ഇന്ത്യയുടെ രണ്ടാമത്തെ നാവിഗേഷന്‍ ഉപഗ്രഹം: വിക്ഷേപണം വെള്ളിയാഴ്ച

irnss 1b1

ഇന്ത്യയുടെ രണ്ടാമത്തെ നാവിഗേഷന്‍ ഉപഗ്രഹമായ ‘ഐ.ആര്‍.എന്‍.എസ്.എസ്.- 1 ബി’ വെള്ളിയാഴ്ച വിക്ഷേപിക്കും.

ചെന്നൈയില്‍നിന്നു നൂറ് കിലോമീറ്ററോളം അകലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് ‘പി.എസ്.എല്‍.വി.- സി 24’ റോക്കറ്റില്‍ വൈകിട്ട് 5.14-നാണ് വിക്ഷേപണം. ഇതിനുള്ള ‘കൗണ്ട്ഡൗണ്‍’ ബുധനാഴ്ച രാവിലെ 6.44-ന് തുടങ്ങി.

നിരത്തിലൂടെയും കടലിലൂടെയും ആകാശമാര്‍ഗേനയുമുള്ള ഗതാഗതത്തില്‍ സഹായിക്കുന്നതിനുള്ളതാണ് നാവിഗേഷന്‍ ഉപഗ്രഹങ്ങള്‍. പ്രധാനമായും ദിശാനിര്‍ണയത്തിനാണ് ഇവ ഉപകരിക്കുക. വാര്‍ത്താവിനിമയം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലും ഇവ ഉപയോഗിക്കാനാവും.

ഈ ഗണത്തില്‍പ്പെട്ട ഏഴ് ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടുന്ന ‘ഇന്ത്യന്‍ റീജ്യണല്‍ നാവിഗേഷണല്‍ സാറ്റലൈറ്റ് സിസ്റ്റം'(ഐ.ആര്‍.എന്‍.എസ്.എസ്.) പരമ്പരയിലെ രണ്ടാമത്തെ ഉപഗ്രഹമാണ് വെള്ളിയാഴ്ച വിക്ഷേപിക്കുന്നത്. ആദ്യത്തേത് ‘ഐ.ആര്‍.എന്‍.എസ്.എസ്.- 1 എ’ കഴിഞ്ഞ ജൂലായിലാണ് വിക്ഷേപിച്ചത്.

പരമ്പരയിലെ രണ്ട് ഉപഗ്രഹങ്ങള്‍കൂടി ഇക്കൊല്ലം വിക്ഷേപിക്കുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ.) അറിയിച്ചു. ഇതോടെ ഐ.ആര്‍.എന്‍.എസ്.എസ്. സംവിധാനം പ്രവര്‍ത്തനക്ഷമമാവും. ബാക്കി മൂന്നെണ്ണംകൂടി വിക്ഷേപിക്കുന്നതോടെ സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിക്കുമെന്നും ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ പറഞ്ഞു.

ഇതോടെ യു.എസ്സിന്റെ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്.), റഷ്യയുടെ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഗ്ലോനാസ്) തുടങ്ങിയ സംവിധാനങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യയ്ക്ക് ഒരു പരിധിവരെ ഒഴിവാക്കാനാവും.

യുദ്ധടാങ്കുകള്‍, മിസൈലുകള്‍ തുടങ്ങിയവയുടെ നീക്കത്തിന് കൃത്യത ഉറപ്പുവരുത്തുന്നതടക്കമുള്ള പ്രതിരോധ ആവശ്യങ്ങള്‍ക്ക് നാവിഗേഷന്‍ ഉപഗ്രഹങ്ങള്‍ ഉപയോഗിക്കാനാവും. എന്നാല്‍, ഇതിനായി ഐ.ആര്‍.എന്‍.എസ്.എസ്. സംവിധാനം ഉപയോഗപ്പെടുത്തുമോ എന്ന് ഐ.എസ്.ആര്‍.ഒ. സ്ഥിരീകരിച്ചിട്ടില്ല. (ചിതം കടപ്പാട് : ISRO )

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close