ഇന്ത്യ ഇന്ന് ചാമ്പ്യന്‍മാര്‍ക്കെതിരെ രണ്ടാം അങ്കത്തിനിറങ്ങും

ind wi

ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ ടെന്‍ റൗണ്ടില്‍ ഞായറാഴ്ച നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് പ്രതീക്ഷ സ്പിന്നര്‍മാരില്‍. പൊതുവേ കരീബിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ സ്പിന്നര്‍മാരെ കളിക്കുന്നതില്‍ അത്ര കേമരെല്ലെന്ന വിശ്വാസവും മിര്‍പുറിലെ വിക്കറ്റ് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണെന്നതുമാണ് ഈ പ്രതീക്ഷകള്‍ക്ക് ആധാരം. ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചത് സ്പിന്‍ മികവിലായിരുന്നു. എന്നാല്‍, സ്പിന്നര്‍മാരെയും പേസര്‍മാരെയും ഒരേ പോലെ കൈകാര്യം ചെയ്യുന്ന ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിന്റെ സാന്നിധ്യം നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസിന് നല്‍കുന്ന മുന്‍തൂക്കം ആര്‍ക്കും അവഗണിക്കാനാവില്ല. ടി 20 ക്രിക്കറ്റിലെ ഏറ്റവും ആപത്കാരിയായ ബാറ്റ്‌സ്മാനാണ് ഗെയ്ല്‍. ഗെയ്‌ലിനെ മികച്ച ഫോമിലുള്ള അമിത് മിശ്രയുടെ ലെഗ് സ്പിന്നില്‍ കുരുക്കാന്‍ കഴിയുമെന്നാണ് ഇന്ത്യന്‍ പ്രതീക്ഷ.

ആദ്യ മത്സരത്തില്‍ പാകിസ്താനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. ഈ മത്സരം കൂടി ജയിക്കാനായാല്‍ രണ്ടാം ഗ്രൂപ്പില്‍ നിന്ന് സെമിയിലേക്കുള്ള പ്രയാണം കുറേക്കൂടി എളുപ്പമാവും. പിന്നെ അവശേഷിക്കുന്ന പ്രതിയോഗികളില്‍ ഒന്ന് ബംഗ്ലാദേശാണെന്നതാണ് ഈ ചിന്തയ്ക്ക് ആധാരം. സ്പിന്നര്‍മാരില്‍ മിസ്രയും ജഡേജയും ആദ്യ മത്സരത്തില്‍ മികവുപുലര്‍ത്തി. മിര്‍പുറിലെ വിക്കറ്റില്‍ എങ്ങനെ ബൗള്‍ ചെയ്യണമെന്ന് അവര്‍ക്കറിയാം. പക്ഷേ, ഒന്നോര്‍ക്കണം സുനില്‍ നരേന്‍ എന്ന ലോകോത്തര ഓഫ് സ്പിന്നര്‍ അവരുടെ നിരയിലുണ്ട്. ഡ്വയ്ന്‍ ബ്രാവോയും മര്‍ലോണ്‍ സാമുവല്‍സും വലിയ സ്‌ട്രോക്കുകള്‍ കളിക്കുന്നതില്‍ ഗെയ്‌ലിനൊപ്പം പോന്നവരാണ്.

ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ ടി 20 സ്‌പെഷ്യലിസ്റ്റായ റെയ്‌നയും ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ വിരാട് കോലിയും ഫോമിലാണെന്ന് കഴിഞ്ഞ മത്സരം തെളിയിച്ചതാണ്. ഇനിയും ഫോമിലെത്താത്ത യുവരാജ് സിങ്ങിനെ അവസാന ഇലവനില്‍നിന്ന് ഒഴിവാക്കിയേക്കും. പകരം അചിന്‍ക്യ രഹാനെയ്ക്കാണ് സാധ്യത.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close