ആദ്യ ഘട്ടം ആറു മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ആരംഭിച്ചു

പൊതുതിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷയില്‍ അസമിലെ അഞ്ച് മണ്ഡലങ്ങളിലും ത്രിപുരയിലെ ഒരു മണ്ഡലത്തിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ 76 ലക്ഷം വോട്ടര്‍മാര്‍ക്കാണ് സമ്മതിദാനാവാകാശമുള്ളത്. ത്രിപുരയിലെ ത്രിപുര വെസ്റ്റ്, അസമിലെ തേസ്പുര്‍ , കലിയബോര്‍, ജോര്‍ഹട്, ദ്രിബ്രുഢ്, ലഖിംപുര്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ട് സീറ്റുകളുള്ള ത്രിപുരയില്‍ രണ്ടു ഘട്ടങ്ങളായും 14 സീറ്റുകളുള്ള അസമില്‍ മൂന്ന് ഘട്ടങ്ങളായുമാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലുമായി 64 സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ഇതില്‍ 13 പേര്‍ ത്രിപുര വെസ്റ്റ് മണ്ഡലത്തില്‍ മാത്രമുള്ളവരാണ്. അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ മകന്‍ ഗൗരവ് ഗോഗോയ്, കേന്ദ്രമന്ത്രിമാരായ ബി.കെ. ഹാണ്ഡിക്ക്, പബന്‍ സിങ് ഖട്ടോവര്‍, ബി.കെ. ഹണ്ഡിക്ക്, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് സര്‍ബനന്ദ സോനോവാള്‍ , ആദിവാസി നോവ് കാമാഖ്യ പ്രസാദ് താസ, കബീന്ദ്ര പുരകായസ്ത, എ.ജി.പി. നേതാക്കളായ ജോസഫ് ടോപ്പൊ, അരുണ്‍കുമാര്‍ ശര്‍മ, പ്രദീപി ഹസാരിക എന്നിവരാണ് ഇന്ന് അസമില്‍ ജനവിധി തേടുന്ന പ്രമുഖര്‍ . അസമില്‍ 8,588 പോളിങ് സ്‌റ്റേഷനുകളാണ് ആദ്യഘട്ടത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ 1,221 പോളിങ് സ്‌റ്റേഷനുകള്‍ അതീവ പ്രശ്‌നബാധിതമാണ്. ബുധനാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. അരുണാചല്‍ പ്രദേശിലെയും മേഘാലയയിലെയും രണ്ട് മണ്ഡലങ്ങളില്‍ വീതവും മണിപ്പുര്‍ , മിസോറം, നാഗാലന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റിലേക്കുമാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ പത്ത് വ്യാഴാഴ്ച നടക്കുന്ന മൂന്നാംഘട്ടത്തില്‍ കേരളമടക്കം 14 സംസ്ഥാനങ്ങളിലെ 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. പ്രചാരണ പരിപാടികള്‍ ചൊവ്വാഴ്ച അവസാനിക്കും. 16-ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ നേതൃത്വത്തില്‍ എന്‍ .ഡി.എ. സഖ്യത്തിന്റെ മുന്നേറ്റമാണ് അഭിപ്രായസര്‍വേകള്‍ പ്രവചിക്കുന്നത്. എന്നാല്‍ , കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലുമെന്നപോലെ സര്‍വേകള്‍ തെറ്റുമെന്ന് കോണ്‍ഗ്രസ്സും നേതൃത്വം നല്‍കുന്ന യു.പി.എ.യും ഉറച്ചുവിശ്വസിക്കുന്നു. മൂന്നാം മുന്നണി രൂപവത്കരണം തിരഞ്ഞെടുപ്പിനുമുമ്പേ ഉപേക്ഷിച്ചു. മൂന്നാംചേരിയില്‍ പ്രത്യക്ഷപ്പെട്ട കക്ഷികളെല്ലാം തന്നെ ഒറ്റയ്ക്ക് മത്സരിക്കുന്നു. ഡല്‍ഹിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ആം ആദ്മി പാര്‍ട്ടി ദേശീയതലത്തിലും പരീക്ഷണത്തിന് ഇക്കുറിയുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close