ഇന്ത്യ ഇന്നിങ്‌സിനും 54 റണ്‍സിനും അടിയറവ് പറഞ്ഞു

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാംദിനംതന്നെ ഇന്ത്യ ഇന്നിങ്‌സിനും 54 റണ്‍സിനും അടിയറവ് പറഞ്ഞു. 215 റണ്‍സ് കടവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 161 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ടാംദിനം മുക്കാല്‍ സമയവും അപഹരിച്ച മഴയോടു നന്ദി പറയാം. തോല്‍വി കുറച്ചെങ്കിലും വൈകിച്ചല്ലോ. ഇംഗ്ലണ്ടിനായി മൊയീന്‍ അലി നാല് വിക്കറ്റെടുത്തു. ബാറ്റിങ്ങിനിടെ വരുണ്‍ ആരോണിന്റെ പന്ത് നെറ്റിയില്‍ കൊണ്ടു പരുക്കേറ്റ ബ്രോഡിനെ കൂടാതെയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്.
സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്‌സ്-152, ഇംഗ്ലണ്ട്-367. ഇന്ത്യ രണ്ടാം ഇന്നിങ്‌സ്-161ന് എല്ലാവരും പുറത്ത്.

ആദ്യ ഇന്നിങ്‌സിലെ ദുരനുഭവങ്ങള്‍ ഉലച്ചുകളഞ്ഞ മനസ്സുമായാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വീണ്ടും ബാറ്റിങ്ങിനിറങ്ങിയത്. ബ്രോഡിനു പകരം ക്രിസ് വോക്‌സാണ് ആന്‍ഡേഴ്‌സണൊപ്പം ഇംഗ്ലണ്ടിന്റെ ബൗളിങ് തുടങ്ങിയത്. സൂക്ഷ്മതയോടെ സ്‌കോറിങ് തുടങ്ങിയ ഓപ്പണര്‍മാര്‍ പത്ത് ഓവര്‍വരെ പിടിച്ചുനിന്നു. വോക്‌സിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി മുരളി വിജയ് തകര്‍ച്ചയ്ക്കു തുടക്കമിട്ടു. പത്ത് ഓവര്‍ കൂടി പിന്നിട്ടപ്പോഴേക്കും ഗംഭീറും വീണു.

ആന്‍ഡേഴ്‌സന്റെ പന്തില്‍ ബട്‌ലറിനു ക്യാച്ച്. തുടര്‍ന്നങ്ങോട്ട് ആദ്യ ഇന്നിങ്‌സിന്റെ തനിയാവര്‍ത്തനമായിരുന്നു. സ്‌കോര്‍ ബോര്‍ഡിലേക്കു ഒരു റണ്‍പോലും കൂട്ടിച്ചേര്‍ക്കുന്നതിനു മുന്‍പ് അലിയുടെ പന്തില്‍ എല്‍ബിയായി പൂജാര മടങ്ങി. സ്‌കോര്‍ 61ല്‍ എത്തി നില്‍ക്കെ അതിന്റെ ആവര്‍ത്തനമായി ഒരേ സ്‌കോറില്‍ തന്നെ രഹാനെയും കോഹ്‌ലിയും പുറത്ത്. കളത്തിലും പുറത്തും തോല്‍വി തുടരുന്ന ജഡേജയും അഞ്ചു റണ്‍സിന്റെ ഇടവേളയില്‍ മടങ്ങിയതോടെ ഇന്ത്യ ഇന്നിങ്‌സ് തോല്‍വിയുടെ പടിവാതില്‍ക്കലെത്തി. ക്യാപ്റ്റന്‍ ധോണിയും ടോപ് സ്‌കോറര്‍ അശ്വിനും പിന്നീടു പൊരുതി നോക്കിയെങ്കിലും അനിവാര്യമായ പതനം അകന്നുപോയില്ല.

മൂന്നാംദിനം ആറിന് 237 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് 130 റണ്‍സ്‌കൂടി ചേര്‍ത്തതിനുശേഷമാണ് ഒന്നാം ഇന്നിങ്‌സില്‍ എല്ലാവരും പുറത്തായത്. ജോ റൂട്ടിന്റെയും(77) ജോസ് ബട്‌ലറിന്റെയും(70) അര്‍ധ സെഞ്ചുറികളാണ് ഇംഗ്ലണ്ടിനു മുന്‍തൂക്കം നല്‍കിയത്. ഏഴാം വിക്കറ്റില്‍ ഇവര്‍ 137 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പുതുമുഖതാരം പങ്കജ് സിങ്ങാണു രണ്ടുപേരെയും മടക്കിയത്. വരുണ്‍ ആരോണിന്റെ പന്ത് മുഖത്തുകൊണ്ടു സ്റ്റുവര്‍ട്ട് ബ്രോഡ് കളി മതിയാക്കി മടങ്ങി.
ചോരയൊലിപ്പിക്കുന്ന മുഖവുമായി ക്രീസ് വിട്ട ബ്രോഡ് പിന്നീട് കളിക്കിറങ്ങിയില്ലെങ്കിലും മാന്‍ ഓഫ് ദ് മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close