അവസാന മിനുട്ടില്‍ ഐവറികോസ്റ്റ് വീണു

ivory

ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മിന്നിമറിഞ്ഞ നിമിഷങ്ങള്‍…

ഐവറി കോസ്റ്റിനും ലോകകപ്പ് പ്രീ ക്വാര്‍ട്ടറിനും ഇടയിലുണ്ടായിരുന്നത് വെറും രണ്ടേ രണ്ട് മിനുട്ട്. അതിനിടയില്‍ എല്ലാം മാറി മറിഞ്ഞു. മാനിയാറ്റിസിനെ പ്രതിരോധിക്കുന്നതില്‍ സിയോക്ക് പിഴച്ചു. ഗ്രീസിന് അനുകൂലമായി പെനാല്‍റ്റി. സമരാസ് അത് ഭംഗിയായി ഗോളിലെത്തിക്കുക കൂടി ചെയ്തതോടെ ഐവറികോസ്റ്റ് ലോകകപ്പില്‍ നിന്നും പുറത്ത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി ഗ്രീസ് പ്രീ ക്വാര്‍ട്ടറില്‍ . ആദ്യമായാണ് ഗ്രീസ് പ്രീ ക്വാര്‍ട്ടറിലെത്തുന്നത്. ഒരു സമനില മാത്രം മതിയായിരുന്നു ഐവറി കോസ്റ്റിന് പ്രീ ക്വാര്‍ട്ടറിലെത്താന്‍. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ട് 43ാം മിനുട്ടില്‍ സമാരിസ് ഗ്രീസിന് ലീഡ് സമ്മാനിച്ചു. ഇടവേളയ്ക്ക് ശേഷം സമനിലയ്ക്കായി പൊരുതിയ ഐവറികോസ്റ്റിന് അതിന്റെ ഗുണം ലഭിച്ചതോടെ അവര്‍ വീണ്ടും ഡ്രൈവിംഗ് സീറ്റിലായി. 75ാം മിനുട്ടില്‍ വില്‍ഫ്രഡ് ബോണിയാണ് ഗോള്‍ നേടിയത്. എന്നാല്‍ ഇഞ്ചുറി ടൈമില്‍ വന്ന പിഴവിന് ഐവറി കോസ്റ്റ് കനത്ത വില നല്‍കേണ്ടി വന്നു. കോസ്റ്റാറിക്കയാണ് പ്രീ ക്വാര്‍ട്ടറില്‍ ഗ്രീസിന്റെ എതിരാളികള്‍.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കൊളംബിയ ജപ്പാനെ തകര്‍ത്തു. ഒന്നിനെതിരെ നാല് ഗോളിനാണ് കൊളംബിയയുടെ ജയം. ഇതോടെ മൂന്ന് ജയവുമായി കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. പ്രീ ക്വാര്‍ട്ടറില്‍ ഉറുഗ്വെയുമായാണ് കൊളംബിയയുടെ മത്സരം.

ആദ്യ പകുതി പിന്നിടുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ലാറ്റിനമേരിക്കന്‍ കരുത്തിന് മുന്നില്‍ ജപ്പാന്‍ പതറി. 16ാം മിനുട്ടില്‍ പെനാല്‍റ്റിയില്‍ നിന്നും ക്വാഡ്രാഡോയാണ് ആദ്യ ഗോള്‍ നേടിയത്. മാര്‍ട്ടിനസ് രണ്ട് ഗോള്‍ നേടി. ജയിംസ് റോഡ്രിഗസിന്റെ ബൂട്ടില്‍ നിന്നായിരുന്നു ശേഷിക്കുന്ന ഗോള്‍. ഷിന്‍ജി ഒകാസാകിയാണ് ജപ്പാന്റെ ആശ്വാസ ഗോള്‍ നേടിയത്

Show More
Close
Close