ആര്‍ക്കാ ബാലനെ തല്ലേണ്ടത് ?

anathram2

ആലപ്പുഴ ടൌണിനു സമീപം എസ് ഡി വി സ്കൂളിന്റെ ‘ബസന്റ്’ ഹാളില്‍ വച്ച് ഇരുപതുകൊല്ലം മുന്‍പ് ഒരു കവിയരങ്ങ് നടന്നു (അത് അരങ്ങുകളുടെ കാലമായിരുന്നല്ലോ). ഏതാനും സുഹൃത്തുക്കള്‍ ചേര്‍ന്ന് (ഈയുള്ളവന്‍ ഉള്‍പ്പെടെ )ഒരു സംഘടന തട്ടിക്കൂട്ടി അതിന്റെ ലേബലില്‍ സംഘടിപ്പിച്ച ഒരു സാംസ്ക്കാരിക പരിപാടിയായിരുന്നു അത്.
പ്രശസ്തരും അപ്രശസ്തരും എഴുതിത്തുടങ്ങുന്നവരുമായി ഒട്ടേറെ പേരെ കവിയരങ്ങിലേക്ക് ക്ഷണിച്ചിരുന്നു. അയ്യപ്പന്‍, സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരൊക്കെ നേരത്തെ തന്നെ എത്തിച്ചേര്‍ന്നത്‌ കുറച്ചൊന്നുമല്ല ഞങ്ങളെ ആഹ്ലാദിപ്പിച്ചത്.
അല്പസ്വല്പം കവിതാവാസനയും അതിലേറെ അഹംവിദ്യയുമായി ഒരു കക്ഷി ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഉച്ച തൊട്ടേ അവിടെയുമിവിടെയും അലമ്പുണ്ടാക്കി നടക്കുകയായിരുന്നു ടിയാന്‍. കക്ഷിയുടെ വാച്ച് ഒരു പിടിവലിയില്‍ നഷ്ടപ്പെട്ടു പോയതായിരുന്നു പുതിയ പ്രശ്നം.
സ്കൂള്‍ മുറ്റത്ത്‌ ഒരൊഴിഞ്ഞ കോണില്‍ സുഹൃത്തുക്കളുമൊത്ത് സംസാരിച്ചു നിന്ന ബാലചന്ദ്രനിലുമെത്തി അന്വേഷണം.
“കരയാതെ…”
ബാലചന്ദ്രന്‍ സ്വന്തം കയ്യിലെ വാച്ചഴിച്ചു നീട്ടി.
“ഇതെന്റെ വാച്ചാണ്. വേണമെങ്കില്‍ എടുത്തോളൂ.”
അവന്‍ വാച്ചു വാങ്ങിയില്ല. പകരം ഇങ്ങനെ പറഞ്ഞു.
“ഓ , നിങ്ങളൊക്കെ എന്തിനും ഏതിനും കോംപ്രമൈസ് ചെയ്യുന്നവരാണല്ലോ.”
പിന്നെ ഞങ്ങള്‍ കണ്ടത് ഊക്കന്‍ ഒരിടിയില്‍ കക്ഷി പത്തടി അകലെ ചെന്നു വീഴുന്നതാണ് .
ശരിക്കും ഒരു മല്ലയുദ്ധമാണ് പിന്നെ നടന്നത് .ഞങ്ങള്‍ കുറെപ്പേര്‍ നിലവിളിച്ചു പോയി എന്നതു സത്യം.
എതിരാളിയുടെ നെഞ്ചില്‍ കയറിയിരുന്ന് അവന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചുകൊണ്ട് ദിഗന്തങ്ങളില്‍ കൊള്ളും മട്ടില്‍ ബാലന്‍ അലറി.
” തോക്കിന്റെ മുമ്പില്‍ നിന്ന് കവിത ചൊല്ലിയിട്ടുള്ളവനാടാ ,ബാലന്‍. കൊല്ലട്ടെ നിന്നെ ? കൊല്ലട്ടെ നിന്നെ …?”
പിഞ്ഞിപ്പറിഞ്ഞ ഷര്‍ട്ടും ചെരിപ്പു പോയ ഉറയ്ക്കാത്ത പാദങ്ങളുമായി നിന്ന ബാലനെ ആരൊക്കെയോ ചേര്‍ന്ന് കാറില്‍ പിടിച്ചു കയറ്റുമ്പോള്‍ സുഹൃത്ത്‌ രാമചന്ദ്രന്‍ മൊകേരി ഉറക്കെ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു.
“ആര്‍ക്കാടാ ബാലനെ തല്ലേണ്ടത് ? ആര്‍ക്കാടാ ബാലനെ കൈവയ്ക്കേണ്ടത്? ”

(ഞങ്ങള്‍ ചില പഴവന്മാര്‍ അതു തന്നെ ആവര്‍ത്തിക്കുന്നു. “ആര്‍ക്കാടാ ബാലനെ തല്ലേണ്ടത് ? ആര്‍ക്കാടാ ബാലനെ കൈവയ്ക്കേണ്ടത്? !!”)

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close