അയല്‍ക്കാരുടെ കലാശപ്പോരാട്ടം ഇന്ന്

 

 

ഇന്ത്യശ്രീലങ്ക ഫൈനല്‍ ഇന്ന്, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1,3 ല്‍ വൈകീട്ട് 6.30
ഫൈനല്‍തോല്‍വി ശാപത്തില്‍ നിന്ന് കരകയറാന്‍ ലങ്ക,
പരിമിത ഓവര്‍ ക്രിക്കറ്റിലെ 3കിരീടങ്ങള്ക്കും ഒരേസമയം അവകാശിയാവാന്‍ ഇന്ത്യ

t20 final

അഞ്ചാമത് ട്വന്റി 20 ക്രിക്കറ്റ് ലോക കിരീടത്തിനായി അയല്‍ക്കാരായ ഇന്ത്യയും ശ്രീലങ്കയും മാറ്റുരയ്ക്കുമ്പോള്‍ ഫോമും ചരിത്രവും പ്രഥമ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് നേരിയ മുന്‍തൂക്കം നല്കുന്നു. ഇത്തവണ ഒരു മത്സരവും തോല്‍ക്കാതെ ഫൈനലിലെത്തിയ ഇന്ത്യയ്ക്ക് കാര്യമായ വെല്ലുവിളിയുണ്ടായിട്ടില്ല. അതേസമയം ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്ക ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു. യുവത്വവും പരിചയസമ്പത്തും സമന്വയിക്കുന്ന ശ്രീലങ്കന്‍ ടീമിനെ എഴുതിത്തള്ളാനാവില്ല. ഈ ലോകകപ്പോടെ അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിനോട് വിടപറയുന്ന മുന്‍നായകരായ കുമാര്‍ സംഗക്കാരയും മഹേല ജയവര്‍ധനെയും നാല് ലോകകപ്പ് ഫൈനലുകള്‍ തോറ്റതിന്റെ വേദനയുമായിട്ടാണ് ഫൈനലിനിറങ്ങുന്നത്. മധ്യനിര ബാറ്റ്‌സ്മാന്‍ വിരാട് കോലിയുടെ ഉജ്ജ്വല ഫോമും ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് മേഖലകളിലെ സന്തുലിതാവസ്ഥയും ഇന്ത്യയ്ക്ക് അനുകൂല ഘടകങ്ങളാണ്.

മഹേന്ദ്രസിങ് ധോനിയുടെ ഇന്ത്യന്‍ സംഘം, പരിമിത ഓവര്‍ ക്രിക്കറ്റിലെ എല്ലാ അന്താരാഷ്ട്ര കിരീടങ്ങളും ഒരേ സമയം സ്വന്തമാക്കുന്ന ടീമാകാനുള്ള കുതിപ്പിലാണ്. ഐ.സി.സി. കിരീടങ്ങലായ ഏകദിന ലോകകപ്പിനും ചാന്പ്യന്‍സ് ട്രോഫിക്കും അവകാശികളാണ് ഇപ്പോള്‍ ഇന്ത്യ. ട്വന്റി 20 ലോകകപ്പു കൂടി കിട്ടിയാല്‍ എല്ലാ കിരീടങ്ങള്ക്കും ഒരേ സമയം നേടുന്ന ടീമാവും ഇന്ത്യ. മാത്രവുമല്ല, ഏറ്റവുമധികം ലോകകപ്പുകള്‍ സ്വന്തമാക്കുന്ന ക്യാപ്റ്റനെന്ന റെക്കോഡിന് ധോനി അര്‍ഹനാവുകയും ചെയ്യും. 2007ല്‍ ധോനിയുടെ കീഴില്‍ ഇന്ത്യയുടെ യുവസംഘമാണ് പ്രഥമ ലോകകപ്പ് നേടിയത്. അതിനുശേഷം ട്വന്റി ലോകകപ്പിന്റെ ഫൈനലിലെത്താന്‍ ഇന്ത്യയ്ക്കായിട്ടില്ല. എന്നാല്‍ ഇതിനിടെ ഏകദിന ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും നേടി. ഇക്കുറി ജയിച്ചാല്‍ ധോനി സ്വന്തമാക്കുന്ന മൂന്നാമത്തെ ലോകകപ്പായിരിക്കുമത്. മുന്‍നായകരായ വെസ്റ്റിന്‍ഡീസുകാരന്‍ ക്ലൈവ് ലോയ്ഡിനും ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ്ങിനുമൊപ്പമാണ് ധോനി ഇപ്പോള്‍. ലോയ്ഡും പോണ്ടിങ്ങും രണ്ട് ഏകദിന ലോകകപ്പുകള്‍ നേടിയിട്ടുണ്ട്.

ഇന്ത്യലങ്ക ഫൈനല്‍ പോരാട്ടങ്ങളില്‍ ജയാപചയങ്ങള്‍ മാറിമറിയുന്നതും സമ്മര്‍ദത്തിനടിപ്പെട്ട് മത്സരം കൈവിടുന്നതും പുതിയ സംഭവമല്ല. രണ്ടു ടീമുകളും പരാജയത്തിന്റെ കയ്പും വിജയത്തിന്റെ മധുരവും രുചിച്ചിട്ടുണ്ട്. ഏറെക്കുറെ തുല്യശക്തികളായാണ് ഫൈനലില്‍ മാറ്റുരയ്ക്കാറുള്ളതെങ്കിലും ഫലം ഏറെക്കുറെ ഏകപക്ഷീയമായി മാറുന്നുവെന്നാണ് അനുഭവം.

മുന്‍നായകരുടെ വിടപറയല്‍ മത്സരം ആഘോഷമാക്കാനുള്ള തന്ത്രങ്ങളുമായാവും ലങ്കന്‍ പട ഇറങ്ങുക. മികച്ച സ്പിന്നര്‍മാരും പേസര്‍മാരുമടങ്ങുന്ന ആക്രമണനിരയും വമ്പന്‍ അടികള്‍ക്കും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഇന്നിങ്‌സിന് വേഗം കൂട്ടാനും കെല്പുള്ള ബാറ്റിങ്‌നിരയും അവര്‍ക്കുണ്ട്. ടൂര്‍ണമെന്റിന് വരുമ്പോള്‍ ബൗളിങ്ങായിരുന്നു ഇന്ത്യയുടെ ദൗര്‍ബല്യമായി കണക്കാക്കിയിരുന്നത്. എന്നാല്‍, ഗ്രൂപ്പ് ഘട്ടത്തിലെ നാലു കളികളിലും ജയം കൊണ്ടുവന്നത് ബൗളര്‍മാരാണ്. പ്രത്യേകിച്ചും സ്പിന്നര്‍മാര്‍. ആദ്യ രണ്ടു കളികളില്‍ ലെഗ്‌സ്പിന്നര്‍ അമിത് മിശ്രയും പിന്നീടുള്ള രണ്ടു കളികളില്‍ ആര്‍. അശ്വിനും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അഞ്ചാം മത്സരമായ സെമിയില്‍ കോലിയാണ് താരമായത്. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായ കോലി ഒറ്റയ്ക്ക് മത്സരം ജയിക്കാന്‍ കെല്പുള്ള താരമാണ്. ഇരു ടീമുകള്‍ക്കും മികച്ച ആക്രമണനിരയും ബാറ്റിങ് നിരയുമുണ്ട്. എന്നാല്‍, ബാറ്റിങ്ങ് ഡിപ്പാര്‍ട്ടുമെന്റില്‍ കോലിയുടെ ഫോം ഇന്ത്യയെ മുന്നില്‍ നിര്‍ത്തുന്നു. ലങ്കന്‍ നിരയില്‍ ഏറ്റവും അപകടകാരി അവരുടെ താത്കാലിക നായകനും പേസ് ബൗളറുമായ ലസിത് മലിംഗയാണ്. ഫോമിലല്ലാത്ത യുവനായകന്‍ ദിനേശ് ചാന്‍ഡിമല്‍ മാറിനിന്നതിനെ തുടര്‍ന്നാണ് മലിംഗ നായക പദവിയിലേക്കുയര്‍ന്നത്. അവസാന ഓവറുകളില്‍ യോര്‍ക്കറുകളിലൂടെ ബാറ്റ്‌സ്മാന്മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന മലിംഗയെ ഇന്ത്യയ്ക്കും പേടിച്ചേ പറ്റൂ.

ഇന്ത്യയും ലങ്കയും ഇതുവരെ 19 ടൂര്‍ണമെന്റ് ഫൈനലുകളില്‍ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ ഇന്ത്യ ഒമ്പതു തവണ ജയിച്ചപ്പോള്‍ എട്ടെണ്ണം ലങ്കയ്‌ക്കൊപ്പം നിന്നു. രണ്ടെണ്ണം ഉപേക്ഷിക്കപ്പെട്ടു. ഇന്ത്യ ഇക്കുറി ഫൈനല്‍ ജയിച്ചാല്‍ ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവുമധികം തുടര്‍ വിജയങ്ങള്‍ നേടിയതിന്റെ റെക്കോഡിനൊപ്പമെത്തും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close