ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് ഇന്ന് തുടക്കം

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് വ്യാഴാഴ്ച ഓള്‍ഡ് ട്രാഫോഡ് ഗ്രൗണ്ടില്‍ തുടക്കമാവുമ്പോള്‍ ഇരു ടീമുകളും ലക്ഷ്യമാക്കുന്നത് വിജയമാണ്. ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് സമനിലയില്‍ നില്‍ക്കെ, പരമ്പരയുടെ ഫലം തീരുമാനിക്കുന്നതില്‍ ഈ ടെസ്റ്റിന് നിര്‍ണായക പ്രാധാന്യമുണ്ട്. ഈ ടെസ്റ്റ് ജയിക്കുന്ന ടീമിന് അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ പരാജയപ്പെടില്ലെന്ന് ഉറപ്പാക്കാം.

മൂന്നാം ടെസ്റ്റിലെ പരാജയത്തിന്റെ വെളിച്ചത്തില്‍ ഇന്ത്യ പ്ലേയിങ് ഇലവനില്‍ മാറ്റത്തിന് മുതിര്‍ന്നേക്കുമെന്നാണ് സൂചന. മൂന്നാം ടെസ്റ്റില്‍ നാല് സ്‌പെഷലിസ്റ്റ് ബൗളര്‍മാരുമായാണ് ഇന്ത്യ കളിച്ചത്. ഒരു അധിക ബാറ്റ്‌സ്മാനെ, രോഹിത് ശര്‍മയെ ഉള്‍പ്പെടുത്തുന്നതിനായിരുന്നു ഇന്ത്യ ഇങ്ങനെ ചെയ്തത്. പക്ഷെ, രണ്ടിന്നിങ്ങ്‌സിലും വലിയ സ്‌കോര്‍ കണ്ടെത്താന്‍ ഇന്ത്യക്ക് കഴിയാതെ പോയി. ഈ സാഹചര്യത്തില്‍ ശര്‍മയെ ഒഴിവാക്കി ഓഫ് സ്പിന്നര്‍ അശ്വിനെ കളിപ്പിച്ചേക്കുമെന്നാണ് സൂചന.

ഇതുവരെ കളിച്ച മൂന്ന് ടെസ്റ്റിലും വലിയ സ്‌കോര്‍ കണ്ടെത്താന്‍ കഴിയാതെ പോയ ഓപ്പണര്‍ ശിഖര്‍ ധവാനെയും ഒവിവാക്കിയേക്കും. അങ്ങനെയാണെങ്കില്‍ രണ്ടു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ഗൗതം ഗംഭീറിന് ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരവിന് അവസരമൊരുങ്ങും. പരിചയസമ്പന്നനായ ഗംഭീറിന്റെ സാന്നിധ്യം ഇന്ത്യന്‍ ബാറ്റിങ്ങിന് ആഴം നല്‍കുമെന്നുതന്നെ പ്രതീക്ഷിക്കണം. എന്നാല്‍ മുരളിക്കൊപ്പം ചേതേശ്വര്‍ പുജാരയെ ഓപ്പണ്‍ ചെയ്യിച്ച് രോഹിതിനെ ടീമില്‍ നിലനിര്‍ത്തണമോയെന്ന ആലോചനയും നടക്കുന്നുണ്ട്.

കാല്‍പാദത്തിന് പരിക്കേറ്റ ഭുവനേശ്വര്‍ കുമാര്‍ ഫിറ്റ്‌നസ് വീണ്ടെടുത്തുവെന്നതാണ് ശുഭവാര്‍ത്ത. അതേസമയം മൂന്നാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുകയും ഒരു വിക്കറ്റ് പോലും ലഭിക്കാതിരിക്കുകയും ചെയ്ത പങ്കജ് സിങ്ങിന് സ്ഥാനം നഷ്ടമായേക്കും. വരുണ്‍ ആറോണ്‍ ആയിരിക്കും പകരക്കാരന്‍. ആരോണിന്റെ ബൗളിങ് സീം ബൗളിങ്ങിനെ തുണയ്ക്കുന്ന ഇംഗ്ലീഷ് വിക്കറ്റുകളില്‍ ഫലപ്രദമാവുമെന്നാണ് കണക്കുകൂട്ടല്‍.

മൂന്നാം ടെസ്റ്റില്‍ കളിച്ച ടീമില്‍നിന്ന് ഇംഗ്ലണ്ട് കാര്യമായ മാറ്റം വരുത്തില്ലെന്നാണ് സൂചന.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close