ആദ്യം ആശങ്ക, പിന്നെ ആഹ്ലാദം; ആഘോഷലഹരിയില്‍ ആറന്മുള

1

ആറന്മുള: ഹരിത ട്രിബ്യൂണലിന്റെ വിധി പ്രതീക്ഷിച്ചിരുന്ന ആറന്മുള സത്യാഗ്രഹ സമരപ്പന്തല്‍ ബുധനാഴ്ച രാവിലെ മുതല്‍ ആശങ്കയിലായിരുന്നു. സമരത്തിന്റെ ഭാവി നിര്‍ണയിക്കുന്ന നിര്‍ണായക ദിവസത്തിന്റെ സമ്മര്‍ദ്ദവും ഏവരുടെയും മുഖത്തുണ്ടായിരുന്നു.
സത്യാഗ്രഹത്തിന്റെ 108-ാം ദിവസത്തെ ഉദ്ഘാടനകനായി എത്തിയതാവട്ടെ ആറന്മുള വിമാനത്താവള സമരം ആദ്യകാലത്ത് തുടങ്ങിവച്ച നദീസംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപിനാഥപിള്ള. അവിചാരിതമെങ്കിലും സമരത്തിന്റെ നിര്‍ണായകദിനത്തില്‍ സമരപ്പന്തലില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായി.
സമരസമിതി നേതാക്കളെല്ലാം രാവിലെ പത്തരയോടെ സമരപ്പന്തലിനുസമീപത്തെ വീട്ടില്‍ ഒത്തുകൂടി ടി.വിയിലെ ഫ്ലാഷ് വാര്‍ത്തയ്ക്കായി കാത്തിരുന്നു. മുക്കാല്‍ മണിക്കൂര്‍ കാത്തിരിപ്പിനൊടുവില്‍ 11.15ന് ഫ്ലാഷ് വാര്‍ത്തകള്‍ വന്നുതുടങ്ങി. ആറന്മുള പ്രതീക്ഷിച്ച വിധിതന്നെ. ഇതോടെ സമരസമിതി നേതാക്കള്‍ക്ക് സന്തോഷം പിടിച്ചുനിര്‍ത്താനായില്ല. പലരും പാര്‍ത്ഥസാരഥിയുടെ പതിനെട്ടാംപടിക്കലേക്കോടി ഭഗവാനോട് നന്ദി പറഞ്ഞു.
വിവരമറിഞ്ഞ് സമരപ്പന്തല്‍ ആഹ്ലാദംകൊണ്ട് ആവേശത്തിലായി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള സത്യാഗ്രഹികള്‍ സമരപ്പന്തല്‍ വിട്ട് റോഡിലേക്കിറങ്ങി ആഘോഷിച്ചു.
വിവരമറിഞ്ഞ് ആറന്മുളയിലേക്ക് സമരസമിതിപ്രവര്‍ത്തകരുടെ ഒഴുക്കായി. പ്രതിഷേധത്തിന്റെ ശക്തി മൂര്‍ച്ഛിച്ചപ്പോള്‍ ഒന്നുരണ്ടു കല്ലുകള്‍ കെ.ജി.എസ്. ഓഫീസിനുനേരെ പാഞ്ഞെങ്കിലും ആവര്‍ത്തിക്കാതിരിക്കാന്‍ നേതാക്കള്‍ ഇടപെട്ടു. ആഘോഷങ്ങള്‍ മണിക്കൂറുകള്‍ ചെങ്ങന്നൂര്‍-കോഴഞ്ചേരി പാതയില്‍ ഗതാഗതം തടസ്സപ്പെടുത്തി.
മധുരപലഹാരങ്ങളുമായി വീട്ടമ്മമാര്‍ സമര സ്ഥലത്തേക്കെത്തി. കുമ്മനം രാജശേഖരനുള്‍പ്പെടെയുള്ള സമരനേതാക്കളെ തോളിലേറ്റി പ്രവര്‍ത്തകര്‍ നൃത്തം ചെയ്തു. വൈകീട്ട് നടന്ന ആഹ്ലാദപ്രകടനത്തിലും വന്‍ ജനാവലിയാണ് പങ്കെടുത്തത്.
പ്രകടനം സമരപ്പന്തലിലേക്കെത്തിയപ്പോഴേക്കും എല്ലാവര്‍ക്കും പായസം തയ്യാറാക്കിയിരുന്നു. പ്രതിഷേധത്തിന്റെ ശക്തികൂടിയപ്പോള്‍ എം.എല്‍.എ. ശിവദാസന്‍നായരുടെ കോലം സമരപ്പന്തലിനുമുന്നില്‍ കത്തിച്ചു.
സത്യാഗ്രഹം തത്കാലം അവസാനിപ്പിക്കുന്നുവെന്ന കുമ്മനം രാജശേഖരന്റെ പ്രഖ്യാപനവും പ്രവര്‍ത്തകര്‍ മുദ്രാവാക്യംവിളികളോടെ പിന്തുണച്ചു. കെ.ജി.എസ്. ആറന്മുള വിടുംവരെ സമരം തുടരുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനവും സമരക്കാരെ ആവേശത്തിലാക്കി. രാത്രി വൈകിയും ആറന്മുളയില്‍ ആഘോഷം തുടരുകയാണ്.

23 4 56

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close