ആലപ്പുഴയുടെ ശില്പി കേശവദാസനല്ല അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ളയെന്ന് പഠന റിപ്പോര്‍ട്ട്.

ആലപ്പുഴ: ചരിത്രത്തില്‍ പറയുന്നതുപോലെ ആലപ്പുഴയുടെ ശില്പി ദിവാന്‍ രാജാ കേശവദാസനല്ല മറിച്ച് അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ള ദളവയാണെന്ന് ഉപാദാന രേഖകളോടെ ഡോ.കെ.കമലന്‍ പ്രബന്ധത്തിലൂടെ വ്യക്തമാക്കുന്നു. ഹോമിയോ ഡോക്ടറായ അദ്ദേഹം വര്‍ഷങ്ങളായി നടത്തിയ പഠനത്തിലൂടെയാണ് ഇതിനുവേണ്ട തെളിവുകള്‍ സമാഹരിച്ചത്. ആലപ്പുഴ നഗരചത്വരത്തില്‍ സംസ്‌കാര എന്ന സംഘടന സംഘടിപ്പിച്ച ചര്‍ച്ചയില്‍ ആലപ്പുഴ പട്ടണം രാജാ കേശവദാസന് മുമ്പും ശേഷവും എന്ന പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
കമലന്റെ പ്രബന്ധത്തിന്റെ ചുരുക്കം ഇങ്ങനെ വിവരിക്കാം. തിരുവിതാംകൂറിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കാടുപിടിച്ചു കിടന്ന ആലപ്പുഴയെ രാജാകേശവദാസന്‍ വെട്ടിത്തെളിച്ച് തുറമുഖമുണ്ടാക്കി വാണിജ്യ കേന്ദ്രമായി ഉയര്‍ത്തിയെന്നാണ് പാഠപുസ്തകത്തിലുള്‍പ്പെടെ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, അദ്ദേഹത്തിനു മുമ്പുതന്നെ ആലപ്പുഴ തുറമുഖം ഉണ്ടായിരുന്നു. അദ്ദേഹത്തിനും കാല്‍ നൂറ്റാണ്ടിനുമുമ്പ് വിദേശ വ്യാപാരത്തിനായി ആലപ്പുഴ തുറമുഖം 1762 ല്‍ തുറന്നതായി തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവലില്‍ ചരിത്രകാരന്‍ വി. നാഗംഅയ്യ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ ക്രിസ്തുവര്‍ഷം 1615 ല്‍ ഫാ.ഡിയോഗോ ഗോണ്‍സാല്‍വസ് രചിച്ച മലബാര്‍ ചരിത്രത്തില്‍ സൂചിപ്പിച്ചിട്ടുള്ള ആലപ്പുഴ പട്ടണത്തിലെ ചുങ്കം, അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ളയുടെ നേതൃത്വത്തില്‍ 1761 ല്‍ പണികഴിപ്പിച്ച ആലപ്പുഴ കോട്ട, പഴയങ്ങാടി കണ്ടെഴുത്തില്‍ പതിഞ്ഞ കിടങ്ങാംപറമ്പ് ദേവസ്വം, മാര്‍സ്ലീവാ ഫൊറോനാപള്ളി, പഴയ തിരുമല ക്ഷേത്രം, മസ്താന്‍ പള്ളി എന്നിവ സംബന്ധിച്ച പ്രമാണങ്ങള്‍ എല്ലാം 250 വര്‍ഷം മുമ്പുതന്നെ ആലപ്പുഴ വ്യാപാര കേന്ദ്രീകൃത പട്ടണമായിരുന്നെന്ന് തെളിയിക്കുന്നതായും കമലന്‍ പറഞ്ഞു.
ശരിയായ ചരിത്രമല്ല നമ്മള്‍ പഠിക്കുന്നതെന്ന് കവയിത്രി ഡോ.അമൃത പറഞ്ഞു. യഥാര്‍ത്ഥ ചരിത്രം ഇരുണ്ട ഇടനാഴിയിലാണെന്നും അവര്‍ പറഞ്ഞു. കെ.കെ.പദ്മനാഭപിള്ള, പ്രൊഫ.ആര്‍.ജിതേന്ദ്രവര്‍മ, പ്രൊഫ.പി.കെ.രവിവര്‍മ, ഡോ.ജി.ബാലചന്ദ്രന്‍, പ്രസ്സ് ക്ലബ് പ്രസിഡന്റ് ജാക്‌സണ്‍ ആറാട്ടുകുളം, സംസ്‌കാര ജനറല്‍ സെക്രട്ടറി തോമസ് ഗ്രിഗറി, വര്‍ക്കിങ് പ്രസിഡന്റ് കെ.കെ.അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റ് ആര്‍.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close