ആറന്‍മുളയില്‍ ആര്‍ട്ട്‌ ഗ്യാലറി സ്ഥാപിച്ച്‌ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും: കുമ്മനം

kummanam

കേരളത്തില്‍ ആദ്യമായി 40 ല്‍പരം പ്രമുഖ ചിത്രകാരന്മാരും നൂറോളം അമച്വര്‍ ചിത്രകാരന്മാരും സംഗമിച്ച ആറന്‍മുള പമ്പാതീരം ചിത്രകലയുടെ വിസ്മയ കാഴ്ചകള്‍ക്ക്‌ സാക്ഷ്യം വഹിച്ചു. ചിത്രകലയുടെ വിവിധ സമ്പ്രദായങ്ങളും രചനാ ശൈലികളും കൊണ്ട്‌ സമ്പന്നവും വൈവിദ്ധ്യപൂര്‍ണ്ണവുമായ സര്‍ഗ്ഗോത്സവത്തിന്‌ ഇന്നലെ പരിസമാപ്തി കുറിച്ചു. പ്രകൃതിക്കേറ്റ ക്ഷതവും വിനാശവും ക്യാന്‍വാസുകളില്‍ ചായക്കൂട്ടുകൊണ്ട്‌ വര്‍ണ്ണപ്രപഞ്ചം സൃഷ്ടിച്ചപ്പോള്‍ ചിത്രകാരന്മാര്‍ ജനപക്ഷത്തിന്റെ ആകുലതകളും ഭയാശങ്കകളും പങ്കുവെക്കുകയായിരുന്നു.

തൂലിക പ്രതിരോധത്തിന്റെ അടയാളങ്ങള്‍ തീര്‍ക്കുന്ന ചാലക ശക്തിയായി തീര്‍ന്ന അപൂര്‍വ്വ നിമിഷങ്ങളാണ്‌ ചിത്രകാര സംഗമത്തില്‍ ജനങ്ങളുമായി പങ്കുവെച്ചത്‌. ജനകീയ മുന്നേറ്റത്തിലും സാമൂഹ്യപരിവര്‍ത്തനത്തിലും പരിസ്ഥിതി വിഷയങ്ങളിലും ഉജ്ജ്വല സംഭാവനകള്‍ ചിത്രകാരന്മാര്‍ക്ക്‌ നല്‍കാന്‍ കഴിയുമെന്ന്‌ ചിത്രകാരസംഗമം തെളിയിച്ചു.

പ്രകൃതി സംരക്ഷണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്‌ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ആറന്‍മുളയുടെ നിറക്കൂട്ട്‌ എന്ന പേരില്‍ ചിത്രകലാ മേളകള്‍ സംഘടിപ്പിക്കുമെന്ന്‌ സംഘാടക സമിതി അംഗങ്ങളായ കുമ്മനം രാജശേഖരനും ആര്‍. പാര്‍ത്ഥസാരഥി വര്‍മ്മയും അറിയിച്ചു.

ചിത്രരചനകളുടെ ഫോട്ടോ ആല്‍ബം പ്രസിദ്ധീകരിക്കും. പ്രകൃതി, കരകൗശലം, കൃഷി തുടങ്ങി കൈമോശം വന്നുകൊണ്ടിരിക്കുന്ന പൈതൃക സമ്പത്തുകളെ വീണ്ടെടുത്ത്‌ വരും തലമുറയ്ക്ക്‌ പ്രയോജനപ്പെടുത്തുന്നതിനുള്ള വിപുലമായ കര്‍മ്മ പദ്ധതിക്ക്‌ രൂപം നല്‍കും. സംസ്ഥാനത്തുടനീളം ചിത്രകലാ മേളകള്‍ നടത്തിയശേഷം ആറന്‍മുളയില്‍ ആര്‍ട്ട്‌ ഗ്യാലറി സ്ഥാപിച്ച്‌ ചിത്രങ്ങള്‍ സ്ഥിരമായി പ്രദര്‍ശിപ്പിക്കുമെന്നും കുമ്മനം പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close