അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി

election07

ലോക്‌സഭ തെരഞ്ഞെടുപ്പിലെ  അവസാനഘട്ട  വോട്ടെടുപ്പ്  തുടങ്ങി. ഉത്തര്‍പ്രദേശ്  ബീഹാര്‍  പശ്ചിമ  ബംഗാള്‍  എന്നിവിടങ്ങളിലെ 41 മണ്ഡലങ്ങളിലാണ് വെട്ടെടുപ്പ്. നരേന്ദ്ര  മോദിയും , അരവിന്ദ്  കെജരിവാളും , അജയ്  റായിയും  ഏറ്റുമുട്ടുന്ന  വാരാണസി യില്‍  സുരക്ഷയ്ക്ക് 45 കമ്പനി  അര്‍ദ്ധസൈനിക  വിഭാഗത്തെയും എട്ട് കമ്പനി  ദ്രുതകര്‍മ്മ  സേനയേയും  വിന്യസിച്ചിട്ടുണ്ട്.

ജാതി സമവാക്യം വലിയ സ്വാധീനമാകുന്ന ഉത്തര്‍പ്രദേശ് ബീഹാര്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ബിജെപിക്കും നരേന്ദ്ര മോദിക്കും പ്രധാനമാണ്. പിന്നാക്ക , ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായ കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ പരമാവധി വോട്ട് നേടാനായാല്‍ മാത്രമേ 272 എന്ന ലക്ഷത്തിലെത്താന്‍ ബിജെപിക്ക് ആകൂ. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയും, ആംആത്മി പാര്‍ടിയുടെ അരവിന്ദ് കെജരിവാളും, കോണ്‍ഗ്രസിന്റെ അജയ് റായും ഏറ്റുമുട്ടുന്ന വാരാണസിയില്‍ തീപാറുന്ന പോരാട്ടം തന്നെയായിരിക്കും. ഭൂരിപക്ഷം കുറഞ്ഞാല്‍ പോലും അത് മോദിക്കും ബിജെപിക്കും വലിയ തിരിച്ചടിയാകും. വാരാണസിയിലെ വരണാധികാരിയുമായി ബന്ധപ്പെട്ട് ബിജെപി ഉന്നയിച്ച പ്രതിഷേധത്തെ തുടര്‍ന്ന് പ്രത്യേക നിരീക്ഷകന് പ്രവീണ്‍ കുമാറിന്റെ മേല്‍നോട്ടത്തിലാണ് വാരാണസിയിലെ തെരഞ്ഞെടുപ്പ്.

അസംഗഢില്‍നിന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. ബിജെപിയുടെ സിറ്റിം എംപിയായ രമാകാന്ത് യാദവാണ് മുലായത്തിന്റെ എതിരാളി. കുശിനഗറില്‍ ആഭ്യന്തര സഹമന്ത്രി ആര്‍പിഎന്‍ സിംഗും മത്സരരംഗത്തുണ്ട്. ബിജെപിയിലേക്ക് ചുവടുമാറിയ മുന്‍ മുഖ്യമന്ത്രി ജഗദാംബിക പാല്‍ ദൊമരിയാഗഞ്ച് മണഡലത്തില്‍ നിന്ന് ഭോജ്പുരി നടന്‍ രവി കിഷന്‍ ജോണ്‍പൂരില്‍നിന്നും ജനവിധി തേടുന്നു.

ബീഹാറിലെ പശ്ചിം ചംപാരണില്‍ ബോളിവുഡ് സംവിധായകന്‍ പ്രകാശ് ഝാ ജെഡിയു ടിക്കറ്റില്‍ മത്സരിക്കുന്നു. ലാലുപ്രസാദ് യാദവിന്റെ അടുത്ത അനുയായിയും മുന്‍ കേന്ദ്ര മന്ത്രിയുമായ രഘുവന്‍ശ് പ്രസാദ് സിംഗ് വൈശാലി മണ്ഡലത്തില്‍ ജനവിധി തേടുന്നുണ്ട്.

പതിനേഴ് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ മുന്‍ റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി ബാരഖ്പൂര്‍ മണ്ഡലത്തില്‍ സിപിഎമ്മിന്റെ സുഭാഷിണി അലിയെ നേരിടും. ദംദം മണ്ഡലത്തില്‍ ത്രിണമൂലിന്റെ സൗഗത റോയും ബിജെപിയുടെ തപന്‍ സിക്ദറും, സിപിഎമ്മിന്റെ അസിം ദാസ്ഗുപ്തയും തമ്മിലുള്ള ശക്തമായ ത്രികോണ മത്സരമാണ്. കൊല്‍ക്കത്ത നോര്‍ത്തില്‍നിന്ന് സുദീപ് ബന്ധോപാധ്യായയും ജനവിധി തേടുന്നു. ബരാസത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മാന്ത്രികന്‍ പിസി സൊര്‍കാര്‍ പിസിസി അദ്ധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി, മമതാ ബാനര്‍ജിയുടെ അനന്തിരവന്‍ അഭിഷേക് ബാനര്‍ജി എന്നിവരും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നു.

മുന്‍ ഘട്ടങ്ങളില്‍ ബൂത്തുപിടുത്തം നടന്നതായുള്ള ശക്തമായ ആരോപണത്തെ തുടര്‍ന്ന് കൂടുല്‍ നിരീക്ഷകര്‍ വേണമെന്ന് പശ്ചിമബംഗാളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ഘട്ടത്തോടെ രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് പൂര്‍ത്തിയാകും. വൈകിട്ട് ആറരക്ക് ശേഷം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close