ആറന്‍മുള വിമാനത്താവളത്തിനുള്ള പാരിസ്ഥിതിക അനുമതി റദ്ദാക്കി

aranmula court

ആറന്‍മുള വിമാനത്താവളത്തിനുള്ള പാരിസ്ഥിതിക അനുമതി ദേശീയ ഹരിത ട്രിബ്യൂണല്‍ റദ്ദാക്കി. ആറ് മാസത്തിലേറെ നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് ട്രിബ്യൂണലിന്റെ ചെന്നൈ ബഞ്ച് വിധി പറഞ്ഞത്. പദ്ധതിയുമായി ബന്ധപ്പെട്ട ഒരു നിര്‍മ്മാണവും കെജിഎസ് ഗ്രൂപ്പ് ചെയ്യാന്‍ പാടില്ലെന്ന് ഹരിത ട്രിബ്യൂണല്‍ വിധിച്ചു. പാരിസ്ഥിതികാഘാത പഠനം നടത്തിയ ഏജന്‍സിക്ക് അതിനുള്ള യോഗ്യത ഇല്ല. എന്‍വിറോ കെയര്‍ എന്ന ഏജന്‍സിയാണ് പഠനം നടത്തിയത്. തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് കെജിഎസ് ഗ്രൂപ്പ് അനുമതി തേടിയതെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു. ജസ്റ്റിസ് എം. ചൊക്കലിങ്കം, വിദഗ്ദ സമിതിയംഗം ആര്‍ .നാഗേന്ദ്രന്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ട്രിബ്യൂണല്‍ കഴിഞ്ഞ ഡിസംബറില്‍ സ്‌റ്റേ ചെയ്തതിരുന്നു. ആറന്‍മുള വിമാനത്തവാളത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയതിനെതിരെയാണ് ഹരിത ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കിയത്. ആറന്‍മുള പൈതൃക ഗ്രാമ കര്‍മ സമിതി അടക്കം അഞ്ച് പേരാണ് പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന ആവശ്യവുമായി ട്രിബ്യൂണലിനെ സമീപിച്ചത്. തെറ്റായ വിവരങ്ങള്‍ കാണിച്ചാണ് പരിസ്ഥിതി അനുമതി നേടിയെടുത്തത്, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചാണ് പദ്ധതിയുടെ പ്രവര്‍ത്തനം, പദ്ധതിക്കുവേണ്ടി പാരിസ്ഥിതിക ആഘാത പഠനം നടത്തിയ എന്‍വിറോ കെയര്‍ എന്ന ഏജന്‍സിക്ക് വിമാനത്താവളത്തിന് വേണ്ടി പഠനം നടത്താന്‍ അര്‍ഹതയില്ല, എന്നിവയായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം.

ആറന്‍മുള വിമാനത്താവളം സംസ്ഥാന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണെന്നും നയത്തില്‍ ഇടപെടാന്‍ ട്രിബ്യൂണലിന് അധികാരമില്ലെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്. ഭൂപരിഷ്‌ക്കരണം, തണ്ണീര്‍ തട സംരക്ഷണം, ഭൂവിനിയോഗം എന്നീ നിയമങ്ങളുടെ പരിരക്ഷയില്‍ വരുന്ന വിഷയങ്ങള്‍ ട്രിബ്യൂണലിന് കൈകാര്യം ചെയ്യാനാകില്ല എന്നും സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു. വിമാനത്തവാളം പാരിസ്ഥിതിക ആഘാതമുണ്ടാക്കില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close