ഇന്ധനവില കൂടി, പെട്രോളിന് 1.69 രൂപയും ഡീസലിന് 50 പൈസയുമാണ് കൂടിയത് പുതുക്കിയ വില നിലവില്‍ വന്നു

പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടി. പെട്രോളിന് ലിറ്ററിന് 1.69 രൂപയും ഡീസലിന് 50 പൈസയുമാണ് കൂട്ടിയത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ അസംകൃത എണ്ണവില ബാരലിന് 113 ഡോളര്‍ കടന്നതോടെയാണ് എണ്ണകമ്പനികള്‍ വിലകൂട്ടിയത്. രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവുണ്ടാവുകയും ചെയ്തു. ഒരു ലിറ്റര്‍ പെട്രോളിന് 1.69 പൈസ കൂട്ടിയതോടെ നികുതിയടക്കം രണ്ടു മുതല്‍ മൂന്നു രൂപയുടെ വര്‍ദ്ധന നിലവിലെ വിലയില്‍ ഉണ്ടാകും. ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ മൂന്നു രൂപ 40 പൈസയുടെ നഷ്ടമാണ് നേരിടുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇറാഖ് പ്രതിസന്ധിയുടെ പശ്ചാതലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വരുദിവസങ്ങളിലും കൂടാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ പെട്രോള്‍ വില ഇനിയും കൂടും. ഡീസലിന് 50 പൈസയാണ് കൂട്ടിയിരിക്കുന്നത്. സബ്‌സിഡി ഒഴിവാക്കുന്നതിന് വേണ്ടിയുള്ള പ്രതിമാസ വര്‍ദ്ധനയാണിത്.

അന്താരാഷ്ട്ര വിപണിയിലെ എണ്ണവില കയറ്റം രാജ്യത്തെ ബാധിക്കാതിരിക്കാന്‍ എക്‌സൈസ് തീരുവ കേന്ദ്ര സര്‍ക്കാര് കുറച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ എക്‌സൈസ് തീരുവ കുറച്ചാലും വില കൂട്ടേണ്ട സാഹചര്യം ഒഴിവാക്കാനാകില്ലെന്നും എണ്ണകമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില കൂട്ടുന്നകാര്യവും കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുണ്ട്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്ന് സര്‍ക്കാര്‍ ഒരുവശത്ത് പ്രഖ്യാപിക്കുമ്പോഴാണ്, വിലക്കയറ്റം അതിരൂക്ഷമാക്കുന്ന തീരുമാനങ്ങള്‍ മറുവശത്ത് സര്‍ക്കാര്‍ അനുമതിയോടെ തന്നെ എണ്ണകമ്പനികള്‍ എടുക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close