ഇന്ത്യ-പാക് സെക്രട്ടറിതല ചര്‍ച്ച റദ്ദാക്കി

കശ്മീര്‍ വിഘടനവാദികളുമായി ഡല്‍ഹിയില്‍ പാക് സ്ഥാനപതി കൂടിക്കാഴ്ച നടത്തിയതിനെത്തുടര്‍ന്ന് പാകിസ്താനുമായുള്ള സെക്രട്ടറിതല ചര്‍ച്ചകളില്‍നിന്ന് ഇന്ത്യ പിന്‍വാങ്ങി. ആഗസ്ത് 25-ന് ഇസ്ലാമാബാദില്‍ പാകിസ്താന്‍ വിദേശകാര്യസെക്രട്ടറി എയ്‌സാസ് ചൗധരിയുമായി ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചകളാണ് റദ്ദാക്കിയത്.

ഡെമോക്രാറ്റിക്ക് ഫ്രീഡം പാര്‍ട്ടി നേതാവ് ഷബീര്‍ ഷായുമായിട്ടാണ് പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് കൂടിക്കാഴ്ച നടത്തിയത്. സെക്രട്ടറിതല ചര്‍ച്ചകള്‍ക്ക് മുന്നോടിയായി കശ്മീര്‍ ഹൂറിയത്ത് കോണ്‍ഫ്രന്‍സ് നേതാക്കളായ മിര്‍വായിസ് ഉമര്‍ഫാറൂഖ്, സയ്യിദ് അലി ഷാ ഗീലാനി, ജെ.കെ.എല്‍.എഫ്. ചെയര്‍മാന്‍ മുഹമ്മദ് യാസിന്‍ മാലിക്ക് എന്നിവരെയും പാക് സ്ഥാനപതി ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു.
ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടണമെന്ന് പാകിസ്താനും അവിടത്തെ ചില കേന്ദ്രങ്ങള്‍ക്കും ആഗ്രഹമില്ലെന്നതിന്റെ തെളിവാണ് സ്ഥാനപതിയുടെ നടപടിയെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. നിയന്ത്രണരേഖയിലെ അതിക്രമങ്ങള്‍ പാകിസ്താന്‍ മനപ്പൂര്‍വം ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

ചുമതലയേറ്റ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച നയതന്ത്രനീക്കങ്ങളെ തകര്‍ക്കുന്നതാണ് വിഘടനവാദികളുമായുള്ള കൂടിക്കാഴ്ചയെന്ന് വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യ ഗൗരവമായ നീക്കങ്ങള്‍ നടത്തുമ്പോള്‍ ഹൂറിയത്ത് നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ച പാകിസ്താന്റെ ഉദ്ദേശ്യങ്ങളെ സംശയത്തോടെയാണ് കാണുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

വിഘടനവാദികളുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് വിദേശകാര്യസെക്രട്ടറി സുജാതാസിങ് പാകിസ്താന്‍ സ്ഥാനപതിയെ വിളിച്ചിരുന്നു. ഒന്നുകില്‍ ഇന്ത്യയുമായോ അല്ലെങ്കില്‍ വിഘടനവാദികളുമായോ ചര്‍ച്ച നടത്തണമെന്ന് വിദേശകാര്യസെക്രട്ടറി വ്യക്തമാക്കി. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലുള്ള ഇടപെടല്‍ അനുവദിക്കില്ലെന്നും അവര്‍ സ്ഥാനപതിയെ അറിയിച്ചു. തുടര്‍ന്നാണ് വിദേശസെക്രട്ടറിയുടെ പാകിസ്താന്‍ സന്ദര്‍ശനം റദ്ദാക്കുകയാണെന്ന് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചത്. സിംല കരാറിന്റെയും ലാഹോര്‍ പ്രഖ്യാപനത്തിന്റെയും അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പാകിസ്താന്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

നിയന്ത്രണരേഖയിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് രണ്ടുകൊല്ലംമുമ്പാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനെത്തുടര്‍ന്ന് പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് നടത്തിയ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് പാകിസ്താന്റെ നടപടി.

സര്‍ക്കാറിന് പാകിസ്താന്റെ കാര്യത്തില്‍ വ്യക്തമായ നയമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി കുറ്റപ്പെടുത്തി. വരുംദിവസങ്ങളില്‍ വന്‍ സുരക്ഷാപ്രശ്‌നമായി ഇത് മാറുമെന്ന് അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാര്‍ രൂപവത്കരണത്തിന് മുമ്പുതന്നെ പാക് പ്രധാനമന്ത്രിയെ സത്യപ്രതിജ്ഞയ്ക്ക് വിളിച്ചത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടയ്ക്ക് 11 തവണയിലധികം നിയന്ത്രണരേഖ പാകിസ്താന്‍ ലംഘിച്ചത് കോണ്‍ഗ്രസ് രാഷ്ട്രീയവിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു.

അതേസമയം, സര്‍ക്കാര്‍തീരുമാനത്തെ ന്യായീകരിച്ച് ബി.ജെ.പി. രംഗത്തെത്തി. ചര്‍ച്ചകള്‍ റദ്ദാക്കിയത് പാകിസ്താന് ശക്തമായ സന്ദേശം നല്‍കുന്നതിന്റെ ഭാഗമാണ്. ചര്‍ച്ചയും ഭീകരതയും ഒന്നിച്ചുപോകില്ലെന്ന് ബി.ജെ.പി. നേതാവ് എസ്.എന്‍. സിങ് വ്യക്തമാക്കി. കശ്മീര്‍പ്രശ്‌നം പരിഹരിക്കുന്നതിന് ത്രികക്ഷിചര്‍ച്ചയാണ് വേണ്ടതെന്ന് വിഘടനവാദിനേതാവ് ഷബീര്‍ ഷാ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close