ഇനി ക്ലബ് യുദ്ധങ്ങള്‍

ലോകകപ്പിന്റെ ആരവങ്ങളൊടുങ്ങും മുമ്പ് പുല്‍ മൈതാനങ്ങളില്‍ വീണ്ടും വസന്തകാലമെത്തുന്നു. യൂറോപ്യന്‍ ക്ലബ് ഫുട്‌ബോള്‍ സീസണില്‍ പന്തുരുണ്ട് തുടങ്ങിയതോടെ ആരാധകര്‍ ആവേശത്തിലാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലാലിഗ. ബുണ്ടസ് ലീഗ,സീരിഎ, ഫ്രഞ്ച് ലീഗ് എന്നിവയാണ് തീപാറും പോരാട്ടങ്ങള്‍ക്ക് തയ്യാറെടുക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ഇന്ന് കിക്കോഫ് മുഴങ്ങും. മാഞ്ചസ്റ്റര്‍ യുണൈറ്റഡും സ്വാന്‍സി സിറ്റിയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഹോം ആന്റ് എവേ രിതീയില്‍ ഇരുപത് ക്ലബുകളാണ് പ്രീമിയര്‍ ലീഗ് കിരീടത്തിനായി പോരാടുന്നത്. ഓരോ ടീമും 38 മത്സരങ്ങള്‍ വീതം കളിയ്ക്കും. അവസാന മത്സരം വരെ വീറും വാശിയും നിറഞ്ഞ കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിനെ പിന്തള്ളി മാഞ്ചസ്റ്റര്‍ സിറ്റിയാണ് കിരീടത്തില്‍ മുത്തമിട്ടത്. എന്നാല്‍ സിറ്റിയുടെ കിരീട നേട്ടത്തേക്കാള്‍ അയല്‍ക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തകര്‍ച്ചയാണ് വര്‍ത്തകളില്‍ നിറഞ്ഞത്. ചാമ്പ്യന്‍മാരായെത്തിയ യുണൈറ്റഡ് ഏഴാം സ്ഥാനവുമായാണ് സീസണ്‍ അവസാനിപ്പിച്ചത്. അലക്‌സ് ഫെര്‍ഗൂസണ്‍ വിരമിച്ചതോടെ യുണൈറ്റഡ് നിഴല്‍ മാത്രമായി ഒതുങ്ങി. ലോകകപ്പില്‍ ഹോളണ്ടിനെ പരിശീലിപ്പിച്ച ലൂയി വാന്‍ ഗാലിനെ പരിശീലകനായി നിയമിച്ചാണ് യുണൈറ്റഡ് തിരിച്ചുവരവിനൊരുങ്ങുന്നത്. വെയ്ന്‍ റൂണിയെ ക്യാപ്റ്റനായി നിയമിച്ച വാന്‍ ഗാല്‍ അത്ഭുതംകാണിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നാനി, വാന്‍പേഴ്‌സി തുടങ്ങിയ വന്‍ താരങ്ങളും റൂണിക്ക് കൂട്ടിനുണ്ട്. ട്രാന്‍സ്ഫര്‍ സീസണില്‍ കോടികള്‍ മുടക്കി കിരീടം തിരിച്ചു പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ചെല്‍സി, സ്പാനിഷ് താരങ്ങളായ ഡീഗോ കോസ്റ്റ, ഫാബ്രിഗസ്, പഴയ പടക്കുതിര ദിദിയര്‍ ദ്രോഗ്‌ബെ തുടങ്ങിയ പ്രമുഖരെ ഉള്‍ക്കൊള്ളിച്ചാണ് ജോസ് മോറീഞ്ഞോയുടെ പടയൊരുക്കം. കഴിഞ്ഞ സീസണില്‍ ഏറെ കയ്യടി നേടിയ ലിവര്‍പൂളും ആഴ്‌സണലും ഇത്തവണയും പ്രതീക്ഷയിലാണ്. എന്നാല്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലൂയി സുവാരസിനെ ബാഴ്‌സലോണ റാഞ്ചിയത് ലിവര്‍പൂളിനെ ബാധിച്ചേക്കും. ആഴ്‌സന്‍ വെങ്ങറുടെ തന്ത്രങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചെത്തുന്ന ആഴ്‌സണലിനെയും എഴുതിത്തള്ളാനാവില്ല. കിരീടം നിലനിര്‍ത്താന്‍ മാനുവല്‍ പെലിഗ്രിനിയുടെ മാഞ്ചസ്റ്റര്‍ സിറ്റി കൂടി കളത്തിലിറങ്ങുമ്പോള്‍ ക്ലാസിക് പോരാട്ടങ്ങളുടെ എണ്ണം കൂടും. മറ്റു ലീഗുകളിലേത് പോലെ പ്രമുഖ ക്ലബുകളുമായി പ്രീമിയര്‍ ലീഗിലെ മറ്റു ടീമുകള്‍ക്ക് വലിയ അന്തരമില്ല. കുറഞ്ഞ പക്ഷം ഹോം മത്സരങ്ങളിലെങ്കിലും വമ്പന്‍മാരെ മറിച്ചിടാന്‍ കരുത്തുള്ളവരാണ് എല്ലാവരും. ടോട്ടന്‍ഹാം, എവര്‍ട്ടണ്‍, സ്വാന്‍സി സിറ്റി, വെസ്റ്റ് ബ്രോംവിച്ച് തുടങ്ങിയ ക്ലബുകളെല്ലാം പ്രമുഖരോട് കിടപിക്കാന്‍ ശക്തിയുള്ളവരാണ്. ആദ്യ നാല് സ്ഥാനക്കാര്‍ക്ക് ചാമ്പ്യന്‍സ് ലീഗിന് യോഗ്യത ലഭിക്കുമെന്നതിനാല്‍ മുന്‍ നിരയിലെത്താനുള്ള പോരാട്ടത്തിന്റെ തീവ്രത കൂടും ലോകത്തെ ഏറ്റവും മികച്ച താരങ്ങളെ അണി നിരത്തിയാണ് സ്പാനിഷ് ലീഗ് കിക്കോഫിന് തയ്യാറെടുക്കുന്നത്.

ഈമാസം 23 നാണ് ലാലിഗയിലെ ആദ്യ മത്സരം. ലോക ഫുട്‌ബോളര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ, ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള താരം ഗാരത് ബെയ്ല്‍, ആധുനിക ഫുട്‌ബോളിലെ ഇതിഹാസം ലിയൊണല്‍ മെസി, ബ്രസീലിന്‍രെ വാഗ്ദാനം നെയ്മര്‍, ലോകകപ്പിലെ ഗോള്‍ഡണ്‍ ബൂട്ട് ജേതാവ് ഹേമസ് റോഡ്രിഗസ്, ലൂയി സുവാരസ്, ബെന്‍സീമ, ഇനിയേസ്റ്റ, സാവി… സ്പാനിഷ് ലീഗിലെ സൂപ്പര് താരങ്ങളുടെ ചങ്ങലയ്ക്ക് നീളം കൂടും. റയല്‍ മാഡ്രിഡും, ബാഴ്‌സലോണയുമാണ് ഒട്ടുമിക്ക താരങ്ങളെയും കൈവശം വെച്ചിരിക്കുന്നത്. എന്നാല്‍ താരപൊലിമയ്ക്കപ്പുറം കഴിഞ്ഞ സീസണില്‍ അത്‌ലറ്റികോ മാഡ്രിഡിന് കിരീടം അടിയറവെക്കേണ്ടി വന്നത് ഇരു ടീമുകളെയും അസ്വസ്ഥമാക്കുന്നുണ്ട്. കിരീടത്തില്‍ കുറഞ്ഞതൊന്നും റയലും ബാഴ്‌സയും ലക്ഷ്യമിടുന്നില്ല. നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ റയലും ബദ്ധവൈരികളായ ബാഴ്‌സലോണയും തന്നെയാണ് ഇത്തവണ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ പണം വാരിയെറിഞ്ഞതും.

സൂപ്പര്‍ താരങ്ങളുടെ മികവില്‍ കിരീടമുയര്‍ത്താന്‍ വമ്പന്‍ ടീമുകള്‍ ഇറങ്ങുമ്പോള്‍ മറു തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് കാത്തിരിക്കുകയാണ് കുഞ്ഞന്‍മാര്‍, നിലവിലെ ജേതാക്കളായ അത്‌ലറ്റികോ മാഡ്രിഡ്, സെവിയ തുടങ്ങിയ ടീമുകളെല്ലാം വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്. കിരീടപ്പോരാട്ടത്തിന് പുറമെ ഇത്തവണത്തെ ലോകഫുട്‌ബോള്‍ പോരാട്ടവും സ്‌പെയിനില്‍ നിന്ന് തന്നെയാകാനാണ് സാധ്യത. യുവേഫ സൂപ്പര്‍ കപ്പ് സ്വന്തമാക്കി റയലും ഇരട്ട ഗോളുമായി ക്രിസ്ത്യാനോ റൊണാള്‍ഡോയും എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ലോകഫുട്‌ബോളിലെ പുതിയ രാജാക്കന്‍മാരായ ജര്‍മനിയുടെ നാട്ടിലും 23 നാണ് ഉദ്ഘാടന മത്സരം. ജര്‍മന്‍ ലീഗില്‍ ബയേണിന്റെ അശ്വമേധത്തിന് തടയിടാന്‍ ബൊറൂഷിയക്ക് സാധിക്കുമോ എന്നാണ് അറിയേണ്ടത്. ജര്‍മന്‍ കപ്പില്‍ ബയേണ്‍ മ്യൂണിക്കിനെ തോല്‍പ്പിച്ച് ബൊറൂഷിയ ശക്തമായ പോരാട്ടത്തിന്റെ സൂചനയാണ് നല്‍കുന്നത്. ജര്‍മന്‍ ടീമിലെ മിക്ക താരങ്ങളും കളിയ്ക്കുന്നു എന്നതിനാല്‍ താരപ്രഭയിലും ബുണ്ടസ് ലീഗ മുന്നിലാണ്. ഫ്രഞ്ച് താരം റിബറിയും ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിന് വേണ്ടി കളിയ്ക്കുന്നുണ്ട്.

സ്പാനിഷ് ലീഗ് ഉയര്‍ന്ന് വന്നതോടെ അല്‍പ്പം പ്രഭ കുറഞ്ഞെങ്കിലും ഇറ്റാലിയല്‍ ലീഗിലും കടുത്ത പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. എ.സി മിലാനും, ഇന്റര്‍ മിലാനും നാപ്പോളിയും, എ.എസ് റോമയും യുവന്റസുമൊക്കെ നേര്‍ക്ക് നേര്‍ വരുമ്പോള്‍ സീരി എ കിരീടത്തിനായി കടുത്ത മത്സരമാകും നടക്കുക.മറ്റു ലീഗുകളില്‍ നിന്ന് വ്യത്യസ്ഥമായി പ്രതിരോധ പുട്‌ബോളിന് ഊന്നല്‍ നല്‍കുന്ന ഇറ്റാലിയന്‍ ലീഗില്‍ ഗോളടി വീരന്‍മാരുെട അഭാവം ആരാധക ശ്രദ്ധ കുറച്ചിട്ടുണ്ട്. മരിയോ ബലോടെല്ലി കാര്‍ലോസ് ടെവസ്, ഗോണ്‍സാലോ ഹിഗ്വെയ്ന്‍ തുടങ്ങിയവരാണ് ലീഗിലെ സൂപ്പര്‍ സ്റ്റാറുകള്‍. ഫ്രഞ്ച് ലീഗാണ് ഈ നിരയില്‍പ്പെടുത്താവുന്ന മറ്റൊരു പോരാട്ട വേദി. സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചും റാഡമല്‍ ഫാല്‍ക്കാവോയും, തിയാഗോ സില്‍വയുമൊക്കെ അണി നിരക്കുന്ന ഫ്രഞ്ച് ലീഗില്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. മൊണാക്കോയും പിഎസ്ജിയുമാണ് ഫ്രഞ്ച് പിടിക്കാന്‍ ഒരുങ്ങുന്ന വന്‍ സ്രാവുകള്‍. ലീഗുകള്‍ക്കും എഫ്എ കപ്പ് പോലുള്ള ആഭ്യന്തര ടൂര്‍ണമെന്റുകള്‍ക്കും പുറമെ യൂറോപ്പിന്‍രെ സിംഹാസനം പിടിക്കാന്‍ ചാമ്പ്യന്‍സ് ലീഗിലും ക്ലബ് ഫുട്‌ബോളിലെ രാജാക്കന്‍മാരെ കണ്ടെത്തുന്ന ക്ലബ് ലോകകപ്പും കൂടി ആരാധകര്‍ക്ക് വിരുന്നൊരുക്കും ലോകകപ്പില്‍ ഒരേ ജേഴ്‌സിയില്‍ കളിച്ച വിവിധ താരങ്ങള്‍ വ്യത്യസ്ത നിറങ്ങള്‍ക്ക് പിന്നില്‍ പോരടിക്കുന്‌പോള്‍ അര്‍ജന്റിനയുടെയും ബ്രസീലിന്റെയും ജര്‍മനിയുടെയുമൊക്കെ കളിയ്ക്കാര്‍ ഒരുമിച്ച് പന്ത് തട്ടുന്ന അപൂര്‍വ്വതയ്ക്കാണ് ക്ലബ് മത്സരങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്‌.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close