ആന്ധ്രയും തെലങ്കാനയും വേനല്‍ച്ചൂടില്‍ ഉരുകുന്നു: മരണം 581 ആയി

കടുത്ത ചൂടില്‍ ആന്ധ്രപ്രദേശും തെലങ്കാനയും വെന്തുരുകുന്നു.
ഇരുസംസ്ഥാനങ്ങളിലുമായി ഒരു മാസത്തിനിടെ 581 പേരാണ് സൂര്യാഘാതവും നിര്‍ജലീകരണവുംമൂലം മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചമാത്രം വിശാഖപട്ടണത്ത് 49 പേര്‍ കടുത്ത ചൂടിനെത്തുടര്‍ന്ന് മരിച്ചുവെന്നാണ് കണക്കുകള്‍.
കാലവര്‍ഷം വൈകിയത് കാര്‍ഷിക വിളകളെയും പ്രതികൂലമായി ബാധിച്ചു തുടങ്ങി. തീരദേശമേഖലയിലും റായലസീമയിലുമായി അഞ്ചുലക്ഷം ഏക്കര്‍ കൃഷിഭൂമി വരള്‍ച്ച നേരിടുകയാണ്. ജലനിരപ്പ് പരിധിയിലധികം താഴ്ന്നതോടെ മേഖലയില്‍ 35 ടണ്‍ ശുദ്ധജലമത്സ്യങ്ങളാണ് നശിച്ചത്. മൂവായിരത്തോളം കന്നുകാലികളും ചത്തു.
എന്നാല്‍ ഈ വര്‍ഷം ആവശ്യത്തിന് കുടിവെള്ളവിതരണം നടത്തിയതിനാല്‍ മരണം കുറവാണെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം വേനലില്‍ ജലക്ഷാമത്തെയും അനുബന്ധസംഭവങ്ങളെയും തുടര്‍ന്ന് 574 പേര്‍ മരിച്ചിരുന്നു.
ഇരുസംസ്ഥാനങ്ങളും സൂര്യാഘാതത്തെ ത്തുടര്‍ന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒന്നരലക്ഷം സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാനയില്‍ കാലവര്‍ഷം മൂന്നു ദിവസത്തിനകം എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത്തവണ 20 മുതല്‍ 35 ശതമാനംവരെ കാലവര്‍ഷം കുറയുമെന്നാണ് കരുതുന്നത്.

Show More

Related Articles

Close
Close