ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഇന്നുമുതല്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് വ്യാഴാഴ്ച ലോര്‍ഡ്‌സില്‍ തുടക്കം കുറിക്കും. അവസാന കൂട്ടുകെട്ടുകളും വാലറ്റക്കാരും ആശ്ചര്യപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ച ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയായിരുന്നു. നോട്ടിങ്ങാമിലെ ടെന്റ്ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റിലെ ഇലവനെത്തന്നെ ഇരു ടീമുകളും രണ്ടാം ടെസ്റ്റിനും അണിനിരത്തുമെന്നാണ് സൂചന.

ഒന്നാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജയെ തള്ളുകയും ചീത്തവിളിക്കുകയും ചെയ്ത ഫാസ്റ്റ്ബൗളര്‍ ജയിംസ് ആന്‍ഡേഴ്‌സണെതിരെ ഇന്ത്യ നല്കിയ പരാതിയില്‍ ഗുരുതര തെറ്റിനുള്ള ലെവല്‍-3 കുറ്റം ചാര്‍ത്തിയത് രണ്ടാം മത്സരത്തെ സംഘര്‍ഷപൂരിതമാക്കുന്നുണ്ട്. ഇത്തരം തെറ്റ് തെളിഞ്ഞാല്‍ കടുത്ത ശിക്ഷയാവും ഫലം.

സെഞ്ച്വറികള്‍ നേടിയ മുരളി വിജയ് (146), ജോ റൂട്ട് (154*) എന്നിവരും അഞ്ച് വിക്കറ്റും രണ്ടിന്നിങ്‌സിലും അര്‍ധശതകം നേടിയ ഭുവനേശ്വര്‍ കുമാറും (58, 63*) ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സില്‍ അവസാന വിക്കറ്റില്‍ പിറന്ന ലോക റെക്കോഡ് (198 റണ്‍സ്) പ്രകടനവും മാന്‍ ഓഫ് ദ മാച്ച് ജയിംസ് ആന്‍ഡേഴ്‌സന്റെ ഓള്‍റൗണ്ട് പ്രകടനവും (81 റണ്‍സ്, രണ്ടിന്നിങ്‌സിലുമായി നാല് വിക്കറ്റ്) ഒന്നാം ടെസ്റ്റിനെ സംഭവബഹുലമാക്കിയിരുന്നു. മത്സരം പുരോഗമിക്കുംതോറും ബാറ്റിങ് സുഗമമാവുന്ന കാഴ്ച ശുഭകരമല്ലെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞ സാഹചര്യത്തില്‍ ജീവനുള്ള പിച്ചുകള്‍ മാത്രമേ, കാണികളെ തൃപ്തിപ്പെടുത്തൂ. ഇന്ത്യയിലെപ്പോലുള്ള പിച്ചുകള്‍ മത്സരത്തിനുപയോഗിക്കുന്നതിനെച്ചൊല്ലിയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ആദ്യ ടെസ്റ്റില്‍ ഇന്ത്യ മികച്ച റെക്കോഡുള്ള സ്പിന്നര്‍ ആര്‍. അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതും ഇംഗ്ലണ്ട് ഒരു സ്പിന്നര്‍ക്കുപോലും ടീമിലിടം കൊടുക്കാതിരുന്നതും അപ്രതീക്ഷിതമായിരുന്നു. സ്റ്റ്യുവര്‍ട്ട് ബിന്നിക്ക് അരങ്ങേറ്റത്തിന് അവസരം നല്കിയ ഇന്ത്യ രണ്ടാം ടെസ്റ്റിലും അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്തുമെന്നാണ് സൂചന.

ഇന്ത്യ വിദേശത്ത് ഒരു ടെസ്റ്റ് ജയിച്ചത് 2011-ല്‍ കിങ്സ്റ്റണില്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ്. പിന്നീടുനടന്ന 15 വിദേശ ടെസ്റ്റുകളില്‍ ഒന്നുപോലും ജയിക്കാനായിട്ടില്ല. ഇന്ത്യ ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിക്കുന്ന യുവതാരം വിരാട് കോലിക്ക് ലോര്‍ഡ്‌സില്‍ ആദ്യ ടെസ്റ്റാണ് വ്യാഴാഴ്ചത്തേത്. അതേസമയം, ലോര്‍ഡ്‌സില്‍ ഇയാന്‍ ബെല്ലിന്റെ മികച്ച റെക്കോഡ് ഇംഗ്ലണ്ടിന് വീര്യം പകരുന്നു. പക്ഷേ, ലോര്‍ഡ്‌സ് പിച്ചിന്റെ നിലവാരം താഴ്ന്നുവോ എന്ന ആശങ്ക നിലനില്ക്കുന്നുണ്ട്. ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മില്‍ ഇവിടെ നടന്ന അവസാന മത്സരത്തില്‍ വേണ്ടത്ര സ്വിങ്ങും ബൗണ്‍സും ഉണ്ടായിരുന്നില്ലെന്ന ആക്ഷേപമുയര്‍ന്നിരുന്നു. തുടക്കത്തില്‍ പേസര്‍മാര്‍ക്കും അവസാന ദിവസങ്ങളില്‍ സ്പിന്നര്‍മാര്‍ക്കും ആനുകൂല്യം നല്കുന്ന സ്വഭാവമാണ് ലോര്‍ഡ്‌സ് പിച്ചിനുള്ളത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close