ആന്ധ്രയില്‍ വാതക പൈപ്പ് ലൈനില്‍ സ്ഫോടനം; 14 മരണം

andra blast

ആന്ധ്രയില്‍ ഒ.എന്‍.ജി.സിയുടെ വാതക  പൈപ്പ് ലൈനിലുണ്ടായ സ്ഫോടനത്തില്‍ 14 പേര്‍  കൊല്ലപ്പെട്ടു.   ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു, മരണസംഖ്യ ഉയര്‍ന്നേക്കും. ഹൈദരാബാദില്‍നിന്ന് 560 കിലോമീറ്റര്‍ അകലെ ഈസ്റ്റ്   ഗോദാവരി ജില്ലയിലെ ഒ.എന്‍.ജി.സി പദ്ധതി പ്രദേശത്താണ്   തീപിടുത്തവും തുടര്‍ന്ന് സ്ഫോടനവുമുണ്ടായത്.

സ്‌ഫോടനത്തെ തുടര്‍ന്ന് 20 മീറ്ററോളം ഉയരത്തില്‍ തീ ഉയര്‍ന്നു. ഏതാനും വീടുകളും കടകളും കത്തിനശിച്ചു. പ്രദേശവാസികളെ അധികൃതര്‍ ഒഴിപ്പിച്ചിട്ടുണ്ട്. 20 ഫയര്‍ എന്‍ജിനുകള്‍ ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.  ഒ എന്‍ ജി സി റിഫൈനറിക്ക് സമീപത്തുകൂടി കടന്നുപോകുന്ന 18 ഇഞ്ച് പൈപ്പ് ലൈനിലാണ് തീപ്പിടിത്തം ഉണ്ടായതെന്ന് ഗെയില്‍ ചെയര്‍മാന്‍ ബി സി തൃപാഠി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അന്വേഷണത്തിന് ഉത്തരവിട്ടു.

അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപയുടെ അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പെട്രോളിയം മന്ത്രാലയം പ്രഖ്യാപിച്ച ധനസഹായത്തിനുപുറമേയാണിത്.

Show More

Related Articles

Close
Close