ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി

aam admi

ആം ആദ്മി പാര്‍ട്ടിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. അധികാരത്തിലെത്തിയാല്‍ അഴിമതി വിരുദ്ധ ജന്‍ ലോക്പാല്‍ ബില്‍ നടപ്പിലാക്കുമെന്നാണ് പ്രധാന വാഗ്ദാനം. വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം വീണ്ടെടുക്കുമെന്നും ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ പരിഷ്‌കരണം കൊണ്ടുവരുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.

കൂടുതല്‍ ജനപ്രിയവും ഭരണ രംഗത്ത് സുതാര്യത ഉറപ്പുവരുത്തുന്നതുമായ പ്രകടന പത്രികയാണ് ആം ആദ്മി പാര്‍ട്ടി പുറത്തിറക്കിയത്. പ്യൂണ്‍ മുതല്‍ പ്രധാനമന്ത്രി വരെയുള്ളവര്‍ക്ക് അഴിമതി കേലുകളില്‍ ശിക്ഷ ഉറപ്പുവരുത്തുന്ന ജന്‍ ലോക്പാല്‍ ബില്‍ നടപ്പാക്കുമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. തെരഞ്ഞെടുപ്പ് പരിഷ്‌ക്കാരമാണ് ശ്രദ്ധേയമായ മറ്റൊരു വാഗ്ദാനം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായ പരിധി 25ല്‍ നിന്നും 21 ആക്കി കുറയ്ക്കും. ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള അധികാരം കൊണ്ടുവരും. അധികാര വികേന്ദ്രീകരണം കാര്യക്ഷമമാക്കാന്‍ മൊഹല്ല സഭകള്‍ രൂപീകരിക്കും.

രാജ്യത്തെ കോടതികളുടെ എണ്ണം ഇരട്ടിയാക്കുകയും കൂടുതല്‍ ജഡ്ജിമാരെ നിയമിക്കുകയും ചെയ്യും. കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനുവേണ്ടി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്നും പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. കൂടുതല്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവയാണ് മറ്റു പദ്ധതികള്‍. കര്‍ഷകര്‍ക്ക് സൗജന്യ ഇന്‍ഷൂറന്‍സ്, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കും തൂടങ്ങിയവയാണ് കാര്‍ഷിക രംഗത്തിനുള്ള വാഗ്ദാനങ്ങള്‍. സ്ത്രീ സുരക്ഷയ്ക്കായി പൊലീസ് സംവിധാനം പരിഷ്‌ക്കരിക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കും. കുറ്റാരോപിതരെ ചോദ്യം ചെയ്യുന്ന മുറിയിലും ക്യാമറ സ്ഥാപിക്കും. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്നവര്‍ക്ക് സി സി ടി വി ദൃശ്യങ്ങള്‍ നല്‍കും.

അതിര്‍ത്തി കടന്നുള്ള ഭീകരവാദം വെച്ചുപൊറുപ്പിക്കില്ലെന്നും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പ്രകടന പത്രിക പറയുന്നു. സാധാരണ ജനങ്ങളില്‍നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങളെല്ലാം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ മാനിഫെസ്റ്റോ ഇവിടെ കാണാം: https://app.box.com/s/q9k6f7e21265olkpxrzq

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close