ്ട, ഞാന്‍ മിണ്ടില്ല.
അമ്മ : അയ്യേ പിണങ്ങാന്‍ പറഞ്ഞതല്ല. കാര്യമായിട്ടാ. എന്തിനാ ആര്യ എപ്പോഴും പഠിക്കുന്നത്‌? അങ്ങനെ പഠിച്ചാല്‍ പഠിത്തമാകുമോ? ഉംം. അമ്മ ഒരു കഥ പറഞ്ഞു തരാം എന്താ?
അമ്മു : ഹായ്, കഥ, കഥ, കഥ… ഉം… പറയ് അമ്മേ…
അമ്മ : പണ്ട്‌ പണ്ട്‌ ഒരു ഗ്രാമത്തില്‍ ഒരു കൃഷിക്കാരന്‍ ജീവിച്ചിരുന്നു. അയാള്‍ക്ക്‌ അയാളുടെ മൂത്തമകനെ നല്ലൊരു കൃഷിക്കാരനാക്കാനായിരുന്നു ആഗ്രഹം. ധാരാളം അംഗങ്ങളുള്ള അയാളുടെ കുടുംബം പട്ടിണികൂടാതെ മുമ്പോട്ടു കൊണ്ടുപോകണമെങ്കില്‍ കൃഷിയില്‍നിന്ന്‌ നല്ല ആദായം കിട്ടണം. അതുകൊണ്ട്‌ കൃഷിക്കാരന്‍ അയാളുടെ മകനെ എപ്പോഴും കൃഷിയിടത്തില്‍ അയാള്‍ക്കൊപ്പം കൂട്ടി. മകനും അച്ഛനോട്‌ വലിയ സ്‌നേഹമാണ്‌. അച്ഛനെ സഹായിക്കണം എന്നൊക്കെയുണ്ട്‌. പക്ഷേ, ഒരു കുഴപ്പം. എല്ലാ കുട്ടികളും കളിക്കുേമ്പാള്‍ താന്‍ മാത്രം കൃഷിപ്പണി ചെയ്യുകയല്ലേ? പക്ഷേ, ചെയ്യാതിരുന്നാല്‍ അച്ഛനു സങ്കടമാകുകയും ചെയ്യും അങ്ങനെ യഥാര്‍ത്ഥ താത്‌പര്യം ഇല്ലാതെ അവന്‍ എല്ലാവരേയും ബോധിപ്പിക്കാനായി എപ്പോഴും ഓരോന്ന്‌ ചെയ്‌തുകൊണ്ടിരുന്നു. അതിനൊരു കുഴപ്പവും ഉണ്ടായിരുന്നു. എന്താണെന്നോ?
ഒന്നും പൂര്‍ണ്ണതയോടെ ചെയ്യാന്‍ അവനായില്ല. കാളകളെ കെട്ടാന്‍ പറഞ്ഞാല്‍ മുറുക്കിക്കെട്ടില്ല. അപ്പോള്‍ ഉഴുതുകൊണ്ടിരിക്കവേ അവ കലപ്പയില്‍നിന്ന്‌ അഴിഞ്ഞു പോകും. വിത്ത്‌ മുളപ്പിക്കാന്‍ വെക്കാന്‍ പറഞ്ഞാല്‍ ഒന്നുകില്‍ അതില്‍ വേണ്ടവണ്ണം വെള്ളം തളിക്കില്ല. ഇല്ലെങ്കില്‍ കൂടിപ്പോകും. ഇങ്ങനെ ഒരു കാര്യവും കൃത്യമായി ചെയ്യാന്‍ അവന്‌ കഴിയാതെ വന്നു. എന്നാല്‍, അവന്‍ ഏതുനേരവും പണിയെടുക്കുകയുമായിരുന്നു. ഇതൊക്കെ ഒരാള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു കേട്ടോ….
അമ്മു: ആ കുട്ടിയുടെ അച്ഛന്‍ അല്ലേ അമ്മേ?
അമ്മ : അതേ… അയാള്‍ ഓര്‍ത്തു, ഇത്‌ ഇങ്ങനെപോയാല്‍ പറ്റില്ലല്ലോ. അപ്പോഴാണ്‌ ഒരു രാജകല്പന അവര്‍ അറിഞ്ഞത്‌. ഖജനാവില്‍ കരുതല്‍ ധനം കൂട്ടുന്നതിനായി കരംതീരുവ കൂട്ടുന്നു. കൃഷിക്കാരന്‍ ഓര്‍ത്തു, ഇനിയിപ്പോള്‍ ഒരു പിഴവും സംഭവിക്കാതെ കാര്യങ്ങള്‍ ചെയ്യണം. ഇല്ലെങ്കില്‍ പട്ടിണിയാവും ഫലം. കുറേ ആലോചിച്ചപ്പോള്‍ മകനെ നേര്‍വഴിയിലെത്തിക്കാന്‍ ഒരു ഉപായം കണ്ടെത്തി. പിറ്റേ ദിവസം മകന്‍ അച്ഛനെ അന്വേഷിച്ചു. പക്ഷേ, വീട്ടിലോ നാട്ടിലോ ഒന്നും അച്ഛനെ അവന്‌ കണ്ടെത്താനായില്ല. ആകെ പരിഭ്രമിച്ച്‌ അവന്‍ അമ്മയുടെ അടുത്ത്‌ ചെന്നു. അപ്പോള്‍ അമ്മ പറഞ്ഞു: “”മോനേ, അച്ഛന്‍ ദേശാടനത്തിന്‌ പോയിരിക്കുന്നു. ഇനി കുടുംബം നിന്റെ ചുമലിലാണ്‌. എല്ലാം അച്ഛന്‍ നിന്നെ പഠിപ്പിച്ചിട്ടുണ്ട്‌. ഇനി നീ തെളിയിക്കുക അച്ഛനെപ്പോലെ നല്ലൊരു കര്‍ഷകനാണെന്ന്‌…” അമ്മ പറഞ്ഞതുകേട്ട്‌ മകന്‍ ആകെ സ്‌തംഭിച്ചു. കാരണം, എല്ലാം ചെയ്യുമെങ്കിലും ഒന്നും മനസ്സിരുത്തി അവന്‍ പഠിച്ചിട്ടില്ല. പക്ഷേ, ഇനി ഒന്നും പറഞ്ഞിട്ട്‌ കാര്യമില്ലല്ലോ. സാഹചര്യം അവന്റെ മനസ്സ്‌ മാറ്റി. അവന്‍ ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധയും താത്‌പര്യവും കൊണ്ടുവന്നു. അറിയാത്തത്‌ മറ്റുള്ളവരോട്‌ ചോദിച്ചു മനസ്സിലാക്കി. പിന്നെ പതിയെ കാര്യങ്ങള്‍ അവന്റെ നിയ്രന്തണത്തിലായി. ഒടുവില്‍ ആ നാട്ടിലെ ഏറ്റവും മികച്ച വിളവും അവനു കിട്ടി. അന്ന്‌ അവന്‍ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ അവിടെ ഒരാള്‍ അവനെ കാത്ത്‌ ഉണ്ടായിരുന്നു… അവന്റെ അച്ഛന്‍… അമ്മൂ പറയൂ എന്താ നിനക്ക്‌ ഈ കഥയില്‍നിന്നും മനസ്സിലായത്‌?
അമ്മു : ഇത്‌ ആര്യക്കുള്ള കഥയാണ്‌ അല്ലേ അമ്മേ… ഉം… ഏത്‌ കാര്യവും ശ്രദ്ധയോടെ ചെയ്യണം. അതില്‍ താത്‌പര്യം വേണം. അതല്ലേ അമ്മ ഉദ്ദേശിച്ചത്‌?
അമ്മ : അതേ, ഏതായാലും ഒരു കാര്യം ചെയ്യണം. ചെയ്‌തേ തീരൂ… അപ്പോള്‍ അതിനോട്‌ ഒരു താത്‌പര്യം വേണം. പിന്നെ വെറുതെ മറ്റെന്തെങ്കിലും ഓര്‍ത്ത്‌ പുസ്‌തകം കൈയ്യില്‍ കൊണ്ട്‌ നടന്നാല്‍ പഠിത്തമാകുമോ? ഇല്ല. എപ്പോഴും പഠിക്കണ്ട. ആദ്യം ക്ലാസില്‍ ടീച്ചര്‍ പഠിപ്പിക്കുമ്പോള്‍ പൂര്‍ണ്ണശ്രദ്ധയോടെ ഇരിക്കുക. പിന്നെ വീട്ടില്‍ വന്ന്‌ അത്‌ വായിച്ച്‌ മനസ്സിലാക്കി ഒന്നു രണ്ടു തവണ ആവര്‍ത്തിച്ച്‌ നോക്കുക. അത്‌ മനസ്സില്‍ ഉറച്ചിട്ടുണ്ടാകും. പിന്നെ ഇടക്ക്‌ അത്‌ ഒന്നുകൂടി വായിക്കുമ്പോള്‍ അത്‌ നന്നായി മനസ്സില്‍ പതിയും. അല്ലാതെ വെറുതെ ബുക്കിനു മുന്നില്‍ ഇരുന്നിട്ട്‌ എന്ത്‌ കാര്യം. വായിച്ചിട്ട്‌ മടുപ്പ്‌ തോന്നുമ്പോള്‍ ഒന്ന്‌ പുസ്‌തകം മാറ്റിവച്ച്‌ ഒരു പാട്ടു കേള്‍ക്കാം. ചിത്രം വരയ്‌ക്കാം, മുറ്റത്ത്‌ ഇറങ്ങി ചുറ്റും നോക്കാം, വീട്ടിലെ മറ്റ്‌ ആളുകളോട്‌ സംസാരിക്കാം, കളിക്കാം. എല്ലാം ചേരുന്നതാണ്‌ പഠിത്തം. അല്ലാതെ വെറുതെ Text Book പഠനം പഠനമാകില്ല.
അമ്മു : അമ്മേ, അപ്പോള്‍ ആര്യയുടെ പ്രശ്‌നം പരിഹരിച്ചുകിട്ടി. ഇനി ഇതവള്‍ക്ക്‌ പറഞ്ഞുകൊടുത്താല്‍ മതിയല്ലോ എനിക്ക്‌…
അപ്പു :ഹും… ഒരു അമ്മയും മോളും… ഞാന്‍ പുറത്ത്‌. അമ്മയ്‌ക്ക്‌ എന്നെ വേണ്ടല്ലോ…
അമ്മ :അയ്യോടാ, അതിനിടയില്‍ നീ പിണങ്ങിയോ… ഉം… നിന്റെ പിണക്കം മാറ്റാന്‍ ഞാനൊന്ന്‌ പറയട്ടേ?
അപ്പു : വേണ്ട… എനിക്ക്‌ കേള്‍ക്കണ്ട.
അമ്മ : അമ്മൂസേ അവന്‍ പിണക്കത്തിലാ… അപ്പോള്‍ അമ്മയുണ്ടാക്കിയ ഇലയട നമ്മള്‍ തന്നെ തിന്ന്‌ തീര്‍ക്കേണ്ടി വരുമല്ലോ… അപ്പു പിണക്കത്തിലാ…
അപ്പു : ങ്‌ഹേ… അമ്മ അട ഉണ്ടാക്കിയോ… എന്റെ പിണക്കം എപ്പഴേ മാറി.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close