ആവണി രാത്തിങ്കള്‍ ഉദിച്ചില്ലാ…

[su_row][su_column size=”1/2″]1 മോഹന്‍ സംവിധാനം ചെയ്ത ‘ഇളക്കങ്ങള്‍’ എന്ന ചിത്രത്തില്‍ അമ്മിണിക്കുട്ടി എന്ന നായികയെ അനശ്വരയാക്കിയ സുധ എന്ന പെണ്‍കുട്ടിയുടെ നെയ്‌വിളക്കു പോലത്തെ ശ്രീമുഖവും മന്ദസ്മിതവും ഇന്നും മായാതെ മനസ്സില്‍ പ്രകാശിക്കുന്നു.
1982-ലാണ് ‘ഇളക്കങ്ങള്‍’ എന്ന മലയാള ചിത്രം തിയ്യേറ്ററുകളിലെത്തുന്നത് . കയ്യില്‍ കിട്ടുന്നതെന്തും ആര്‍ത്തിയോടെ വായിച്ച്, ഭൂമിയിലും ആകാശത്തുമല്ലാതെ നടക്കുന്ന ഒരു പ്രീഡിഗ്രിക്കാരന്‍ പയ്യനായിരുന്നു ഞാന്‍. ചങ്ങമ്പുഴയുടെ രമണന്‍ , ഒളപ്പമണ്ണയുടെ നങ്ങേമക്കുട്ടി, എം ടിയുടെ കാലം, മുട്ടത്തു വര്‍ക്കിയുടെ പാടാത്ത പൈങ്കിളി , കാനത്തിന്റെ കാണാന്‍ പോകുന്ന പൂരം തുടങ്ങിയവയൊക്കെ മനസ്സിലേറ്റി, മായികമായ ഏതോ ലോകത്ത് സ്വപ്നസഞ്ചാരം നടത്തുകയായിരുന്നു അന്നു ഞാന്‍. വായിച്ച പുസ്തകങ്ങളെല്ലാം തന്ന ഒരു ചിത്രമുണ്ടായിരുന്നു. നന്മകള്‍ മാത്രം പൂക്കുന്ന നിരവദ്യമായ ഒരു ഗ്രാമം. അവിടെ സ്നേഹം മാത്രം കൊതിച്ചു കാത്തിരിക്കുന്ന തുളസിക്കതിരു പോലത്തെ ഒരു പെണ്‍കിടാവ് .ആ സങ്കല്പചിത്രത്തിനു പിന്നാലെയായിരുന്നു എന്റെ വിലോലകൌമാരം മുഴുവനും.
‘ഇളക്കങ്ങള്‍’ അക്ഷരാര്‍ത്ഥത്തില്‍ തന്നെ എന്നില്‍ തളിര്‍ത്തു കയറുകയായിരുന്നു. അന്നോളം കണ്ട കിനാവുകളിലെ ഗ്രാമവിശുദ്ധിയെയും കാലം അവിടെ എനിക്കായി കാത്തു വച്ച പെണ്‍കുട്ടിയെയും നേര്‍ക്കുനേര്‍ കാട്ടിത്തരികയായിരുന്നു ആ ചിത്രം. ലോകം ഒരു ചെറിയ പെണ്‍കുട്ടി മാത്രമായി അവിശ്വസനീയമാം വിധം നേര്‍ത്തു പോയ നാളുകളായിരുന്നു പിന്നീട്. ഒരു നോക്കു കാണാന്‍ ഒരുപാടൊരുപാട് തിരഞ്ഞു പോയെങ്കിലും സിനിമയുടെ വെള്ളിവെളിച്ചത്തില്‍ ഒരിക്കല്‍ പോലും ആ പെണ്‍കുട്ടി പിന്നീട് വരികയുണ്ടായില്ല.[/su_column] [su_column size=”1/2″] ഒരു ജന്മം മുഴുവന്‍ ഓര്‍ത്തു വയ്ക്കാന്‍ ഒരു മയില്‍പ്പീലിക്കീറുപോലും പോരുമെന്നിരിക്കെ, ഒരു ചിത്രം മുഴുവന്‍ തന്നിട്ടാണല്ലോ പ്രിയപ്പെട്ട പെണ്‍കുട്ടീ, നീ നിന്റെ ലോകത്തേക്ക് മടങ്ങിപ്പോയത്. അല്ലെങ്കില്‍ എവിടേയ്ക്കാണ് നീ മടങ്ങിപ്പോയിട്ടുള്ളത്‌ ? നീ എവിടേയ്ക്കും പോയിട്ടില്ലല്ലോ. യൂറ്റ്യൂബില്‍ നിന്നും പകര്‍ന്ന് എന്റെ മൊബൈല്‍ സ്ക്രീനിന്റെ ഇത്തിരി വലിപ്പത്തില്‍ എന്നും കണികാണാന്‍ എനിക്കൊപ്പം തന്നെ ഉണ്ടല്ലോ നീ.
കവിത പോലത്തെ ആ കൊച്ചു ചിത്രത്തിനായി നിന്നെ മാത്രം കണ്ടെത്തിയ ശ്രീ. മോഹനോട് എങ്ങനെയാണ് ഞാന്‍ നന്ദി പറയുക? കൊതിപ്പിക്കുന്ന കയ്യൊതുക്കത്തോടെ നിന്റെ കഥ തിരക്കഥയായി പറഞ്ഞ ജോണ്‍പോളിനോട് എങ്ങനെയാണ് ഞാന്‍ നന്ദി പറയുക? നിന്റെ ഉള്ളില്‍ കടന്ന്, നീ പോലുമറിയാതെ നിന്റെ സ്നേഹനൊമ്പരങ്ങളുടെ സംഗീതം പകര്‍ത്തിയ കാവാലത്തിനോടും എം ബി ശ്രീനിവാസനോടും എങ്ങനെയാണ് ഞാന്‍ നന്ദി പറയുക? അകലെയെങ്ങോ അറിയാത്ത ദേശത്ത്, അറിയാത്ത ഏതോ നഗരത്തില്‍ ഭര്‍തൃമതിയായി നീ കഴിയുന്നുണ്ടാവാം. അമ്പതിനോടടുത്ത പ്രൌഡയായ ഒരു വീട്ടമ്മയായി കാലം നിന്നെ പരിവര്‍ത്തിപ്പിച്ചിട്ടുണ്ടാവാം. അമ്മിണിക്കുട്ടിയെ പോലൊരു മകള്‍ നിനക്കും പിറന്നിട്ടുണ്ടാവില്ലേ? അവളും കണ്ടിട്ടുണ്ടാവുമോ, നിന്റെ കൗമാരകുതൂഹലങ്ങളുടെ ആ വര്‍ണ്ണചിത്രം? എങ്കില്‍ ഏകാന്തതയില്‍ അവള്‍ നിന്റെ കാതുകളില്‍ കുറുകിപ്പറഞ്ഞ രഹസ്യം എന്തായിരിക്കാം? നിന്റെ ഓര്‍മ്മയില്‍, നിന്നെ അനുകരിച്ച് ഇന്നും ഞാന്‍ മൂളാറുണ്ട്‌.

‘ആവണി രാത്തിങ്കള്‍ ഉദിച്ചില്ലാ…
യൗവനഭംഗികളെ താരാട്ടി
പുളകം ചൂടിക്കും തായാട്ടില്‍
ഒളിഞ്ഞ പുഞ്ചിരി തന്‍ കിന്നാരം
ഓലവാലം രാഗരസം പൊഴിയാന്‍…
ആവണി രാത്തിങ്കള്‍ ഉദിച്ചില്ലാ…’
[/su_column][/su_row]

Show More
Close
Close