ആറാട്ടുകടവ് പുനരുദ്ധാരണം: അടിയന്തിര നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവ്

ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്ര ആറാട്ടകടവു പുനരുദ്ധാരണ പദ്ധതികള്‍ക്ക് അടിയന്തിരനടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ശബരിമല തീര്‍ത്ഥാടനകാലം അടുത്തിരിക്കുന്നുവെന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഒരു മാസത്തിനകം ഭരണാനുമതിയും സാമ്പത്തിക അനുമതിയും നല്കാന്‍ ജസ്റ്റീസുമാരായ ടി.ആര്‍.രാമചന്ദ്രന്‍ നായര്‍, പി.വി. ആശ എന്നിവര്‍ തിരുവനന്തപുരം ഇറിഗേഷന്‍ സൗത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്കി. ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ കെ.ബാബു മാസങ്ങള്‍ക്ക് മുമ്പ് ആറാട്ടുകടവ് സന്ദര്‍ശിച്ച് അവിടുത്തെ ശോച്യാവസ്ഥ നേരിട്ടു ബോദ്ധ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി പ്രശ്‌നത്തിലിടപെട്ടത്.
ദേവസ്വം ബോര്‍ഡിന്റെയും മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെയും ഉദ്യോഗസ്ഥരെ വരുത്തി ആവശ്യമായ പദ്ധതികള്‍ക്ക് എസ്റ്റിമേറ്റ് എടുക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. മേജര്‍ ഇറിഗേഷന്‍ സെക്ഷന്‍ ഉദ്യോഗസ്ഥര്‍ വിവിധ നിര്‍മ്മാണ ജോലികള്‍ക്കായി 28 ലക്ഷം രൂപയ്ക്ക് എസ്റ്റിമേറ്റ് എടുത്ത് സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്കയച്ചിട്ടുണ്ട്. ഇതിന് ഭരണാനുമതിയും സാമ്പത്തിക അനുമതിയും ലഭിച്ചാലേ പദ്ധതി നടപ്പാക്കാന്‍ കഴിയൂ എന്നിരിക്കെയാണ് കോടതിയുടെ ഇടപെടല്‍. തൃച്ചെങ്ങന്നൂര്‍ ഉമാ മഹേശ്വര സേവാ സമിതിയെ പ്രതിനിധീകരിച്ച് അഡ്വ.ആര്‍. ഉണ്ണിക്കൃഷ്ണന്‍ നായര്‍, മിത്രാ നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധി വി.കെ.ദിലീപ് എന്നിവര്‍ ആറാട്ടുകടവിന്റെ ശോച്യാവസ്ഥയെക്കുറിച്ച് ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ക്ക് പരാതി നല്കിയതിനെ തുടര്‍ന്നാണ് അദ്ദേഹം അന്ന് സന്ദര്‍ശനത്തിനെത്തിയത്.
ആറാട്ടുകടവില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച സംരക്ഷണവേലി നിശ്ശേഷം നശിച്ചു. ദ്രവിച്ച കമ്പികളില്‍ തട്ടി അയ്യപ്പഭക്തര്‍ക്കടക്കം പരിക്കേല്‍ക്കുന്നുണ്ട്. പടിക്കെട്ടുകള്‍ തകര്‍ന്നു. കടവിലാകെ ചേറ് നിറഞ്ഞു. കടവില്‍ കോണ്‍ക്രീറ്റ് തൂണ്‍ സ്ഥാപിച്ച് സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ പൈപ്പിട്ട വേലി, പമ്പ് ഹൗസിന് സമീപം മതില്‍ക്കെട്ട്, കടവിന്റെ കിഴക്കു ഭാഗത്ത് റാമ്പ് എന്നിവ നിര്‍മ്മിക്കാനാണ് മേജര്‍ ഇറിഗേഷന്‍ വകുപ്പ് എസ്റ്റിമേറ്റ് അയച്ചിരിക്കുന്നത്. ശബരിമല തീര്‍ഥാടകര്‍ ചെങ്ങന്നൂരിലെത്തി പമ്പയില്‍ കുളിച്ച് മഹാദേവ ക്ഷേത്ര ദര്‍ശനവും നടത്തി ശബരിമലയ്ക്ക് പോകുകയാണ് പതിവ്. തീര്‍ത്ഥാടന കാലമായാല്‍ ആറാട്ട് കടവില്‍ വന്‍തിരക്കാണ് അനുഭവപ്പെടുക.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close