ഇന്ധനവില കൂട്ടാനുള്ള തീരുമാനം മാറ്റിവച്ചു

lpgas

മണ്ണെണ്ണയുടേയും പാചകവാതകത്തിന്റെയും വില കൂട്ടാന്‍ ആലോചിച്ചിട്ടില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍. പ്രകൃതിവാതകത്തിന്റെ വില തല്‍ക്കാലം കൂട്ടില്ലെന്നും ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച വേണമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതിയാണ് തീരുമാനം കൈക്കൊണ്ടത്.  ഇന്ധനവില വര്‍ധിപ്പിക്കാനുള്ള തീരുമാനം മൂന്ന് മാസത്തേക്കാണ് കേന്ദ്രം നീട്ടിവെച്ചത്. മൂന്ന് മാസത്തേക്ക് പ്രകൃതിവാതകത്തിന്റെ നിരക്ക് 4.2 ഡോളറായിരിക്കും. ഈ മേഖലയിലുള്ളവരുമായി നടത്തുന്ന ചര്‍ച്ചക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക എന്നും മന്ത്രി അറിയിച്ചു.

പാചകവാതകത്തിന്റെ സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കുന്നതിന്റെ ഭാഗമായി പ്രതിമാസം അഞ്ചു രൂപയും മണ്ണെണ്ണയ്ക്ക് ഒരു രൂപയും കൂട്ടാനായിരുന്നു പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ. എന്നാല്‍ റെയില്‍വെ നിരക്കുവര്‍ധനയെത്തുടര്‍ന്നുണ്ടായ പ്രതിഷേധം ആറും മുമ്പ്  ഇന്ധനവിലകൂടി വര്‍ധിപ്പിച്ചാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ കൂടുതല്‍ മോശമാവുമെന്ന തിരിച്ചറിവിലാണ് വിലവര്‍ധന തല്‍ക്കാലം മാറ്റിവെച്ചതെന്നാണ് സൂചന.

മണ്‍സൂണ്‍ മഴയിലെ കുറവ് കാര്‍ഷികോല്‍പ്പാദനമേഖലയിലുണ്ടാക്കിനിടയുള്ള തിരിച്ചടിക്ക് പിന്നാലെ ഇന്ധന വിലകൂടി കൂട്ടിയാല്‍ അവശ്യസാധനങ്ങളുടെ വില ഉയരുമെന്നത് സര്‍ക്കാരിനെതിരെ ജനരോഷം ഉയരാനിടയാക്കിയേക്കും. ഇതും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാധീനിച്ചതായാണ് സൂചന.

Show More

Related Articles

Close
Close