ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ സീസണിലെ ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. പുതിയ പരിശീലകന്‍ വാന്‍ ഗ്യാലിന് കീഴിലിറങ്ങിയ യുണൈറ്റഡിനെ സ്വാന്‍സിയ സിറ്റിയാണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ചത്. സുംഗ് യോംഗ് കി, സിഗുറോസന്‍ എന്നിവരാണ് സ്വാന്‍സിയ സിറ്റിക്ക് ഗോള്‍ നേടിയത്. നായകന്‍ വെയ്ന്‍ റൂണിയുടെ വകയായിരുന്നു യുണൈറ്റഡിന്റെ ഏക ഗോള്‍. ഹോം ഗ്രൗണ്ടില്‍ വിജയ തുടക്കം ആഗ്രഹിച്ചിറങ്ങിയ ചുകന്ന ചെകുത്താന്‍മാരെ ഇരുപത്തിയെട്ടാം മിനിറ്റില്‍ തന്നെ സ്വാന്‍സിയ ഞെട്ടിച്ചു. നതാന്‍ ഡെയറുടെ പാസില്‍ നിന്ന് കി സുംഗ് യുംഗ് യുണൈറ്റഡിനെ ഗോള്‍ വല ചലിപ്പിച്ചു. അന്‍പത്തി മൂന്നാം മിനിറ്റില്‍ നായകന്‍ റൂണിയിലൂടെ യുണൈറ്റഡ് ഒപ്പമെത്തി. കോര്‍ണറില്‍ നിന്നുമായിരുന്നു റൂണിയുടെ ഗോള്‍. എഴുപത്തി രണ്ടാം മിനിറ്റില്‍ പത്ത് വാര അകലെ നിന്നും ഇടങ്കാലന്‍ ഷോട്ടിലൂടെയായിരുന്നു സിഗൂര്‍ഡ്‌സണ്‍ സ്വാന്‍സിയയുടെ വിജയ ഗോള്‍ നേടിയത്. കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തായിരുന്നു യുണൈറ്റഡ് ഫിനിഷ് ചെയ്തത്. അലക്‌സ് ഫെര്‍ഗൂസന് ശേഷം യുണൈറ്റഡ് മാനേജര്‍ സ്ഥാനത്തെത്തിയ ഡേവിഡ് മോയസിന് കീഴില്‍ ടീം നിരന്തരം തോല്‍ വി ഏറ്റുവാങ്ങി. തുടര്‍ന്നായിരുന്നു ലോകകപ്പില്‍ ഹോളണ്ടിനെ സെമിയില്‍ വരെയെത്തിച്ച തന്ത്രശാലിയായ പരിശീലകന്‍ വാന്‍ ഗ്യാല്‍ യുണൈറ്റഡ് പരിശീലക സ്ഥാനത്ത് എത്തുന്നത്. സീസണിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരങ്ങളിലെല്ലാം വിജയിച്ച് വാന്‍ ഗ്യാല്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയും നല്‍കി. എന്നാല്‍ ഓള്‍ഡ് ട്രാഫോഡിലെ സീസണിലെ ആദ്യ ജയം പ്രതീക്ഷിച്ചെത്തിയ ഗ്യാലിനും പിഴച്ചിരിക്കുന്നു. തുടക്കം പതറിയെങ്കിലും യുണൈറ്റഡ് പുതിയ പരിശീലകനും പുതിയ നായകനും കീഴില്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close