ഇന്ത്യ ഇന്നിറങ്ങും

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കടുത്ത പോരാട്ടത്തിന്റെ ചൂടിലേക്കിറങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കമാകും. താരതമ്യേന പരിചയസമ്പത്തു കുറഞ്ഞ താരനിരയാണ് ഇന്ത്യയുടേതെന്നതിനാല്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. ബോളിങ്ങിലാണ് ഇന്ത്യയുടെ പോരായ്മ. അതു ബാറ്റിങ്ങിലൂടെ മറികടക്കാനാണു ശ്രമം. ധോണി നയിക്കുന്ന സംഘത്തില്‍ ശിഖര്‍ ധവാനും രവീന്ദ്ര ജഡേജയും ഗൌതം ഗംഭീറും അജിങ്ക്യ രഹാനെയുമൊക്കെ ഉണ്ടെങ്കിലും വിരാട് കോഹ് ലിയും ചേതേശ്വര്‍ പൂജാരയുമാകും ബാറ്റിങ്ങിന്റെ നട്ടെല്ല്. ഇരുവരുടേയും പ്രകടനം പരമ്പരയുടെ വിധിനിര്‍ണയത്തില്‍ ഏറെ നിര്‍ണായകമാകും.

സച്ചിന്‍-ദ്രാവിഡ് സഖ്യത്തിന്റെ കരുത്തും പൂര്‍ണതയും ഇന്ത്യയ്ക്കു നല്‍കേണ്ട ഭാവിസഖ്യമായാണ് കോഹ്ലി-പൂജാര കൂട്ടുകെട്ട് വിലയിരുത്തപ്പെടുന്നത്. രണ്ടുവര്‍ഷം മുന്‍പ് ഇംഗ്ലിഷ് ടീം ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ കോഹ്ലിയായിരുന്നു അവരുടെ പ്രധാന ഇര. കോഹ്ലിയെ കുടുക്കാനുള്ള എല്ലാ കെണികളും അന്ന് ഇംഗ്ലണ്ട് ഒരുക്കിയിരുന്നു. ഏറെക്കുറെ അവര്‍ വിജയിക്കുകയും ചെയ്തു. നാലു ടെസ്റ്റുകളില്‍ കോഹ്ലിക്കു നേടാനായത് 188 റണ്‍സാണ്. എന്നാല്‍ പിന്നീടിങ്ങോട്ട് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത മികവുറ്റ ക്രിക്കറ്ററുടെ സ്ഥാനത്തേക്ക് കോഹ്ലി വളര്‍ന്നുകഴിഞ്ഞു. കോഹ്ലി പതറിയ അതേ സീരീസില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ താരമാണ് പൂജാര. നാലു ടെസ്റ്റുകളില്‍ 438 റണ്‍സാണ് നേടിയത്. മുംബൈയില്‍ ഇരട്ടസെഞ്ചുറി നേടുകയും ചെയ്തു. ബോളിങ്ങില്‍ ഇഷാന്ത് ശര്‍മയാണ് സീനിയര്‍ താരം. ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ആരോണ്‍, മുഹമ്മദ് ഷാമി എന്നിവരൊക്കെയുണ്ടെങ്കിലും അശ്വിന്റെ പ്രകടനമാകും നിര്‍ണായകം.

ലെയ്സെസ്റ്റര്‍ഷെയറിനെതിരെയും ഡര്‍ബിഷെയറിനെതിരെയും രണ്ടും സന്നാഹമല്‍സരങ്ങള്‍ കളിച്ച് ടെസ്റ്റ് പരമ്പരയ്ക്ക് മനസ്സൊരുക്കിക്കഴിഞ്ഞ ഇന്ത്യയ്ക്ക് ടെസ്റ്റ് റാങ്കിങ്ങില്‍ മുന്നിലെത്താനുള്ള അവസരവുമുണ്ട്. 102 റാങ്കിങ് പോയിന്റോടെ നാലാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് പരമ്പര ജയിച്ചാല്‍ മൂന്നാംസ്ഥാനത്തേക്കു കയറാം. നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനും മികച്ച വിജയം മുന്നോട്ടുള്ള വഴി തെളിക്കും.

. മല്‍സരക്രമം
ആദ്യ ടെസ്റ്റ്: 9 മുതല്‍ 13 വരെ (നോട്ടിങ്ങാം)
രണ്ടാം ടെസ്റ്റ്: 17-21 (ലോര്‍ഡ്സ്)
മൂന്നാം ടെസ്റ്റ്: 27-31 (സതാംപ്ടണ്‍)
നാലാം ടെസ്റ്റ്: ഓഗസ്റ്റ് 7-11 (മാഞ്ചസ്റ്റര്‍)
അഞ്ചാം ടെസ്റ്റ്: 15-19 (ഓവല്‍)

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close