അര്‍ജന്റീനയെ മിശിഹ കാത്തു

messi iran
ഇഞ്ചുറി ടൈമില്‍ ലയണല്‍ മെസ്സി അര്‍ജന്റീനയുടെ മിശിഹായായി അവതരിച്ചു. ഇറാന്‍ പ്രതിരോധം തീര്‍ത്ത ചങ്ങലപൊട്ടിച്ചു മെസി നേടിയ ഒരേയൊരു ഗോളിന് അര്‍ജന്റീന രക്ഷപ്പെടുകയായിരുന്നു. സമനില വഴങ്ങിയേക്കുമെന്ന് തോന്നിയ നിമിഷത്തിലായിരുന്നു ബോക്‌സിനു പുറത്തു നിന്ന് മെസ്സിയുടെ സുന്ദരന്‍ ഗോള്‍.
മത്സരത്തിലുടനീളം ആധിപത്യം അര്‍ജന്റീനയ്ക്ക തന്നെയായിരുന്നു. മുന്‍നിരയില്‍ മെസ്സിക്കൊപ്പം ഹിഗ്വയ്‌നും അഗ്യൂറോയും തുടക്കത്തിലേ അണി നിരത്തിയാണ് സബേല ടീമിനെ ഇറക്കിയത്. 14-ാം മിനിറ്റില്‍ ലീഡു നേടാന്‍ ഹിഗ്വയിന് അവസരം ലഭിച്ചെങ്കിലും ഇറാന്‍ ഗോളിയെ മറികടക്കാനായില്ല. തുടര്‍ന്ന് അവസരങ്ങള്‍ പാഴാക്കുന്നതില്‍ മത്സരിക്കുകയായിരുന്നു അര്‍ജന്റീനന്‍ താരങ്ങള്‍. അഗ്യൂരോയും മരിയയും മെസിയുമെല്ലാം ഇക്കാര്യത്തില്‍ മത്സരിച്ചപ്പോള്‍ ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. രണ്ടാം പകുതിയിലും ഇറാന്‍ കളി മാറ്റിയില്ല. ഏഴ് പ്രതരോധ നിരക്കാരെ അണി നിരത്തി ബോക്സിന് മുന്നില്‍ ഒരുക്കിയ കെണിയില്‍ അര്‍ജന്റീനന്‍ മുന്നേറ്റങ്ങള്‍ കുരുങ്ങി. ഇതിനിടയില്‍ പ്രത്യാക്രമണങ്ങളിലൂടെ അര്‍ജന്റീനയുടെ ചങ്കിടിപ്പ് കൂട്ടാനും പേര്‍ഷ്യക്കാര്‍ മറന്നില്ല. 52ാം മിനുട്ടില്‍ ഷുജാഇ നല്‍കിയ ക്രോസ്. ക്ലോസ് റേഞ്ചില്‍ നിന്ന് ഗൂചെഞ്ചഹദ് പന്തിന് തലവെച്ചെങ്കിലും അര്‍ജന്റീനന്‍ കീപ്പര്‍ രക്ഷകനായി. 10 മിനുട്ടിന് ശേഷം കോര്‍ണറില്‍ നിന്ന് ഇറാന് വീണ്ടും സുവര്‍ണാവസരം ലഭിച്ചു. ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചില്‍ ഭാഗ്യം കൊണ്ട് അര്‍ജന്റീന രക്ഷപ്പെട്ടു. 67-ാംമിനുട്ടില്‍ ദെജഗായുടെ ഹെഡര്‍ റൊമീറോ പറന്ന് കുത്തിയകറ്റി. 73ാം മിനുട്ടില്‍ മെസിയുടെ ഫ്രീ കിക്ക് പോസ്റ്റിന് തൊട്ടുരുമി പുറത്തേക്ക്
പറന്നു. എന്നാല്‍ അവസാന മിനുട്ടുകളില്‍ വിംഗുകളിലൂടെ അര്‍ജന്റീന നടത്തിയ നീക്കങ്ങളില്‍ പേര്‍ഷ്യന്‍ കോട്ട ഒന്നുലഞ്ഞു. ആ അമ്പരപ്പില്‍ ഇറാന് മനസ്സാനിധ്യം നഷ്ടപ്പെട്ട ഏക നിമിഷം മെസി മുതലാക്കി.
Show More
Close
Close