ഇനി കൂടുതല്‍ ജനപങ്കാളിത്തം

parliamentനിയമനിര്‍മാണ പ്രക്രിയയില്‍ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നയത്തിന് രൂപംനല്‍കി. ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കുംമുമ്പ് അതിന്റെ കരടും വിഷയവുമായി ബന്ധപ്പെട്ട് പഴയ ചട്ടങ്ങളുണ്ടെങ്കില്‍ അവയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടണമെന്നും പിന്നീട് ബന്ധപ്പെട്ട എല്ലാവരുമായി (സ്റ്റേക്ക് ഹോള്‍ഡേഴ്‌സ്) കൂടിയാലോചന നടത്തണമെന്നും നയത്തില്‍ വ്യക്തമാക്കി.

ഉപനിയമങ്ങളും ചട്ടങ്ങളും തയ്യാറാക്കുമ്പോഴും കൂടിയാലോചന അനിവാര്യമാണ്. സെക്രട്ടറിതല സമിതി അംഗീകരിച്ച നയം എല്ലാ മന്ത്രാലയങ്ങള്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്. ക്രമേണ ഈ നയം സംസ്ഥാനങ്ങളെമാത്രം ബാധിക്കുന്ന നിയമനിര്‍മാണങ്ങളുടെ കാര്യത്തിലും ബാധകമായേക്കും. ഭരണഘടനയുടെ പ്രവര്‍ത്തനം അവലോകനം ചെയ്യാന്‍ ജസ്റ്റിസ് എം.എന്‍.വെങ്കിടാചെല്ലയ്യ അധ്യക്ഷനായി വാജ്‌പേയി സര്‍ക്കാര്‍ രൂപവത്കരിച്ച ദേശീയ കമ്മീഷനും പിന്നീട് സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ രൂപവത്കരിച്ച ദേശീയ ഉപദേശക സമിതിയും സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് സെക്രട്ടറിതല സമിതിയുണ്ടാക്കിയത്. നിയമനിര്‍മാണത്തിന് മുമ്പുള്ള കൂടിയാലോചന ചില ജനാധിപത്യ രാജ്യങ്ങളില്‍ നിലവിലുള്ളതും സമിതി കണക്കിലെടുത്തു.

മോട്ടോര്‍വാഹന നിയമവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ഭേദഗതിചെയ്യുമ്പോള്‍ മുന്‍കൂര്‍ കൂടിയാലോചന നടത്തണമെന്നത് ഇപ്പോള്‍ നിര്‍ബന്ധമാണ്. മറ്റ് നിയമനിര്‍മാണങ്ങളുടെ കാര്യത്തില്‍ പൊതുജനാഭിപ്രായം തേടല്‍ വേണമെങ്കില്‍ ആവാം എന്നുമാത്രം. അടുത്തിടെ, ലോക്പാല്‍ ബില്‍, ഭൂമിയേറ്റെടുക്കല്‍ ബില്‍ എന്നിവ പാസാക്കുംമുമ്പ് വിശദമായ ചര്‍ച്ചയും കൂടിയാലോചനയും നടന്നിരുന്നു. അതുപോലെ പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട ചില ബില്ലുകള്‍, ഭേദഗതികള്‍ തുടങ്ങിയവ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും കൂടിയാലോചന നടത്തുകയും ചെയ്തു. മൊത്തത്തില്‍ ഏതാനും ബില്ലുകളുടെ കാര്യത്തില്‍ മാത്രമാണ് ഇത്തരത്തിലുള്ള ചര്‍ച്ചയും അഭിപ്രായ രൂപവത്കരണവും നടക്കുന്നത്. ആ സ്ഥിതി മാറ്റി വ്യക്തമായ നയത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെ അത് എല്ലാ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും നിര്‍ബന്ധമാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര നിയമസെക്രട്ടറി പി.കെ.മല്‍ഹോത്ര വിശദീകരിച്ചു.
ഒരു നിയമം ഉണ്ടാക്കുമ്പോള്‍ അതുകൊണ്ട് ഉണ്ടാവുന്ന നേട്ടം, അതിന്റെ സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങള്‍, നിയമം കൊണ്ടുവരുമ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കല്‍ തുടങ്ങിയവ പൊതുപങ്കാളിത്തത്തിലൂടെ സാധ്യമാകുമെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍.
ലോക്പാല്‍ ബില്‍ പാസാക്കാന്‍ അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ പ്രക്ഷോഭവും ഉപവാസവും നടന്നപ്പോള്‍ കരടുബില്ല് തയ്യാറാക്കാന്‍ പൗരസമൂഹത്തിന്റെ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി സമിതി രൂപവത്കരിച്ചിരുന്നു. നിയമനിര്‍മാണ പ്രക്രിയയില്‍ പൊതുജനപങ്കാളിത്തം നേരിട്ട് ഉറപ്പാക്കിയ ആദ്യസംഭവമായിരുന്നു അത്. ഈ സിമിതി പിന്നീട് സമവായത്തിലെത്താതെ പിരിഞ്ഞെങ്കിലും ജനപങ്കാളിത്തത്തിന്റെ കാര്യത്തില്‍ മാതൃകയായി.
ജനപങ്കാളിത്ത നയത്തിലെ പ്രധാന നിര്‍ദേശങ്ങള്‍;
*എല്ലാ മന്ത്രാലയങ്ങളും കരടുബില്ല് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. അതിന്റെ ന്യായം, വസ്തുതകള്‍, സാമ്പത്തികവശം, പരിസ്ഥിതി, മൗലികാവകാശം, ജീവനോപാധികള്‍ തുടങ്ങിയവയെ ബാധിക്കുന്നുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ വെളിപ്പെടുത്തണം.
*നിര്‍ദിഷ്ടനിയമം ഏതെങ്കിലും ഒരു പ്രത്യേക ജനവിഭാഗത്തെ ബാധിക്കുന്നതാണെങ്കില്‍ അതിന്റെ വിവിധ വശങ്ങള്‍ ആ ജനവിഭാഗങ്ങളിലെത്തിക്കാന്‍ വ്യാപകമായ പരസ്യം നല്‍കണം.
*വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന കരട് ബില്ലിന്റെയോ ചട്ടത്തിന്റെയോ കൂടെ അതിന്റെ നിയമവശങ്ങള്‍ ലളിതമായ ഭാഷയില്‍ ചേര്‍ക്കണം.
*പൊതുജനങ്ങളുടെയും ബന്ധപ്പെട്ട കക്ഷികളുടെയും നിര്‍ദേശങ്ങളും പ്രതികരണങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം.
*ബില്‍ നേരിട്ട് ബാധിക്കുന്ന ബന്ധപ്പെട്ട കക്ഷികളുമായി ഏതുതരത്തിലുള്ള മുന്‍കൂര്‍ കൂടിയാലോചനയാണ് നടത്തേണ്ടതെന്ന് വിഷയത്തിന്റെ സ്വഭാവവും അതിന്റെ പ്രത്യാഘാതവും നോക്കി ബന്ധപ്പെട്ട മന്ത്രാലയത്തിന് തീരുമാനിക്കാം.
*മുന്‍കൂര്‍ കൂടിയാലോചനയും വിവിധ മന്ത്രാലയങ്ങള്‍ക്കിടയിലുള്ള ചര്‍ച്ചയും കഴിഞ്ഞശേഷമേ ബില്ല് അന്തിമ പരിശോധനയ്ക്കായി നിയമമന്ത്രാലയത്തിന് സമര്‍പ്പിക്കേണ്ടതുള്ളൂ.
*എല്ലാവരില്‍നിന്നും ലഭിച്ച പ്രതികരണത്തിന്റെ ചുരുക്കം മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കുന്ന കരടു ബില്ലിന്റെ കൂടെ ചേര്‍ക്കണം.
*പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്പിലും മുന്‍കൂര്‍ കൂടിയാലോചനയുടെ ചുരുക്കം സമര്‍പ്പിക്കണം.
*മുന്‍കൂര്‍ കൂടിയാലോചന നടത്താന്‍ പറ്റില്ലെന്ന് ഏതെങ്കിലും മന്ത്രാലയമോ വകുപ്പോ കരുതുന്നുണ്ടെങ്കില്‍ അത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്ന കുറിപ്പ് മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കണം.
*പാര്‍ലമെന്ററി നടപടികളുമായി ബന്ധപ്പെട്ട സര്‍ക്കാറിന്റെ മാന്വലും മന്ത്രിസഭാകുറിപ്പ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ക്യാബിനറ്റ് സെക്രട്ടറിയുടെ നിര്‍ദേശങ്ങളും പുതിയ നയത്തിന്റെ അടിസ്ഥാനത്തില്‍ പരിഷ്‌കരിക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close