ആദ്യദിനം തന്നെ ഇന്ത്യ 152ന് പുറത്ത്

മഴ പെയ്തു കുതിര്‍ന്ന പിച്ചില്‍ ഇന്ത്യന്‍ ബാറ്റിങിനെ അരിഞ്ഞു വീഴ്ത്തി ഇംഗ്ലീഷ് പേസര്‍മാരുടെ വിക്കറ്റ് കൊയ്ത്ത്. 25 റണ്‍സിന് ആറു വിക്കറ്റെടുത്ത സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ആക്രമണത്തില്‍, ഇന്ത്യന്‍ ബാറ്റിങ് നിര നാലാം ടെസ്റ്റിന്റെ ആദ്യദിനം തന്നെ 152ന് പുറത്ത്.

ബ്രോഡിന്റെ ആറു വിക്കറ്റിനുള്ള ഇന്ത്യന്‍ മറുപടി പൂജ്യത്തിനു പുറത്തായ ആറു ബാറ്റ്‌സ്മാന്‍മാര്‍. കഴിഞ്ഞ ടെസ്റ്റിലെ മാന്‍ ഓഫ് ദ് മാച്ച് ജയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്നു വിക്കറ്റെടുത്തു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ 15 ഓവറില്‍ രണ്ട് വിക്കറ്റിന് 40 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഗാരി ബല്ലാന്‍സും (ഒന്‍പത്) ഇയാന്‍ ബെല്ലുമാണ്(അഞ്ച്) ക്രീസില്‍. ഓള്‍ഡ് ട്രഫോര്‍ഡില്‍ ടോസ് ലഭിക്കുന്ന ക്യാപ്റ്റന്‍മാര്‍ പതിവായി എടുക്കാറുള്ള തീരുമാനമാണ് ധോണിയും എടുത്തത്.

ആദ്യം ബാറ്റിങ്. എന്നാല്‍ മഴക്കാറു മൂടിയ ആകാശത്തു നിന്ന് മഴത്തുള്ളികള്‍ ചാറിയപ്പോള്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ അലസ്റ്റയര്‍ കുക്കിന്റെ മനം കുളിര്‍ത്തു. അര മണിക്കൂര്‍ കഴിഞ്ഞ് മൈതാനത്തിറങ്ങിയപ്പോഴും ഇംഗ്ലീഷ് ബോളര്‍മാര്‍ കുക്കിന്റെ വിശ്വാസം കാത്തു. ആദ്യ ആറു ഓവറില്‍ തന്നെ ഇന്ത്യ എട്ടിന് നാല് എന്ന പരിതാപകരമായ നിലയില്‍. 2012 ഡിസംബറിനു ശേഷം തന്റെ ആദ്യ ടെസ്റ്റിനിറങ്ങിയ ഗൗതം ഗംഭീറാണ് ആദ്യ പുറത്തായത്. ബ്രോഡിന്റെ പന്തില്‍ റൂട്ടിനു ക്യാച്ച്. കണ്ണടച്ചു തുറക്കുമ്പോഴേക്കും മുരളി വിജയ്, വിരാട് കോഹ്‌ലി, ചേതേശ്വര്‍ പൂജാര എന്നിവരും പവിലിയനിലെത്തി.

പൂജാരയെ ബ്രോഡ് തന്നെ പുറത്താക്കിയപ്പോള്‍ ആന്‍ഡേഴ്‌സണായിരുന്നു വിജയിയുടെയും കോഹ്‌ലിയുടെയും വിക്കറ്റ്. ധോണിയും രഹാനെയും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇന്ത്യയെ പിന്നീട് കുറച്ചു നേരം ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നു കാത്തത്. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 55 റണ്‍സ് ഇന്ത്യന്‍ സ്‌കോര്‍കാര്‍ഡിലേക്കു കൂട്ടിച്ചേര്‍ത്തു.

ലഞ്ചിനു മുന്‍പു തന്നെ രഹാനെയും വീണു. പുതുമുഖതാരം ക്രിസ് ജോര്‍ദാന്റെ പന്തില്‍ ഇയാന്‍ ബെല്ലിനു ക്യാച്ച്. 52 പന്തുകളില്‍ 24 റണ്‍സായിരുന്നു രഹാനെയുടെ സമ്പാദ്യം. ധോണിയുടെ ഉറ്റകൂട്ടുകാരന്‍ രവീന്ദ്ര ജഡേജയാണ് പിന്നീടെത്തിയത്. മറുഭാഗത്ത് ആന്‍ഡേഴ്‌സണും. കളത്തിനു പുറത്ത് ജയിച്ചതിന്റെ വീര്യം ആന്‍ഡേഴ്‌സണ്‍ പിച്ചിലും കാണിച്ചു. ഏഴു പന്തുകള്‍ നേരിട്ട ജഡേജ ആന്‍ഡേഴ്‌സന്റെ പന്തില്‍ എല്‍ബിയായി പൂജ്യത്തിനു പുറത്ത്.

ഏഴാം വിക്കറ്റില്‍ അശ്വിന്‍ ധോണിക്കു കൂട്ടായി പിടിച്ചു നിന്നതോടെ ഇന്ത്യയ്ക്കു അല്‍പം ആശ്വാസമായി. ഏകദിന ശൈലിയില്‍ ബാറ്റു വീശിയ അശ്വിന്‍ സ്‌കോര്‍ ബോര്‍ഡിനു വേഗം കൂട്ടി. ഏഴാം വിക്കറ്റില്‍ 14 ഓവറുകള്‍ പിടിച്ചു നിന്ന സഖ്യം ഇന്ത്യന്‍ സ്‌കോര്‍ നൂറു കടത്തി. മല്‍സരത്തിലെ ആധിപത്യം അപ്പോഴും നഷ്ടപ്പെടുത്താതിരുന്ന ബ്രോഡ് നാല്‍പതാം ഓവറില്‍ കൂട്ടുകെട്ട് പൊളിച്ചു. റോബ്‌സണു പിടി കൊടുത്ത് അശ്വിന്‍ പുറത്ത്. ഇന്ത്യ ഏഴിനു 129. പിന്നീടെല്ലാം അവസാന ചടങ്ങുകള്‍ മാത്രം. 46.4 ഓവറില്‍ 152 റണ്‍സിന് ഇന്ത്യയുടെ ഇന്നിങ്‌സ് പൂര്‍ണം. അഭിമാനിക്കാന്‍ അല്‍പമെങ്കിലും വകയുള്ളത് 133 പന്തുകളില്‍ 71 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിക്കു മാത്രം. അതില്‍ അറുപതും ബൗണ്ടറികളിലൂടെ

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close