ആറന്‍മുള വിമാനത്താവള പദ്ധതി നിയമവിരുദ്ധമെന്ന് സി.എ.ജി

ആറന്‍മുള വിമാനത്താവള പദ്ധതി നിയമവിരുദ്ധമെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. വിമാനത്താവളം സംബന്ധിച്ചുള്ള ഭൂമി ഇടപാടുകളില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകള്‍ ഗുരുതരമായ വിഴ്ച്ച വരുത്തിയെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. 2004 മുതല്‍ സര്‍ക്കാരുകള്‍ നടത്തിയ ക്രമക്കേടുകളാണ് സി.എ.ജി നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടില്‍ പരമാര്‍ശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സ്വതന്ത്ര അന്വേഷണത്തിനും സി.എ.ജി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ആറന്‍മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് നടന്ന ഭൂമി കയ്യേറ്റങ്ങള്‍ തടയാന്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകള്‍ നപടികള്‍ എടുത്തില്ല. കോഴഞ്ചേരി എഡ്യുക്കേഷണല്‍ സൊസൈറ്റിയില്‍ നിന്ന് ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് നീണ്ട 9 വര്‍ഷക്കാലം യാതൊരു നടപടിയുമുണ്ടായില്ല. നിലം നികത്തല്‍ തടഞ്ഞില്ല. ആറന്‍മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിനായി തെറ്റായ കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു എന്നതടക്കം നിരവധി ഗുരുതര വീഴ്ച്ചകളാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിമാനത്താവള നിര്‍മാണത്തിനായി നടത്തിയ അനധികൃത ഭൂമിനികുത്തലുകളില്‍ സര്‍ക്കാര്‍ പങ്കാളിയായോ എന്നുവരെ സംശയിക്കാമെന്നും സി.എ.ജി പറയുന്നു.

ആറന്‍മുള വിമാനത്താവളത്തിന്റെ ആവശ്യകത തന്നെ ചോദ്യം ചെയ്ത സി.എ.ജി. വിമാനത്താവളം വന്നാലുണ്ടായേക്കവുന്ന പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് വിശദമായ പഠനം നടത്തണമെന്നും ആവശ്യപ്പെടുന്നു.

നിര്‍ദ്ദിഷ്ട ആറന്‍മുള വിമാനത്താവള പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാവില്ലെന്ന് കാണിച്ച് കേരള സര്‍ക്കാര്‍ ദേശീയ ഹരിത ട്രൈബ്യൂണലില്‍ ഫിബ്രവരിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

പദ്ധതിപ്രദേശം ‘വെറും വയലാ’ണെന്നും അവിടം നെല്‍കൃഷിക്ക് യോജ്യമല്ലെന്നുമാണ് ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്്. ആറന്മുളയില്‍ നീര്‍ത്തടമില്ലെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.

ആറന്‍മുള വിമാനത്താവള ഭൂമി സംബന്ധിച്ച് സംസ്ഥാന നിയമസഭാ പരിസ്ഥിതിസമിതിയും ജൈവവൈവിധ്യബോര്‍ഡും തയ്യാറാക്കിയ റിപ്പോര്‍ട്ടുകളും പാരിസ്ഥിതിക വകുപ്പ് നിരാകരിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ ജലാവൃതമായ പുഞ്ചപ്പാടങ്ങള്‍ ഒരു തണ്ണീര്‍ത്തട ആവാസവ്യവസ്ഥയാണെന്ന് പറഞ്ഞിരുന്നു.

അതിന് തണ്ണീര്‍ത്തട ധര്‍മങ്ങളുണ്ട്. ഒരു നീര്‍ത്തടത്തിലെ ജലസംഭരണമേഖലയാണ് പാടശേഖരം. അതുകൊണ്ടുതന്നെ പുഞ്ച നികത്തുന്ന ഇടങ്ങളില്‍ ജലലഭ്യത കുറയും. ‘മണ്‍സൂണ്‍കാലത്ത് ജലം പരന്നൊഴുകുന്ന ഒരു ആവാസവ്യവസ്ഥ എന്നനിലയില്‍ ഇതിന്റെ ഗണ്യമായ ഒരിടം നികത്തുന്നത് മുഴുവന്‍ ഭാഗങ്ങളെയും പാരിസ്ഥിതികമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പദ്ധതി പ്രദേശത്ത് തണ്ണീര്‍ത്തടം ഉള്ളതായും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ പ്രദേശം സംരക്ഷിക്കണമെന്ന് കൃഷിവകുപ്പും ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ഇതെല്ലാം നിരാകരിച്ചാണ് യു.പി.എയുടെ നേതൃത്വത്തിലുള്ള കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നവംബറില്‍ വിമാനത്താവളത്തിന് അനുമതി നല്‍കിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close